കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ മുൻ നിരയിലെത്തുക ലക്ഷ്യം; മെഡിക്കൽ വിദഗ്ധരുടെ ശ്രമങ്ങളെ പ്രശംസിച്ച് മന്ത്രി ഷെയ്ഖ് നഹ്യാൻ

കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ മുൻ നിരയിലെത്തുക ലക്ഷ്യം; മെഡിക്കൽ വിദഗ്ധരുടെ ശ്രമങ്ങളെ പ്രശംസിച്ച് മന്ത്രി ഷെയ്ഖ് നഹ്യാൻ

അബുദാബി: രക്താർബുദവും രോഗ പ്രതിരോധ വൈകല്യങ്ങളും അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ബാധിച്ച 30 കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന യുഎഇയുടെ അനുഭവം ഡോ. സൈനുൽ ആബിദിൻ പങ്കുവച്ചപ്പോൾ എമിറേറ്റ്സ് പീഡിയാട്രിക് ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് കോൺഗ്രസിൽ കയ്യടികളുയർന്നു. ഒരു മരണം പോലുമില്ലാതെ അന്താരാഷ്‌ട്ര ശരാശിക്ക് മേലെയുള്ള വിജയനിരക്ക്.

ഇത്രയും കുട്ടികളിലെ മജ്ജ മാറ്റിവയ്ക്കൽ വിജയകരമായി പൂർത്തിയാക്കാനായത് യുഎഇയുടെ മെഡിക്കൽ വൈദഗ്ധ്യത്തിന്റെയും മികച്ച ആരോഗ്യ സംവിധാനങ്ങളുടെയും തെളിവായി. 12 രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളാണ് മലയാളി ഡോക്ടർ സൈനുൽ ആബിദിന്റെ കൈപിടിച്ച് സാധാരണ ജീവിതത്തിലേക്കെത്തിയത്. ഇവരിൽ ചിലരുടെ കുടുംബാംഗങ്ങളും യുഎഇയുടെ ഈ സവിശേഷ മെഡിക്കൽ നേട്ടം പങ്കുവയ്ക്കുന്ന വേദിയിലേക്ക് സാക്ഷിയായെത്തിയിരുന്നു.

2022ൽ അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ യുഎഇയിൽ ആദ്യമായി കുട്ടികളിലെ മജ്ജമാറ്റിവയ്ക്കൽ പൂർത്തിയാക്കിയതിന് പിന്നാലെയാണ് 30 മജ്ജമാറ്റിവയ്ക്കലുകൾ നടന്നത്. ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആദ്യ പീഡിയാട്രിക് ബോൺ മാരോ ട്രാസ്‌പ്ലാന്റ് സെന്റർ അധികൃതരുടെയും അന്താരാഷ്‌ട്ര മെഡിക്കൽ വിദഗ്ധരുടെയും പിന്തുണയോടെ എങ്ങനെ മേഖലയിൽ വൻ മുന്നേറ്റമുണ്ടാക്കിയെന്ന് സമ്മേളന അധ്യക്ഷൻ കൂടിയായ ഡോ. സൈനുൽ 23 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് മുന്നിൽ വിശദീകരിച്ചു.

ഇന്ത്യ, പാകിസ്ഥാൻ, ഉഗാണ്ട, ജോർദാൻ, ഈജിപ്ത്, ഇറാഖ്, സിറിയ, മൊറോക്കോ, ലിബിയ, അഫ്ഗാനിസ്ഥാൻ, അൾജീരിയ, നൈജീരിയ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്കാണ് ഒരു വർഷത്തിനകം യുഎഇയിലെ മജ്ജമാറ്റിവയ്ക്കൽ ചികിത്സ ആശ്വാസമായത്. ഈ കേസുകളിൽ മെഡിക്കൽ സംഘം പിന്തുടർന്ന ചികിത്സാ രീതികൾ സമ്മേളനം വിലയിരുത്തി. ഒപ്പം മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ അവർ പിന്തുടർന്ന നടപടികളും വിശദീകരിച്ചു.

മികച്ച ആരോഗ്യവും നൂതന മെഡിക്കൽ സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് സമ്മേളനത്തിന്റെ രക്ഷാധികാരിയായ യുഎഇ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. “യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ശക്തമായ നേതൃത്വത്തിലും പിന്തുണയിലും കുട്ടികൾക്കുള്ള മെഡിക്കൽ സേവനങ്ങൾ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ലോകോത്തര നിലവാരമുള്ള മജ്ജ മാറ്റിവയ്ക്കൽ കേന്ദ്രം അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ സ്ഥാപിച്ചത് ആ ശ്രമങ്ങൾക്ക് പിന്തുണയേകും." കുട്ടികളുടെ വൈദ്യ പരിചരണം മെച്ചപ്പെടുത്താനും ലോകത്തെ പ്രമുഖ മെഡിക്കൽ സെന്ററുകളുമായുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്രം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടികളിലെ മജ്ജ മാറ്റിവയ്ക്കൽ യുഎഇയിൽ തന്നെ ലഭ്യമാക്കനായി പ്രത്യേക കേന്ദ്രം തുടങ്ങാൻ അധികൃതർ നൽകിയ പിന്തുണയ്ക്ക് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ നന്ദി പറഞ്ഞു. മജ്ജ മാറ്റിവയ്ക്കൽ ചികിത്സ കുട്ടികൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ നടക്കുന്ന ഗവേഷങ്ങളിൽ ഏറെ പ്രതീക്ഷയുണ്ട്. ഇക്കാര്യത്തിൽ അബുദാബിയിലും ലോകമെമ്പാടും നടക്കുന്ന മുന്നേറ്റങ്ങൾ ചർച്ച ചെയ്യാൻ സമ്മേളനം സഹായിക്കുമെന്നും അദേഹം വ്യക്തമാക്കി. രണ്ടു ദിവസത്തെ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 550 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സമ്മേളനം ഞായറാഴ്ച സമാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.