25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ, ഒബിസി സംവരണം, ഐപിഎല്‍ ടീം; ആകെ 59 വാഗ്ദാനങ്ങള്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ, ഒബിസി സംവരണം, ഐപിഎല്‍ ടീം; ആകെ 59 വാഗ്ദാനങ്ങള്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി. മധ്യപ്രദേശിലെ എല്ലാ ആളുകള്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ഒബിസി വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണവുമാണ് മുഖ്യ വാഗ്ദാനം.

സംസ്ഥാനത്തിന് സ്വന്തമായി ഐപിഎല്‍ ടീം രൂപീകരണവും വാഗ്ദാനം ചെയ്യുന്നുണ്ട്. പിസിസി അധ്യക്ഷന്‍ കമല്‍ നാഥാണ്  പത്രിക പുറത്തിറക്കിയത്.

കര്‍ഷകര്‍, സ്ത്രീകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പരിഗണന നല്‍കി 59 വാഗ്ദാനങ്ങളടങ്ങിയ 106 പേജുള്ള പ്രകടന പത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും സ്ത്രീകള്‍ക്ക് പ്രതിമാസം 1,500 രൂപ വീതം നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ കൂടാതെ 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടാകുമെന്ന് കമല്‍ നാഥ് പറഞ്ഞു. 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടറുകള്‍ നല്‍കും, സ്‌കൂള്‍ വിദ്യാഭ്യാസം സൗജന്യമാക്കും, പെന്‍ഷന്‍ പദ്ധതി നടപ്പാക്കും.

യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനമായി 1500 രൂപ മുതല്‍ 3000 രൂപ വരെ രണ്ട് വര്‍ഷത്തേക്ക് നല്‍കുമെന്നും പ്രകടന പത്രിക വ്യക്തമാക്കുന്നു. 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 17 ന് നടക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.