തിരുത്തിയേഴുത്തേണ്ട കരിപുരണ്ട നിയമവ്യവസ്ഥ

തിരുത്തിയേഴുത്തേണ്ട കരിപുരണ്ട നിയമവ്യവസ്ഥ

സൈബർ ആക്രമണങ്ങൾക്കിരയാകുന്ന സ്ത്രീകളടക്കമുള്ള ഇരകൾ കൈയുംകെട്ടി അടങ്ങിയിരിക്കുന്ന സമയം കഴിഞ്ഞുവെന്ന യാഥാർഥ്യം കേരളസമൂഹത്തെ അറിയിച്ച സംഭവമായിരുന്നു ഫെമിനിസ്റ്റുകളെ അധിക്ഷേപിച്ച വ്യക്‌തികളെ സ്ത്രീകൾ കൈയ്യേറ്റം ചെയ്ത സംഭവം. ഭാഗ്യലക്ഷ്മിയും ദിയാസനയും ശ്രീലക്ഷ്മി അറക്കലും നിയമത്തെ കൈയ്യെലെടുത്ത സംഭവം ന്യായികരിക്കാവുന്നതല്ലെങ്കിലും ഇവരുടെ പ്രതികരണത്തെ കേരള സമൂഹം ഒന്നാകെ പിന്തുണച്ചു. ഈ പ്രതികരണത്തെ ഇരുകൈയും അടിച്ചു കേരള സമൂഹം പ്രോത്സാഹിപ്പിച്ചു. അതെ ഈ കൈ നീട്ടലുകളും കയ്യടികളുമെല്ലാം ഏറ്റുവാങ്ങേണ്ടിയിരുന്നത് നമ്മുടെ നിയമവും നിയമപാലകരുമായിരുന്നു എന്നുള്ളത് ഏറെ വേദനയോടെ പറഞ്ഞു വയ്ക്കുമ്പോഴും നാളെകളിൽ ഈ കൈയ്യടികൾ ഏറ്റുവാങ്ങാൻ തക്കവിധം നമ്മുടെ നിയമം ഭേദഗതിചെയ്യപ്പെടണം, നമ്മുടെ നിയമപാലകർ വളരണം.. 

നിയമം കയ്യിലെടുത്തത് തെറ്റാണെന്നു സമ്മതിക്കുമ്പോഴും എന്റെ നാട്ടിലെ നിയമത്തിന് എന്നെ സംരക്ഷിക്കാൻ ആവുന്നില്ലെങ്കിൽ, നിയമങ്ങളും നിയമപാലകരും വെറും നോക്കുകുത്തികൾ മാത്രമായി മാറുമ്പോൾ, അത് കയ്യിലെടുക്കാനുള്ള അവകാശം എനിക്കില്ലേ എന്ന ചോദ്യത്തിനു ഉത്തരം നമ്മുടെ ഭരണക്കൂടങ്ങൾ നല്കണം.. നിയമത്തിനുമേൽ ആരെങ്കിലും വിജയം വരിച്ചിട്ടുണ്ടെങ്കിൽ ചുരുങ്ങിയ പക്ഷം അത് നിയമത്തിലെ അപാകതയാണ് എന്ന് സമ്മതിക്കാനും അത്തരക്കാരെ പിന്തുണച്ചില്ലെങ്കിലും അതേ നിയമത്തിന്റെ പേരും പറഞ്ഞ് ക്രൂശിക്കാതിരിക്കാനുള്ള സാമാന്യ മര്യാദ എങ്കിലും കാണിക്കണം..

  സൈബർ ക്രൈം എന്ന ഓമനപ്പേരിൽ സൈബർ ആക്രമണങ്ങൾ വർധിച്ചു വരുമ്പോൾ സ്ത്രീകൾ ഒന്നടങ്കം ഇതിൽ ക്രൂശിക്കപ്പെടുമ്പോൾ സ്ത്രീപീഡന കേസുകളുടെ അതേ തുലാസിൽ തന്നെ ഇതും അളക്കേണ്ടിയിരിക്കുന്നു. മാനസികമായും ശാരീരികമായും സ്ത്രീകൾ എന്നും പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ സമൂഹത്തിൽ എന്നാണ് അവൾക്കൊരു നിലനിൽപ്പ്??.. നിയമങ്ങൾ ദുർബലമാകുന്നത് സ്ത്രീകൾ കുറച്ചുകൂടി ശക്തി പ്രാപിക്കാൻ വേണ്ടിയാണോ??.. ചൊറിയണവും കരിയോയിലും വളരെ കുറഞ്ഞു പോയോ എന്നൊരു സംശയം മാത്രമേ ഉള്ളൂ . ദുർബലമായ സൈബർ നിയമങ്ങൾ തന്നെയാണ് ഭാഗ്യലക്ഷ്മിയെയും ദിയാസനയെയും ശ്രീലക്ഷ്മിയെയും കരിഓയിലും ചൊറിയണവുമായി വിജയൻ നായരുടെ അടുക്കൽ എത്തിച്ചത്. കൂടെ ഉണ്ടാകും സംരക്ഷിക്കും എന്ന് വാക്കല്ല സമൂഹത്തിന് വേണ്ടത്, മറിച്ച് നിയമങ്ങൾ ഉണ്ടാവണം..ഇല്ലെങ്കിൽ ഉണ്ടാക്കണം.. അത് പാലിക്കപ്പെടണം.. അതിനുള്ള ചങ്കൂറ്റവും ചാങ്കുറപ്പും വേണം നമ്മുടെ ഭരണകൂടത്തിന്.. സൈബർ ലോകത്തെ ഇരുപത്തിനാല് മണിക്കൂർ നിരീക്ഷണം ഏർപ്പെടുത്തിയതുകൊണ്ട് മാത്രം കാര്യമൊന്നുമില്ലാ.. വാദി ഇല്ലാതെ തന്നെ തെറ്റുചെയ്യുന്നവനെ പ്രതിയാക്കാൻ തക്കവിധത്തിലുള്ള നിയമഭേദഗതികൾ ആണ് ഇവിടെ ആവശ്യം.. മൂവായിരത്തിലധികം സൈബർ കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അപമാനം ഉണ്ടാക്കുന്ന പരാമർശത്തിന് കേരള പോലീസ് ആക്ടിലെ 120 ഐപിസി അനുസരിച്ചാണ് ഇപ്പോൾ കേസുകൾ എടുക്കുന്നത്. അതിൽ ഭൂരിഭാഗം പ്രതികളും സ്റ്റേഷൻ ജാമ്യം കിട്ടി രക്ഷപെടാറും ഉണ്ട് എന്നതാണ് വസ്തുത. സമൂഹത്തിലെ ഉന്നതർക്കെതിരെ വരുന്ന പരാമർശങ്ങൾക്കെതിരെ ഉടനടി നടപടി എടുക്കുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. 


മനസ്സിൻറെ വൈകൃതങ്ങളെ സാമൂഹ്യമാധ്യമങ്ങളിലൂടെ പലരും പലപ്പോഴായി പ്രകടമാക്കിയിട്ടുണ്ട്, അന്നൊക്കെയും കണ്ണടച്ച് ഇരുട്ടാക്കിയ നീതിപീഠമേ ഇന്നു മുതലെങ്കിലും നേരിന് നേരെ കണ്ണ് തുറക്കൂ... സാക്ഷരത എന്നത് എഴുത്തിലും വായനയിലും മാത്രം പോരാ മറിച്ച് നിയമ വ്യവസ്ഥയിലും വേണം.. ഉണരൂ നിയമമേ, ഇനിയൊരു വിജയനും ഉടലെടുക്കാതിരിക്കട്ടെ.. ഇല്ലെങ്കിൽ ഉശിരുള്ള യുവജനത പുതുനിയമങ്ങൾ സൃഷ്ട്ടിക്കും..

ഡെൽന & ചിഞ്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.