'ജീവനോടെയുണ്ടാകുമെന്ന് കരുതി'; ഹമാസ് ഭീകരാക്രമണത്തില്‍ ബ്രിട്ടണില്‍നിന്നുള്ള 16 വയസുകാരിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം

'ജീവനോടെയുണ്ടാകുമെന്ന് കരുതി'; ഹമാസ് ഭീകരാക്രമണത്തില്‍ ബ്രിട്ടണില്‍നിന്നുള്ള 16 വയസുകാരിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ഗാസ: ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ബ്രിട്ടീഷ് യുവതി കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനിലെ 16 വയസുകാരി നോയ്യാ ഷറാബിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നോയ്യയുടെ അമ്മ ലിയാനും സഹോദരി യാഹലും കൊല്ലപ്പെട്ടതായി നേരത്തെ സ്ഥിരീകരണം വന്നിരുന്നു.

നോയ്യാ ഹമാസ് ഭീകരരുടെ തടവിലായിരിക്കുമെന്നാണ് ബന്ധുക്കള്‍ ഭയപ്പെട്ടിരുന്നത്. എന്നാല്‍ 16 കാരിയായ നോയ്യയും കൊല്ലപ്പെട്ടെന്ന ദു:ഖകരമായ വാര്‍ത്തയാണ് ഒടുവില്‍ ബന്ധുക്കളെ തേടിയെത്തിയത്. നോയ്യയുടെ മരണത്തോടെ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷുകാരുടെ എണ്ണം 10 ആയി ഉയര്‍ന്നു. ആറ് പേരെ കാണാതായിട്ടുണ്ട്.

ഒക്ടോബര്‍ ഏഴിന് ഇസ്രയേലിലെ കിബ്ബൂട്ട്സില്‍ നടന്ന ആക്രമണത്തിലാണ് നോയ്യയുടെ 13 വയസുള്ള സഹോദരിയും അമ്മയും കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നത്. നോയ്യാ ഷറാബിയെ തട്ടിക്കൊണ്ടുപോയതായാണ് ബന്ധുക്കള്‍ ഭയപ്പെട്ടത്. നോയ്യയുടെ മൃതദേഹം ഔപചാരികമായി തിരിച്ചറിഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു.

സന്നദ്ധ സേവനത്തിനായാണ് നോയ്യയുടെ അമ്മ ഇസ്രയേലിലേക്ക് എത്തിയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. ബ്രിട്ടണിലെ ബ്രിസ്റ്റോളിലാണ് നോയ്യയുടെ കുടംബം. ഇപ്പോള്‍ 48 വയസുള്ള ലിയാന്‍ 19 വയസുള്ളപ്പോഴാണ് ഇസ്രയേലിലെ കിബ്ബൂട്ട്‌സില്‍ സന്നദ്ധപ്രവര്‍ത്തകയായി എത്തിയത്. അവിടെവെച്ച് എലി എന്ന യുവാവിനെ കണ്ടുമുട്ടി. 2000-ല്‍ യു.കെയില്‍ വെച്ചാണ് ഇരുവരും വിവാഹിതരാവുന്നത്. ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇദ്ദേഹത്തെയും കാണാനില്ലെന്നാണ് വിവരം.

ഹമാസ് ആക്രമണം നടക്കുന്ന വേളയില്‍ യുകെയിലെ ബന്ധുക്കള്‍ക്ക് ഫോണ്‍ സന്ദേശങ്ങള്‍ അയച്ചതായാണ് പറയപ്പെടുന്നത്. വീടിന് പുറത്ത് വെടിയൊച്ചകള്‍ കേള്‍ക്കുന്നതായും അറബിയില്‍ ഉച്ചത്തില്‍ എന്തൊക്കെയോ വിളിച്ചുപറയുന്നതുമായാണ് ഫോണ്‍ സന്ദേശം. ആളുകളെല്ലാം ഓടിയൊളിക്കുന്നതായും ഇവര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു.

തീവ്രവാദികള്‍ വീട്ടില്‍ കയറി വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നത് ഞങ്ങള്‍ ഫോണിലൂടെ കേള്‍ക്കുന്നുണ്ടായിരുന്നു. അതുവരെ അവര്‍ മുറിയില്‍ സുരക്ഷിതരായിരുന്നു. തുടര്‍ന്ന് ആശയവിനിമയം നിലച്ചു, മൂന്ന് ദിവസത്തിന് ശേഷമാണ് ഇസ്രായേല്‍ സൈനികര്‍ക്ക് എലിയുടെയും ലിയാനയുടെയും വീട്ടിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞത്. ഇവരുടെ മറ്റ് ബന്ധുക്കളും ആക്രമണത്തിന് ഇരകളാണ്. ചിലര്‍ ബന്ദികളാക്കിയവരില്‍ ഉള്‍പ്പെട്ടതായാണ് മറ്റ് ബന്ധുക്കള്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.