അന്റാര്‍ട്ടിക്കയിലെ ഓസോണ്‍ പാളികളിൽ ബ്രസീലിന്റെ മൂന്നിരട്ടി വലിപ്പമുള്ള വിള്ളല്‍; ഭൂമി നേരിടേണ്ടി വരിക വലിയ പ്രത്യാഘാതങ്ങൾ

അന്റാര്‍ട്ടിക്കയിലെ ഓസോണ്‍ പാളികളിൽ ബ്രസീലിന്റെ മൂന്നിരട്ടി വലിപ്പമുള്ള വിള്ളല്‍; ഭൂമി നേരിടേണ്ടി വരിക വലിയ പ്രത്യാഘാതങ്ങൾ

അന്റാർട്ടിക്ക: അന്റാര്‍ട്ടിക്കയ്ക്ക് മുകളിലുള്ള ഓസോണ്‍ പാളിയുടെ വിള്ളലിൽ വൻ വര്‍ധന രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. ബ്രസീലിന്റെ മൂന്നിരട്ടി വലിപ്പമാണ് നിലവില്‍ ഈ ഓസോണ്‍ പാളിയിലെ വിള്ളലിന് ഉള്ളത് അതായത് 2.6 കോടി സ്‌ക്വയര്‍ കിലോ മീറ്റര്‍. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ കോപ്പർനിക്കസ് സെന്റിനൽ 5പി ഉപഗ്രഹം പകർത്തിയ ദൃശ്യങ്ങളാണ് ശാസ്ത്രഞ്ജരെ കണ്ടെത്തലിലേക്ക് നയിച്ചത്.

വർഷങ്ങൾക്കു മുൻപ് തന്നെ കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ വടക്ക്, തെക്ക് ധ്രുവങ്ങളിലെ ഓസോൺ പാളിയിൽ വലിയ വിള്ളലുകൾ കണ്ടെത്തിയിരുന്നു. അന്നതിന്റെ വലുപ്പം ഒരു കോടിയിലധികം ചതുരശ്ര കിലോമീറ്റർ ആയിരുന്നു. പിന്നീട് 2000ൽ 2.84 കോടി ചതുരശ്ര കിലോമീറ്റർ ആയി മാറി അതിന്റെ വലുപ്പം. ഇപ്പോൾ ദക്ഷിണ ധ്രുവത്തിന് മുകളിലെ ഓസോൺ പാളിയുടെ വിള്ളൽ 2.6 കോടി ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിലാണുള്ളത്. അതുകൊണ്ട് തന്നെ അൾട്രാവയലറ്റ് കിരണങ്ങൾ അടക്കമുള്ളവ ഭൂമിയിൽ പതിക്കുന്നതിന് ഇത് കാരണമാവുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുകയും ചെയ്യും.

ഇത്ര പെട്ടെന്ന് ഈ വിള്ളലുകൾ വലുപ്പം കൂടിയതിന്റെ കാരണം എന്താണെന്ന് യൂറോപ്യൻ സ്‌പേസ് ഏജൻസിയിലെ ഗവേഷകർ വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ടോംഗയ്‌ക്ക് സമീപം നടന്ന ഭൂഗർഭ അഗ്‌നിപർവ്വത സ്‌ഫോടനം മൂലം വലിയ അളവിൽ അന്തരീക്ഷത്തിലേക്കുയർന്ന നീരാവി പോളർ സ്ട്രാറ്റോസ്‌ഫെറിക് ക്ലൗഡ് എന്ന മേഘങ്ങൾ ഉണ്ടാകാൻ കാരണമായി. ഓസോൺ പാളിയുടെ കട്ടി കുറയാൻ കരണമാകുന്ന ഒരു തരം മേഘങ്ങളാണ് പോളർ സ്ട്രാറ്റോസ്‌ഫെറിക് ക്ലൗഡ്. അതു മൂലം പാളിയിൽ വിള്ളൽ ഉണ്ടാവുകയും അന്തരീക്ഷ താപനില ഉയരുകയും ചെയ്തുവെന്നാണ് ഗവേഷകർ പറയുന്നത്.

അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന ഓസോണ്‍ പാളികള്‍ സ്ട്രാറ്റോസ്പിയറിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിയിലെ സകലജീവജാലങ്ങള്‍ക്കും ഓസോണ്‍ പാളികള്‍ സംരക്ഷണം നല്‍കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.