ഹിജാബ് ധരിക്കാത്തതിന് ഇറാന്‍ മത പൊലീസ് മര്‍ദിച്ച കൗമാരക്കാരിക്ക് മസ്തിഷ്‌കമരണം സംഭവിച്ചതായി റിപ്പോര്‍ട്ട്

ഹിജാബ് ധരിക്കാത്തതിന് ഇറാന്‍ മത പൊലീസ് മര്‍ദിച്ച കൗമാരക്കാരിക്ക് മസ്തിഷ്‌കമരണം സംഭവിച്ചതായി റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മത പൊലീസ് മര്‍ദിച്ച് അബോധാവസ്ഥയിലായിരുന്ന പതിനാറുകാരിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്. ടെഹ്‌റാനില്‍ മെട്രോയില്‍ സഞ്ചരിക്കുകയായിരുന്ന അര്‍മിത ഗരവന്ദ് ആണ് പൊലീസ് ഉദ്യോഗസ്ഥരുടെ മര്‍ദനത്തിനിരയായി അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവെയാണ് മസ്തിഷ്‌കമരണം സംഭവിച്ചതെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ മാസം ആദ്യമാണ് ട്രെയിനില്‍ സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കവേ ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മതപോലീസിന്റെ ആക്രമണത്തിനിരയായി യുവതി കുഴഞ്ഞുവീഴുന്നത്. പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് എടുത്ത് പുറത്തിടുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പെണ്‍കുട്ടി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചിത്രവും മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതോടെ പ്രതിഷേധം ശക്തമായി. പിന്നാലെ യു.എസ്, ജര്‍മ്മനി തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങള്‍ ആശങ്കയറിയിച്ചിരുന്നു

പെണ്‍കുട്ടി കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് അധികൃതര്‍ പറഞ്ഞത്. അര്‍മിത ഗരവന്ദിന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കാന്‍ ആശുപത്രിയിലെത്തിയ ഒരു ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മതപൊലീസിന്റെ ആക്രമണത്തില്‍ അര്‍മിതയ്ക്ക് സാരമായി പരിക്കേറ്റിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനയായ ഹെന്‍ഗാവ് പറഞ്ഞിരുന്നു. അര്‍മിതയെ കാണാന്‍ കുടുംബാംഗങ്ങളെ പോലും അനുവദിക്കുന്നില്ലെന്നാണ് ഹെന്‍ഗാവ് പ്രതിനിധികള്‍ പറഞ്ഞത്. പിന്നീട് അര്‍മിതയുടെ ചിത്രങ്ങള്‍ ഹെന്‍ഗാവ് പ്രതിനിധികള്‍ പുറത്തുവിട്ടിരുന്നു. കഴുത്തിലും തലയിലും പരിക്കേറ്റ നിലയിലായിരുന്നു അര്‍മിത.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കുര്‍ദ് യുവതി മഹ്‌സ അമിനി (22) കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് വനിതകളുടെ നേതൃത്വത്തില്‍ മാസങ്ങളോളം കനത്ത പ്രക്ഷോഭമാണു രാജ്യത്തുടനീളം നടന്നത്. അമിനിയും മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് മൂന്ന് ദിവസം ആശുപത്രിയിലായിരുന്നു. മഹ്‌സ അമിനിയുടെ മരണം റിപ്പോര്‍ട്ട് ചെയ്ത രണ്ടു വനിതാ മാധ്യമപ്രവര്‍ത്തകരെ ഇറാന്‍ ജയിലിലടച്ചു.

നിലോഫര്‍ ഹമദി, ഇലാഹി മുഹമ്മദി എന്നിവര്‍ക്കാണു കോടതി യഥാക്രമം 13 വര്‍ഷവും 12 വര്‍ഷവും ജയില്‍ ശിക്ഷ വിധിച്ചത്. ദേശീയ താല്‍പര്യത്തിനു വിരുദ്ധമായി അേമരിക്കയുമായി ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.