അബോർഷൻ ക്ലിനിക്കുകൾക്ക് ചുറ്റും ബഫർ സോൺ; 200 മീറ്ററിനുള്ളിൽ പ്രാർത്ഥനയോ പ്രകടനമോ പാടില്ല; വിവാദ ബില്ലുമായി സ്കോട്ട്ലൻഡ്; കടുത്ത എതിർപ്പുമായി കത്തോലിക്ക സഭ

അബോർഷൻ ക്ലിനിക്കുകൾക്ക് ചുറ്റും ബഫർ സോൺ; 200 മീറ്ററിനുള്ളിൽ പ്രാർത്ഥനയോ പ്രകടനമോ പാടില്ല; വിവാദ ബില്ലുമായി സ്കോട്ട്ലൻഡ്; കടുത്ത എതിർപ്പുമായി കത്തോലിക്ക സഭ

സ്കോട്ട്ലൻഡ്: ഗർഭച്ഛിദ്ര ക്ലിനിക്കുകളുടെ 200 മീറ്റർ ചുറ്റളവിൽ പ്രകടനങ്ങളോ പ്രാർത്ഥനയോ നിരോധിക്കുന്ന നിയമം നടപ്പിലാക്കാനൊരുങ്ങി സ്കോട്ടിഷ് പാർലമെന്റ. ഗർഭച്ഛിദ്രം കൂടുതൽ സുതാര്യമാക്കാനുള്ള പാർലമെന്റിന്റെ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി കത്തോലിക്കാ സഭ രം​ഗത്ത്.

അബോർഷൻ ക്ലിനിക്കുകൾക്ക് ചുറ്റും ബഫർ സോണുകൾ തീർക്കുന്ന കരട് നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തെയും തകർക്കുമെന്ന് കത്തോലിക്ക സഭ പാർലമെന്റിന് മുന്നറിയിപ്പ് നൽകി. ഗർഭച്ഛിദ്ര ക്ലിനിക്കിന്റെ 200 മീറ്ററിനുള്ളിൽ (656 അടി) ഏതെങ്കിലും തരത്തിലുള്ള പ്രോ - ലൈഫ് ഔട്ട്റീച്ചോ പ്രകടനമോ നിയമവിരുദ്ധമാക്കുമെന്നാണ് സ്കോട്ടിഷ് പാർലമെന്റ് (എംഎസ്പി) അംഗമായ ഗില്ലിയൻ മക്കെ മുന്നോട്ടുവെക്കുന്ന പുതിയ ബില്ലിൽ പറയുന്നത്.

ഗില്ലിയൻ മക്കെയുടെ നിർദേശങ്ങൾ അസഹിഷ്ണുതയുടെ നിർവചനമാണ്. അവർ അഭിപ്രായ സ്വാതന്ത്ര്യം, മതം, മനസാക്ഷി എന്നിവയുടെ മൂല്യങ്ങളെ തകർക്കുകയും വെട്ടിക്കുറക്കുകയും ചെയ്യും. പാർലമെന്റിലെ മറ്റ് അം​ഗങ്ങൾ അദേഹത്തെ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നെന്ന് സ്കോട്ട്ലൻഡിലെ കത്തോലിക്കാ സഭ വക്താവ് പറഞ്ഞു.

സ്‌കോട്ട്‌ലൻഡിലെ നിയമം അനുസരിച്ച് ഗർഭച്ഛിദ്രത്തെക്കുറിച്ച് ചിന്തിക്കുന്ന ഒരു സ്ത്രീയെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് നിയമ വിരുദ്ധമാണ്, ഇത് നിശബ്ദ പ്രാർത്ഥനയെ ഫലപ്രദമായി കുറ്റകരമാക്കും. ബഫർ സോണിനുള്ളിലെ കെട്ടിടങ്ങൾക്കും നിയമം ബാധകമായതിനാൽ താമസക്കാർക്ക് അവരുടെ വീടനുള്ളിലെ ജനലുകളിൽ പോലും ഒരു പ്രോ-ലൈഫ് പോസ്റ്റർ പ്രദർശിപ്പിക്കാൻ കഴിയില്ല.

ഈ ബിൽ നിയമമായാൽ ലോകത്തിലെ ഏറ്റവും തീവ്രമായ ബഫർ സോൺ നിയമം സ്കോട്ട്ലൻഡിലെ ആയിരിക്കുമെന്ന് റൈറ്റ് ടു ലൈഫ് യുകെ സംഘടന വക്താവ് കാതറിൻ റോബിൻസൺ പറഞ്ഞു. ഇത് സാധാരണക്കാരുടെ വീടുകളിലേക്ക് എത്തുന്ന ക്രൂരമായ നിയമനിർമ്മാണമാണ്. നിയമ നിർമ്മാണത്തിന്റെ ഫലമായി പ്രായോഗിക സഹായം ആവശ്യമുള്ള ഗർഭിണികൾക്ക് ഇത് നിഷേധിക്കപ്പെടുമെന്നും കൂടുതൽ കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെടുമെന്നും റോബിൻസൺ ആശങ്ക പ്രകടിപ്പിച്ചു. സ്കോട്ടിഷ് പാർലമെന്റ് നിലവിൽ അവധിയിലാണ്, അതിനാൽ ബിൽ അടുത്തതായി എപ്പോൾ ചർച്ചചെയ്യപ്പെടുമെന്നോ വോട്ടുചെയ്യുമെന്നോ ഇതുവരെ അറിവായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.