സിഡ്നി: ഇസ്രയേല്‍-ഹമാസ് പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ സിഡ്നിയില്‍ പലസ്തീന്‍ അനുകൂല പ്രകടനത്തിന് അനുമതി നല്‍കി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ശനിയാഴ്ച സിഡ്നി ടൗണ്‍ ഹാളില്‍ നിന്ന് ആരംഭിച്ച് ബെല്‍മോര്‍ പാര്‍ക്കിലേക്കാണു മാര്‍ച്ച് നടത്തുന്നത്. രണ്ടാഴ്ച തടഞ്ഞുവച്ചതിനു ശേഷം തങ്ങള്‍ക്ക് മാര്‍ച്ച് നടത്താനുള്ള അനുമതി ലഭിച്ചതായി പരിപാടിയുടെ സംഘാടകരായ പലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പ് സിഡ്നി സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ഓസ്‌ട്രേലിയയുടെ ദേശീയ നയത്തിനു വിരുദ്ധമായാണ് രാജ്യത്ത് ഹമാസ് അനുകൂല പ്രകടനങ്ങള്‍ നടക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച സിഡ്‌നിയിലെ ഹൈഡ് പാര്‍ക്കില്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്ത റാലി നടന്നിരുന്നു. പോലീസ് അനുമതിയില്ലാതെ നടന്ന പ്രകോപനപരമായ പ്രകടനത്തില്‍ പങ്കെടുത്തവരെ തിരിച്ചറിയുന്നതിനായി പോലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചു. അതിനു മുന്‍പ് സിഡ്‌നി ഓപ്പറ ഹൗസില്‍ നടന്ന വിവാദ പ്രകടനത്തില്‍ പങ്കെടുത്ത മൂന്ന് പേര്‍ ഉള്‍പ്പെടെ ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തതായി ന്യൂ സൗത്ത് വെയില്‍സ് പോലീസ് അറിയിച്ചു. ഇസ്രയേല്‍ പതാക കത്തിച്ചതിനും യഹൂദവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിനുമാണ് അറസ്റ്റ്. ഈ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ശനിയാഴ്ച റാലിയില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് വിദ്വേഷപരമായ പ്രസംഗമോ മുദ്രാവാക്യങ്ങളോ ഉണ്ടായാല്‍ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് കമ്മീഷണര്‍ കാരെന്‍ വെബ് പറഞ്ഞു. നിയമം ലംഘിക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. വിദ്വേഷ പ്രസംഗത്തോട് പൊലീസിന് ഒട്ടും സഹിഷ്ണുത ഉണ്ടായിരിക്കില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ മാല്‍ ലാനിയന്‍ മുന്നറിയിപ്പ് നല്‍കി.
ശനിയാഴ്ച്ച നടക്കുന്ന പരിപാടിയില്‍ 800-ലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. അടുത്ത ആഴ്ച 17 പ്രതിഷേധ പരിപാടികളും പൊതുസമ്മേളനങ്ങളും നടക്കാന്‍ സാധ്യതയുള്ളതായി പോലീസ് പ്രതീക്ഷിക്കുന്നു.
അതേസമയം, പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും എന്നാല്‍ വിദ്വേഷ പ്രസംഗങ്ങളോട് പോലീസ് ഒട്ടും സഹിഷ്ണുത കാണിക്കില്ലെന്നും ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിസ് മിന്‍സ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ചില ആളുകളില്‍ നിന്ന് വളരെ മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു പൊതു ഇടത്തില്‍ വിദ്വേഷം പ്രകടിപ്പിക്കാനും വിദ്വേഷ പ്രസംഗം നടത്താനും ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യഹൂദവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പാലസ്തീന്‍ പതാകകള്‍ ഉയര്‍ത്തിയും നിരത്തുകള്‍ കീഴടക്കിയുമുള്ള പ്രതിഷേധങ്ങളില്‍ എതിര്‍പ്പും ഉയരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.