'ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു'; ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍: അപകടകാരികളെ നാടുകടത്തും

'ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു'; ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍: അപകടകാരികളെ നാടുകടത്തും

സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന അഭയാര്‍ത്ഥികളെ പിടികൂടി നാടുകടത്തുമെന്ന് അംഗരാജ്യങ്ങള്‍

ലണ്ടന്‍: ലോകമെമ്പാടും ഇസ്ലാമിക ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള നടപടികള്‍ക്കൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. പലസ്തീനില്‍ യുദ്ധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ വലിയ തോതില്‍ അഭയാര്‍ത്ഥി പ്രവാഹമുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അതിര്‍ത്തികളില്‍ പരിശോധനകള്‍ കര്‍ശനമാക്കാനും യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാര്‍ തീരുമാനമെടുത്തു.

അഭയാര്‍ത്ഥികളെ കര്‍ശനമായി നിരീക്ഷിക്കണം. സുരക്ഷാ ഭീഷണിയുണ്ടെന്ന് ബോദ്ധ്യപ്പെടുന്നവരെ ഒട്ടും അമാന്തിക്കാതെ നാടു കടത്തണമെന്നും യൂറോപ്യന്‍ യൂണിയന്‍ മന്ത്രിമാര്‍ പരസ്പരം നിര്‍ദേശം നല്‍കി. ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായതിനു പിന്നാലെ ബ്രസല്‍സിലും ഫ്രാന്‍സിലും നടന്ന ഭീകരാക്രമണങ്ങള്‍ എന്നിവ ലക്‌സംബര്‍ഗില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ആഭ്യന്തര-നീതിന്യായ വകുപ്പ് മന്ത്രിമാരുടെ യോഗം ചര്‍ച്ച ചെയ്തു.

യൂറോപ്യന്‍ യൂണിയനെ ഭീകരാക്രമണ ഭീഷണികളില്‍ നിന്നും സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. യൂറോപ്യന്‍ യൂണിയനിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പ് വരുത്താന്‍ സാദ്ധ്യമായത് ചെയ്യണം.സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നവരെ വേഗത്തില്‍ ജന്മനാട്ടിലേക്കു തിരികെ അയയ്ക്കണം - യൂറോപ്യന്‍ യൂണിയന്‍ മൈഗ്രേഷന്‍ കമ്മീഷണര്‍ ഇല്‍വ ജൊഹാന്‍സണ്‍ പറഞ്ഞു.

ഞായറാഴ്ച ബല്‍ജിയത്തില്‍ രണ്ട് സ്വീഡിഷ് ഫുട്‌ബോള്‍ ആരാധകരെ വെടിവെച്ച് കൊന്ന 45 വയസുകാരനായ ടുണീഷ്യന്‍ പൗരന്‍ അനധികൃത കുടിയേറ്റക്കാരനായിരുന്നു. ഇയാളുടെ പശ്ചാത്തലം മോശമായതിനാല്‍ ഇമിഗ്രേഷന്‍ നേരത്തേ നിഷേധിച്ചിരുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്‍ ചൂണ്ടിക്കാട്ടി.

2011ല്‍ ഇറ്റലിയിലൂടെയാണ് ഇയാള്‍ യൂറോപ്പിലേക്കു കടക്കുന്നത്. ഇയാള്‍ സ്വീഡനിലും താമസിച്ചിരുന്നു. കൊലപാതകം നടത്തിയ അക്രമിയെ പിന്നീട് ബല്‍ജിയന്‍ പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ഫ്രാന്‍സില്‍ അദ്ധ്യാപകനെ കുത്തിക്കൊലപ്പെടുത്തിയ ഇരുപത് വയസുകാരനായ മുസ്ലീം യുവാവും അനധികൃത കുടിയേറ്റക്കാരനായിരുന്നു. ഈ സാഹചര്യത്തില്‍ കുടിയേറ്റ നിയമങ്ങള്‍ ശക്തമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി.

സുരക്ഷാ ക്രമീകരണങ്ങളിലെ ലാഘവത്വം മുതലെടുത്താണ് ചിലര്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് അനധികൃതമായി കുടിയേറുന്നത്. ഇത്തരക്കാരെ പിടികൂടി കര്‍ശനമായി നാടുകടത്തുമെന്നും യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി.

പലസ്തീനിലെ നിലവിലെ സാഹചര്യവും യൂറോപ്യന്‍ യൂണിയന്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ്. അവിടെ നിന്നും അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാകാനുള്ള സാദ്ധ്യതയും പരിഗണിക്കുന്നുണ്ട്. ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ അനധികൃത കുടിയേറ്റം അംഗീകരിക്കില്ലെന്നും അംഗരാജ്യങ്ങള്‍ അറിയിച്ചു.

അനധികൃതമായി കുടിയേറി കള്ളക്കടത്തും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും നടത്തുന്നവരെക്കുറിച്ചുള്ള ആശങ്ക സ്‌പെയിനും ജര്‍മ്മനിയും പങ്കുവെച്ചിട്ടുണ്ട്. ഇത്തരത്തിലുള്ളവരെ തിരഞ്ഞു പിടിച്ച് പുറത്താക്കാനുള്ള നടപടികള്‍ യൂറോപ്യന്‍ യൂണിയന്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. അനധികൃത കുടിയേറ്റം മനുഷ്യാവകാശ പ്രശ്‌നമായി വളര്‍ന്നുവരാന്‍ അനുവദിക്കില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ വിശദീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.