കരുത്തായി കോലി; കിവികളെയും വീഴ്ത്തി ഇന്ത്യയ്ക്ക് തോല്‍വിയറിയാതെ അഞ്ചാം ജയം, ഒന്നാമത്

കരുത്തായി കോലി; കിവികളെയും വീഴ്ത്തി ഇന്ത്യയ്ക്ക് തോല്‍വിയറിയാതെ അഞ്ചാം ജയം, ഒന്നാമത്

ധര്‍മശാല: ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യക്ക് നാലു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 2019 ലോകകപ്പ് സെമിയിലേറ്റ മുറിവിന് മധുരമായ പകരംവീട്ടലായി ഇന്ത്യയുടെ ജയം. ബാറ്റ് ചെയ്യാനയക്കപ്പെട്ട ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം 48 ഓവറില്‍ കോലിയുടെ ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ മറികടന്നു.

95 റണ്‍സ് നേടിയ വിരാട് കോലിക്ക് പക്ഷേ സെഞ്ചുറി തികയ്ക്കാന്‍ സാധിക്കാതെ പോയതു മാത്രമാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് സങ്കടമായി. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ചുറിയെന്ന ചരിത്ര നേട്ടത്തിന് 5 റണ്‍സ് മാത്രമകലെ നില്‍കെ ബൗണ്ടറി കണ്ടെത്താന്‍ ശ്രമിച്ച കോലിക്ക് പിഴച്ചു.

274 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് ലഭിച്ചത്. ആക്രമിച്ചു കളിച്ച രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അനായാസം സിക്‌സുകള്‍ കണ്ടെത്തിയ രോഹിതായിരുന്നു കൂടുതല്‍ അപകടകാരി.

40 പന്തില്‍ നിന്നു 46റണ്‍സ് കണ്ടെത്തിയാണ് നായകന്‍ ദൗര്‍ഭാഗ്യം കൊണ്ട് മടങ്ങിയത്. ഏറെ വൈകാതെ 31 പന്തില്‍ 26 റണ്‍സുമായി ഗില്ലും മടങ്ങി. ലോക്കി ഫെര്‍ഗൂസനാണ് ഇരുവരെയും വീഴ്ത്തിയത്.

രണ്ടു തുടര്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യയെ കോലിയും അയ്യരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 52 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആറു ബൗണ്ടറിയടക്കം 29 പന്തില്‍ നിന്നും 33 റണ്‍സ് നേടിയ ശ്രേയസിനെ ബോള്‍ട്ട് മടക്കി. തുടര്‍ന്ന് കെഎല്‍ രാഹുല്‍-കോലി സഖ്യം രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു.

ഇരുവരും നാലാം വിക്കറ്റില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. 27 റണ്‍സെടുത്ത രാഹുലിനെ മടക്കി മിച്ചല്‍ സാന്റ്‌നര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയ്ക്കു പകരം ടീമിലിടം നേടിയ സൂര്യയും പെട്ടെന്നു മടങ്ങി. രണ്ട് റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിനെ മികച്ചൊരു ഫീല്‍ഡിംഗിലൂടെ സാന്റ്‌നര്‍ റണ്ണൗട്ടാക്കുകയായിരുന്നു.

തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജ കോലിക്ക് ഉറച്ച പിന്തുണ നല്‍കി. ആറാം വിക്കറ്റില്‍ ജഡേജയുമൊത്ത് 78 റണ്‍സിന്റെ കൂട്ടുകെട്ടിലും കോലി പങ്കാളിയായി. ജഡേജ (39) പുറത്താകാതെ നിന്നു.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് നിശ്ചിത ഓവറില്‍ 273 റണ്‍സിന് എല്ലാവരും പുറത്തായി. 130 റണ്‍സ് നേടിയ ഡാരില്‍ മിച്ചല്‍, 75 റണ്‍സ് നേടിയ രചിന്‍ രവീന്ദ്ര എന്നിവരുടെ മികവിലാണ് ന്യൂസിലന്‍ഡ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഇന്ത്യക്കായി മുഹമ്മദ് ഷമി 5 വിക്കറ്റ് വീഴ്ത്തി. അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ ബൗളിംഗാണ് ന്യൂസീലന്‍ഡിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഷമിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.