കരയുദ്ധം?.. ബന്ദികളെ തിരഞ്ഞ് ഇസ്രയേല്‍ കരസേന ഗാസയില്‍; ഹമാസുമായി ഏറ്റുമുട്ടല്‍: പിടിയിലായ ഹമാസ് ഭീകരന്റെ ശരീരത്തില്‍ നിന്ന് രാസായുധ പ്രയോഗ നിര്‍ദേശങ്ങള്‍ കണ്ടെത്തി

കരയുദ്ധം?.. ബന്ദികളെ തിരഞ്ഞ് ഇസ്രയേല്‍ കരസേന ഗാസയില്‍; ഹമാസുമായി ഏറ്റുമുട്ടല്‍: പിടിയിലായ ഹമാസ് ഭീകരന്റെ ശരീരത്തില്‍ നിന്ന് രാസായുധ പ്രയോഗ നിര്‍ദേശങ്ങള്‍ കണ്ടെത്തി

കാലാള്‍പ്പടയും പീരങ്കിപ്പടയും ടാങ്ക് സേനയും ഗാസയിലെ നിരവധി ഹമാസ് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിനെ (ഐഡിഎഫ്) ഉദ്ധരിച്ച് 'ദി ടൈംസ് ഓഫ് ഇസ്രയേല്‍' റിപ്പോര്‍ട്ട് ചെയ്തു.

ഗാസ: ഹമാസ് ബന്ദികളാക്കിയവരെ കണ്ടെത്താനായി ഗാസയില്‍ ഇസ്രയേല്‍ കരസേനയുടെ തിരച്ചില്‍ ആരംഭിച്ചു. വ്യോമാക്രണം രൂക്ഷമായി തുടരുന്നതിനിടെയാണ് ഗാസയില്‍ കരസേനയുടെ നടപടികളും ഇസ്രയേല്‍ ആരംഭിച്ചത്. എന്നാല്‍ സൈന്യം പൂര്‍ണമായി ഗാസയില്‍ പ്രവേശിച്ചിട്ടില്ല.

ഇസ്രയേല്‍ സേന ഗാസയില്‍ പ്രവേശിച്ചത് ഹമാസും സ്ഥിരീകരിച്ചു. ഇസ്രയേല്‍ സേനയുമായി ഏറ്റുമുട്ടല്‍ നടന്നതായും ഇസ്രയേലിന്റെ രണ്ട് ബുള്‍ഡോസറുകളും ഒരു ടാങ്കും തകര്‍ത്തതായും ഹമാസ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. തങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേല്‍ സേന പിന്‍മാറി എന്നും ഹമാസ് അവകാശപ്പെട്ടു.

എന്നാല്‍ പിന്‍മാറിയെന്ന ഹമാസ് അവകാശവാദം നിക്ഷേധിച്ച ഇസ്രയേല്‍ സേന ഹമാസ് ഭീകരര്‍ ബന്ദികളാക്കിയിട്ടുള്ള 222 പേരെ മോചിപ്പിക്കുന്നതിനായുള്ള നടപടി തുടരുമെന്ന് വ്യക്തമാക്കി.

കാലാള്‍പ്പടയും പീരങ്കിപ്പടയും ടാങ്ക് സേനയും ഗാസയിലെ നിരവധി ഹമാസ് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിനെ (ഐഡിഎഫ്) ഉദ്ധരിച്ച് 'ദി ടൈംസ് ഓഫ് ഇസ്രയേല്‍' റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹമാസിന്റെ 320 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ സേന അറിയിച്ചു.

ഹമാസും ഇസ്ലാമിക് ജിഹാദും ഒളിച്ചിരിക്കുന്ന തുരങ്കങ്ങള്‍, സൈനിക സൈറ്റുകള്‍, നിരീക്ഷണ കേന്ദ്രങ്ങള്‍, മോര്‍ട്ടാര്‍, ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ പൊസിഷനുകള്‍ എന്നിവിടങ്ങളില്‍ ഒറ്റരാത്രി തന്നെ വ്യോമസേന ആക്രമണം നടത്തിയതായും സൈന്യം വ്യക്തമാക്കി.

അതിനിടെ ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ പങ്കെടുത്ത ഹമാസ് ഭീകരന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയ യുഎസ്ബി ഡ്രൈവില്‍ നിന്ന് രാസായുധങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കണ്ടെത്തിയതായി ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

തടവുകാരെ തട്ടിക്കൊണ്ടു പോകുന്നതിനുള്ള ഒരു മാനുവലും കൂട്ട കൊലപാതകത്തിന് രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനുള്ള നിര്‍ദേശങ്ങളും യുഎസ്ബി ഡ്രൈവിലുണ്ടെന്ന് ഹെര്‍സോഗ് വ്യക്തമാക്കിയതായും സിഎന്‍എന്‍ വാര്‍ത്തയില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.