ന്യൂയോര്‍ക്ക്: ഗാസ പിടിച്ചടക്കാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും എന്നാല്‍ ഹമാസ് ഭീകരത ഇല്ലാതാക്കാന്‍ ആവശ്യമുള്ളതെല്ലാം ചെയ്യുമെന്നും ഇസ്രയേല്‍. ഗാസ അധിനിവേശം വലിയ അബദ്ധമായിരിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിനോട് പ്രതികരിക്കുകയായിരുന്നു യു.എന്നിലെ ഇസ്രയേല്‍ സ്ഥാനപതി ഗിലാഡ് എര്‍ദാന്‍.
ഗാസ അധിനിവേശത്തിന് ഇസ്രയേല്‍ തയ്യാറാടെക്കുന്നുവെന്ന സൂചനകള്‍ക്കിടെയായിരുന്നു ജോ ബൈഡന്റെ മുന്നറിയിപ്പ്. ഹമാസിനെ പാലസ്തീന്‍ ജനത മുഴുവനും അംഗീകരിക്കുന്നില്ലെന്നും ഗാസയില്‍ ഇസ്രയേല്‍ അധിനിവേശം നടത്തുന്നത് വലിയ അബദ്ധമായിരിക്കുമെന്നുമായിരുന്നു ബൈഡന്റെ പ്രസ്താവന.
'ഞങ്ങള്‍ക്ക് ഗാസ പിടിച്ചെടുക്കാനോ അവിടെ തുടരാനോ താല്‍പര്യമില്ല, പക്ഷേ, ഞങ്ങള്‍ ഞങ്ങളുടെ നിലനില്‍പ്പിനായി പോരാടുന്നതിനാല്‍, ബൈഡന്‍ അഭിപ്രായപ്പെട്ടതു പോലെ ഹമാസിനെ തുടച്ചു നീക്കുക എന്നതാണ് ഏക മാര്‍ഗം. അതിനാല്‍ ആവശ്യമായതെല്ലാം ചെയ്യേണ്ടി വരും. അവരുടെ എല്ലാ ശേഷിയും ഇല്ലാതാക്കും'- ഗിലാഡ് എര്‍ദാന്‍ പറഞ്ഞു.
സംഘര്‍ഷം അവസാനിച്ചതിന് ശേഷം ഗാസയില്‍ തുടരാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് അമേരിക്കയിലെ ഇസ്രയേല്‍ സ്ഥാനപതി മൈക്കല്‍ ഹെര്‍സോഗും വ്യക്തമാക്കി. ഗാസ പിടിച്ചെടുക്കാനോ കൈവശപ്പെടുത്താനോ തങ്ങള്‍ക്ക് ആഗ്രഹമില്ല. രണ്ട് ദശലക്ഷത്തിലധികം പാലസ്തീനികളെ ഭരിക്കാനും തങ്ങള്‍് ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ റഫ അതിര്‍ത്തി വീണ്ടും തുറക്കുന്നതിനോട് അനുബന്ധിച്ച് തെക്കന്‍ ഗാസയില്‍ വെടിനിര്‍ത്തലിന് അമേരിക്കയും ഇസ്രായേലും ഈജിപ്തും ധാരണയായതായി ഈജിപ്ഷ്യന്‍ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റഫാ അതിര്‍ത്തി നിശ്ചിത സമയം മാത്രമേ തുറന്നിടുകയുള്ളൂവെന്നും അമേരിക്ക വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.