തൊഴിലന്വേഷകര്‍ക്ക് തിരിച്ചടി; മൂന്ന് മാസ സന്ദര്‍ശന വിസ യുഎഇ വീണ്ടും നിര്‍ത്തി

തൊഴിലന്വേഷകര്‍ക്ക് തിരിച്ചടി; മൂന്ന് മാസ സന്ദര്‍ശന വിസ യുഎഇ വീണ്ടും നിര്‍ത്തി


അബുദാബി: ട്രാവല്‍ ഏജന്റ് സ്‌പോണ്‍സര്‍ഷിപ്പില്‍ നല്‍കി വന്നിരുന്ന മൂന്നു മാസ സിംഗിള്‍ എന്‍ട്രി സന്ദര്‍ശന വിസ യുഎഇ വീണ്ടും നിര്‍ത്തിവച്ചതായി റിപ്പോർട്ട്. മുപ്പതോ അറുപതോ ദിവസത്തെ സന്ദര്‍ശന വിസ മാത്രമാണ് ഇനി ലഭിക്കുകയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അധികൃതര്‍ അറിയിച്ചു

എന്നാല്‍, യുഎഇ റെസിഡന്റ് വിസയുള്ളവര്‍ക്ക് മാതാപിതാക്കളെയോ അടുത്ത ബന്ധുക്കളെയോ കൊണ്ടുവരുന്നതിനുള്ള മൂന്നു മാസത്തെ സന്ദര്‍ശന വിസ ഇപ്പോഴും ലഭ്യമാണ്. ട്രാവല്‍ ഏജന്‍സികള്‍ വഴി ലഭിച്ചിരുന്ന 90 ദിവസത്തെ സന്ദര്‍ശന വിസ നിര്‍ത്തിയത് തൊഴിലന്വേഷകര്‍ക്കാണ് തിരിച്ചടിയായത്. 30, 60 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസയേക്കാള്‍ 90 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസയ്ക്ക് ചെലവ് കൂടുതലാണെങ്കിലും ജോലി കണ്ടെത്താന്‍ കൂടുതല്‍ സാവകാശം ഇതിലൂടെ ലഭിക്കുമായിരുന്നു.

വിസയ്ക്ക് അപേക്ഷിക്കാനുള്ള പോര്‍ട്ടലില്‍ ഇപ്പോള്‍ മൂന്നു മാസ വിസ ഓപ്ഷന്‍ ലഭ്യമല്ലെന്ന് ട്രാവല്‍ ഏജന്റുമാരും വ്യക്തമാക്കി. കൊവിഡ് മഹാമാരി രൂക്ഷമായ സമയത്താണ് നേരത്തേ യുഎഇ 90 ദിവസത്തെ വിസിറ്റ് വിസ റദ്ദാക്കി 60 ദിവസത്തെ വിസ ഏര്‍പ്പെടുത്തിയത്. ഇതോടെ 30, 60 ദിവസത്തെ ഓപ്ഷന്‍ മാത്രമായി. കൊവിഡ് രോഗവ്യാപനം കുറഞ്ഞതോടെ 2023 മെയ് അവസാനത്തില്‍ 90 ദിവസത്തെ ഓപ്ഷന്‍ പുനസ്ഥാപിച്ചതിനൊപ്പം പുതുതായി കൊണ്ടുവന്ന 60 ദിവസത്തെ ഓപ്ഷനും നിലനിര്‍ത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.