മനാഗ്വേ: മനുഷ്യാവകാശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുന്ന നിക്കരാഗ്വയില്‍ ക്രൈസ്തവര്‍ക്കെതിരേയുള്ള സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ വേട്ടയാടല്‍ തുടരുന്നു. ക്രൈസ്തവ പീഡന പരമ്പരയുടെ തുടര്‍ച്ചയായി ഡാനിയല്‍ ഒര്‍ട്ടേഗ ഭരണകൂടം എട്ടു വൈദികരെ കൂടി അന്യായമായി തടവിലാക്കിയിരിക്കുകയാണ്. രാഷ്ട്രീയത്തടവുകാരെ പാര്‍പ്പിക്കുന്ന എല്‍ ചിപോട്ട് ജയിലിലാണ് വൈദികരെ പാര്‍പ്പിച്ചിരിക്കുന്നത്. 'രാഷ്ട്രീയത്തടവുകാരുടെ പീഡന ജയില്‍' എന്നാണ് ഇതറിയപ്പെടുന്നത്. നിക്കരാഗ്വന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിനെ ഉദ്ധരിച്ച് (സി.ഇ.എന്‍) സ്വതന്ത്ര നിക്കരാഗ്വന്‍ മാധ്യമമായ ലാ പ്രെന്‍സയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്.
നിലവില്‍ 13 വൈദികരാണ് തടവിലുള്ളത്. അവരില്‍ ഭൂരിഭാഗവും നിക്കരാഗ്വയിലെ എസ്റ്റെലി രൂപതയില്‍പെട്ടവരാണ്. ഒക്ടോബര്‍ ഒന്നിനും ഒമ്പതിനും ഇടയില്‍മാത്രം, ഏകാധിപത്യ ഭരണകൂടം ആറോളം കത്തോലിക്കാ പുരോഹിതരെ തടവിലാക്കിയിട്ടുണ്ട്.
മനാഗ്വേയിലെ ഔവര്‍ ലേഡി ഓഫ് ഫാത്തിമ നാഷണല്‍ സെമിനാരിയില്‍ വീട്ടുതടങ്കലിലായിരുന്ന എട്ട് വൈദികരെ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ എല്‍ ചിപ്പോട്ടിലേക്ക് മാറ്റിയതായി പേരു വെളിപ്പെടുത്താത്ത വൈദികനെ ഉദ്ധരിച്ച് എല്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ചെയ്തു.
വൈദികരുടെ ബന്ധുക്കള്‍ക്ക്, അവര്‍ ഇപ്പോഴുള്ള സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും വൈദികരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍ അറിയിച്ചു.
മസായയിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവകയുടെ പുരോഹിതനായ ഫാ. ഹാര്‍വിംഗ് പാഡില്ലയെ, സെപ്റ്റംബര്‍ 28-ന് നാടുകടത്തിയാണ് (ഇപ്പോഴും വെളിപ്പെടുത്താത്ത ഒരു രാജ്യത്തേക്ക്) ഡാനിയല്‍ ഒര്‍ട്ടേഗ സര്‍ക്കാര്‍ പ്രതികാരനടപടികള്‍ സ്വീകരിച്ചത്.
രാജ്യദ്രോഹിയെന്ന് മുദ്രകുത്തി മതഗല്‍പ രൂപതാ ബിഷപ്പ് റോളാന്‍ഡോ അല്‍വാരസിനെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 26 വര്‍ഷവും നാല് മാസവും തടവിന് ശിക്ഷിച്ചിരുന്നു. ഒരു വര്‍ഷത്തിലേറെയായി തടവില്‍ കഴിയുന്ന അദ്ദേഹത്തിന്റെ മോചനത്തിനായി രാജ്യാന്തര സമൂഹം ഇടപെടലുകള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല.
അദ്ദേഹത്തോടൊപ്പം നാല് വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്തിരുന്നു. അന്യായമായി രാജ്യേദ്രാഹകുറ്റം ചുമത്തപ്പെട്ടവരെ അമേരിക്കയിലേക്ക് നാടു കടത്തിയെങ്കിലും അതിന് തയാറാകാത്തതിനെ തുടര്‍ന്നാണ് ബിഷപ്പിന് 26 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്.
കത്തോലിക്കാ കന്യാസ്ത്രീകളെയും മിഷനറിമാരെയും നിക്കരാഗ്വേ സര്‍ക്കാര്‍ പുറത്താക്കുകയും കത്തോലിക്കാ റേഡിയോ സ്റ്റേഷനുകളും ടെലിവിഷന്‍ സ്റ്റേഷനുകളും അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.