യെമനില്‍ നിന്നും ഇസ്രായേലിനെ ലക്ഷ്യമിട്ട് മിസൈലുകള്‍; ചെങ്കടലില്‍ വെടിവെച്ചിട്ട് അമേരിക്കന്‍ യുദ്ധക്കപ്പല്‍

യെമനില്‍ നിന്നും ഇസ്രായേലിനെ ലക്ഷ്യമിട്ട് മിസൈലുകള്‍; ചെങ്കടലില്‍ വെടിവെച്ചിട്ട് അമേരിക്കന്‍ യുദ്ധക്കപ്പല്‍

ജെറുസലേം; ഇസ്രായേലിനെ ലക്ഷ്യം വെച്ച് യെമനില്‍ നിന്നും മിസൈല്‍ ആക്രമണം ഉണ്ടായതായി അമേരിക്ക. ചെങ്കടലില്‍ നിലയുറപ്പിച്ച അമേരിക്കന്‍ യുദ്ധക്കപ്പല്‍ മിസൈലുകള്‍ വെടിവെച്ചിട്ടതായി യുഎസ് പ്രതിരോധ വക്താവ് വെളിപ്പെടുത്തി. മിസൈലുകള്‍ക്കൊപ്പം ഡ്രോണുകളും ഉണ്ടായിരുന്നു.

യെമനിലെ ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അമേരിക്ക പുറത്തുവിടുന്ന വിവരം. യുഎസ്എസ് കാര്‍ണി എന്ന അമേരിക്കയുടെ നാവികസേനാ കപ്പലാണ് മിസൈലുകള്‍ വെടിവെച്ചിട്ടത്. സൗദി നേതൃത്വം നല്‍കുന്ന സഖ്യത്തിന്റെ പിന്തുണയോടെ യെമനില്‍ നിലനില്‍ക്കുന്ന സര്‍ക്കാരിനെതിരെ ഹൂതി വിമതര്‍ നടത്തുന്ന പോരാട്ടം തുടരുന്നുണ്ട്. ഇറാന്റെ പിന്തുണയോടെയാണ് പോരാട്ടം. ഇതിനിടയിലാണ് ഇസ്രായേലിനെ ലക്ഷ്യം വെച്ചെന്ന് സംശയിക്കുന്ന മിസൈല്‍ ആക്രമണം ഉണ്ടായത്.

ചെങ്കടലില്‍ നിലയുറപ്പിച്ചിരുന്ന നാവികസേനാ കപ്പലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമാണ് ആക്രമണം പ്രതിരോധിച്ചത്. സമാനമായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ യുഎസിന് ശേഷിയുണ്ടെന്നും പെന്റഗണ്‍ വക്താവ് വ്യക്തമാക്കി. ഹമാസ് ഭീകരര്‍ക്കെതിരെ ഇസ്രായേല്‍ ആക്രമണം ശക്തമായതോടെ മേഖലയുടെ സുരക്ഷ ഉറപ്പാക്കാന്‍ യുഎസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. മിസൈലുകള്‍ ലക്ഷ്യം വെച്ചത് ഇസ്രായേലിനെ തന്നെയാണോ എന്ന് ഉറപ്പാക്കിയിട്ടില്ല.

ഏത് സമയത്തും സൈനികവിന്യാസത്തിനായി 2000 സൈനികരോട് തയ്യാറായി നില്‍ക്കാനും അമേരിക്ക നിര്‍ദ്ദേശം നല്‍കിയിരുന്നു. അടിയന്തര സാഹചര്യം ഉണ്ടായാല്‍ ഉടനടി പ്രതികരിക്കുന്നതിന് വേണ്ടിയാണ് സൈനികരെ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നതെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ വിശദീകരണം.

കഴിഞ്ഞ ദിവസം ഇസ്രായേലില്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഹമാസ് ഭീകരര്‍ക്കെതിരായ പോരാട്ടത്തിന് ഉറച്ച പിന്തുണ നല്‍കിയിരുന്നു. ഹമാസിനെതിരായ യുദ്ധത്തില്‍ കെടുതികള്‍ അനുഭവിക്കുന്ന ഗാസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായമെത്തിക്കുന്നതുള്‍പ്പെടെ ഉറപ്പാക്കിയ ശേഷമാണ് ബൈഡന്‍ മടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.