ഹാട്രിക്‌ നേടി നടുഭാഗം ചുണ്ടൻ‌; ആവേശമായി പുളിങ്കുന്ന് രാജീവ് ഗാന്ധി ട്രോഫി വള്ളം കളി

ഹാട്രിക്‌ നേടി നടുഭാഗം ചുണ്ടൻ‌; ആവേശമായി പുളിങ്കുന്ന് രാജീവ് ഗാന്ധി ട്രോഫി വള്ളം കളി

ആലപ്പുഴ: സിബിഎൽ പുളിങ്കുന്ന് രാജീവ് ഗാന്ധി ട്രോഫി വള്ളം കളിയിൽ യു ബി സി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടൻ‌ ഹാട്രിക് വിജയം (2.54.61 മിനിറ്റ്) നേടി. പിറവത്തും, താഴത്തങ്ങാടിയിലും ഒന്നാമതെത്തിയ അവർ പുളിങ്കുന്നിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് (ട്രോപ്പിക്കൽ ടൈറ്റൻസ്) തുഴഞ്ഞ വീയപുരത്തിനെ (2.55.42 മിനിറ്റ്) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി.

എൻസിഡിസി(മൈറ്റി ഓർസ്) തുഴഞ്ഞ നിരണം ചുണ്ടൻ(2.57.50 മിനിറ്റ്) മൂന്നാമതായി. ഹീറ്റ്‌സിൽ രണ്ടാമതെത്തിയ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലിൽ പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ഒന്നാം സ്ഥാനവും മൂന്നാമതെത്തിയ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലിൽ കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ ഒന്നാം സ്ഥാനവും നേടി. മത്സരങ്ങൾ കൃഷി മന്ത്രി പി പ്രസാദ് ഉദ്‌ഘാടനം ചെയ്തു. തോമസ് കെ തോമസ് എം എൽ എ അധ്യക്ഷനായി. മത്സര വിജയികൾക്ക് സമ്മാനദാനവും നടത്തി.

ഓഡി വളളങ്ങളുടെ മത്സരവും ഇതോടൊപ്പം നടന്നു. മത്സരത്തിൽ വിജയം കൈവരിച്ചത് ഹാനോക് സീസൺ ക്യാപ്റ്റനായ മാമ്മൂടൻ ഓഡി വള്ളമാണ്. കുന്നുമ്മ കാവാലം ബോട്ട് ക്ലബ്ബിന്റെ മാമ്മൂടൻ ഓഡി വള്ളം സ്പോൺസർ‌ ചെയ്തത് ഇപ്പോൾ അമേരിക്കയിലെ ചിക്കാ​ഗോയിൽ താമസമാക്കിയിരിക്കുന്ന കാവാലം സ്വദേശിയായ സജി കാവാലമാണ്.

ആലപ്പുഴയുടെ ജലോത്സവ വീര്യം വിളിച്ചോതുന്നതായിരുന്നു പുളിങ്കുന്നിലെ മത്സരങ്ങൾ. നിറഞ്ഞ കാണികൾക്ക് മുന്നിൽ ആവേശം ഒട്ടും ചോരാതെ ചുണ്ടൻമാർ നെട്ടായത്തിൽ കുതിച്ചു. ഒക്ടോബർ 21 ന് ആലപ്പുഴയിലെ കൈനകരിയിലാണ് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആറാം മത്സരം. ഡിസംബർ ഒമ്പതിന് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലമേളയോടെ ആ വർഷത്തെ സിബിഎൽ മത്സരങ്ങൾക്ക് കൊടിയിറങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.