പാലാ വിട്ടൊരു വിട്ടുവീഴ്ച വേണ്ടന്ന് പവാര്‍

പാലാ വിട്ടൊരു വിട്ടുവീഴ്ച  വേണ്ടന്ന് പവാര്‍

മുംബൈ: പാലാ അടക്കമുള്ള സിറ്റിംഗ് സീറ്റുകള്‍ വിട്ടു കൊടുത്ത് എല്‍ഡിഎഫുമായി വിട്ടുവീഴ്ച വേണ്ടെന്ന് എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍.

രണ്ടാഴ്ചക്കുള്ളില്‍ പാവാര്‍ കേരളത്തില്‍ എത്തി പാര്‍ട്ടി നിര്‍വാഹക സമിതി അംഗങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. നേതാക്കളുമായി ഒറ്റക്കൊറ്റക്കാണ് ചര്‍ച്ച നടത്തുക. സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ മാസ്റ്ററാണ് പവാറിന്റെ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.

പാല സീറ്റ് വിട്ടുതരില്ലെന്ന് എല്‍ഡിഎഫിന്റെ ഔദ്യോഗിക അറിയിപ്പുണ്ടാകുന്ന മുറയ്ക്ക് എന്‍.സി.പി തീരുമാനം പ്രഖ്യാപിക്കും. എടുത്തു ചാടി തീരുമാന പ്രഖ്യാപനം വേണ്ടെന്നാണ് പവാറിന്റെ നിര്‍ദേശം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് എല്‍.ഡി.എഫ് നേട്ടമുണ്ടാക്കിയതായി അഭിപ്രായമില്ല. തങ്ങളുടെ വികാരം പവാറിനെ ബോധ്യപ്പെടുത്താനായി. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എ.കെ. ശശീന്ദ്രനും ബാധകമാണെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

അര നുറ്റാണ്ടിന് ശേഷം പിടിച്ചെടുത്ത പാല സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് മാണി സി. കാപ്പനും ആവര്‍ത്തിച്ചു. പാലായില്‍ എന്‍.സി.പി തന്നെ മല്‍സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടിക്കാഴ്ചയില്‍ പീതാംബരന്‍ മാസ്റ്ററെ കൂടാതെ മാണി സി. കാപ്പനും മറ്റ് ചില സംസ്ഥാന നേതാക്കളുമുണ്ടായിരുന്നു.

പാലാ സീറ്റിനെ ചൊല്ലി തര്‍ക്കം മുറുകുന്നതിനിടെ മന്ത്രി എ.കെ ശശീന്ദ്രന്‍ ബുധനാഴ്ച മുംബൈയില്‍ എത്തി പവാറിനെ കണ്ടിരുന്നു. മുന്നണി മാറ്റം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന വികാരമാണ് ശശീന്ദ്രന്‍ പവാറുമായി പങ്കു വച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.