പങ്കുവെയ്ക്കലിന്റെ ഉദാത്ത മാതൃക: സന്യാസിനിയായ സഹോദരിക്ക് സ്വന്തം വൃക്ക നല്‍കി യുവ വൈദികന്‍

പങ്കുവെയ്ക്കലിന്റെ ഉദാത്ത മാതൃക: സന്യാസിനിയായ സഹോദരിക്ക് സ്വന്തം വൃക്ക നല്‍കി യുവ വൈദികന്‍

കൊച്ചി: പങ്കുവെയ്ക്കലിന്റെ ഉദാത്ത സ്‌നേഹം എന്താണെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ച് തന്നിരിക്കുകയാണ് വൈദികനായ സഹോദരനും സന്യാസിനിയായ സഹോദരിയും. സന്യാസിനിയായ സഹോദരിയുടെ തകരാറിലായ വൃക്കകള്‍ക്കു പകരം സ്വന്തം വൃക്കയില്‍ ഒന്ന് സഹോദരനായ വൈദികന്‍ ജീവസമ്മാനമായി പകുത്ത് നല്‍കുകയായിരുന്നു.

ഹോളി ഫാമിലി സന്യാസിനി സമൂഹത്തിലെ മരിയന്‍ പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ ബിനി മരിയയുടെ ശരീരത്തില്‍ ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി കൂടിയതോടെയാണ് ഡോക്ടര്‍മാര്‍ വൃക്ക മാറ്റിവയ്ക്കണമെന്ന് നിര്‍ദേശിച്ചത്. തന്റെ സഹോദരിക്ക് വൃക്ക നല്‍കാമെന്ന തീരുമാനത്തില്‍ എത്താന്‍ പാലക്കാട് രൂപതാംഗമായ ഫാ. എബി പൊറത്തൂറിന് ഏറെയൊന്നും ആലോചിക്കേണ്ടി വന്നില്ല. രൂപതയുടെ അധികാരികളെ വിവരം അറിയിച്ച് ഉടന്‍ അനുവാദം വാങ്ങി. വൃക്ക നല്‍കാനുള്ള നടപടിക്രമങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

സെപ്റ്റംബര്‍ നാലിന് ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഡോ.ജോസ് തോമസ്, ഡോ. ബാലഗോപാല്‍ നായര്‍ ഡോക്ടര്‍മാരായ സ്നേഹ പി. സൈമണ്‍, അപ്പു ജോസ്, ബി. കെ. തരുണ്‍, സന്ദീപ് ആര്‍. നാഥ്, സച്ചിന്‍ ജോര്‍ജ്, ഗീതു സെബാസ്റ്റ്യന്‍, അജിത്ത് ടോംസ് എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. രോഗത്തെത്തുടര്‍ന്ന് സിസ്റ്റര്‍ ബിനി 2022 ഏപ്രില്‍ മുതല്‍ ഡയാലിസിസ് ചെയ്തു വരികയായിരുന്നു.

ഫാ. എബിയും സിസ്റ്റര്‍ ബിനി മരിയയും പാലക്കാട് മേലാര്‍കോട് പൊറത്തൂര്‍ പി.പി ആന്റോയുടെയും റൂബിയുടെയും മക്കളാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം സിസ്റ്റര്‍ ബിനി ചുണങ്ങംവേലിയിലെ മഠത്തില്‍ വിശ്രമത്തിലാണ്. 31 വയസുള്ള ഫാ. എബി പാലക്കാട് കൊഴിഞ്ഞാമ്പാറ സെന്റ് ആന്റണീസ് പള്ളി വികാരിയാണ്. അദേഹം വിശ്രമത്തിന് ശേഷം രണ്ട് മാസത്തിനുള്ളില്‍ ചുമതലകളിലേക്കു മടങ്ങും.

ക്രിയാറ്റിന്റെ അളവ് കൂടിയതോടെ മാസത്തിലൊരിക്കല്‍ നടത്തിയിരുന്ന ഡയാലിസിസ് ആഴ്ചയില്‍ മൂന്ന് വീതമായി. വൃക്ക മാറ്റിവയ്ക്കുക മാത്രമാണ് പരിഹാരമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. സഹോദരിക്ക് വൃക്ക നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പിന്തുണ നല്‍കിയ രൂപതയോടു നന്ദിയുണ്ടെന്നും ഫാദര്‍ എബി പറഞ്ഞു.

പങ്കുവയ്ക്കലിന്റെ മഹത്വം കുടുംബത്തില്‍ നിന്ന് ആരംഭിക്കണമെന്ന വലിയ മാതൃകയാണ് ഫാദര്‍ എബി സമൂഹത്തിന് നല്‍കുന്നതെന്ന് രാജഗിരി ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജി കുരുട്ടുകുളം പറഞ്ഞു. സാഹോദര്യ സ്‌നേഹത്തിന്റെ മഹത്വം നവീന ലോകത്തിന് പകര്‍ന്നു നല്‍കിയ ഫാദര്‍ എബിയുടേയും സിസ്റ്റര്‍ ബിനി മരിയയുടേയും വാര്‍ത്ത സീന്യൂസ് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.