സൗദി അറേബ്യയില്‍ വിദേശ സര്‍വകലാശാലകള്‍ക്ക് ശാഖകള്‍ തുറക്കാന്‍ അനുമതി

സൗദി അറേബ്യയില്‍ വിദേശ സര്‍വകലാശാലകള്‍ക്ക് ശാഖകള്‍ തുറക്കാന്‍ അനുമതി

റിയാദ്: സൗദി അറേബ്യയില്‍ ഉന്നത പഠനത്തിന്റെയും ശാസ്ത്ര ഗവേഷണങ്ങളുടെയും വികസനം ലക്ഷ്യമാക്കി രാജ്യത്ത് വിദേശ സര്‍വകലാശാലകള്‍ക്ക് ശാഖകള്‍ തുറക്കാന്‍ അനുമതി. യൂണിവേഴ്സിറ്റി വിദ്യാഭ്യാസ ഓപ്ഷനുകള്‍ വൈവിധ്യവത്കരിക്കുക, രാജ്യത്തിന്റെ വികസന ആവശ്യകതകള്‍ നിറവേറ്റുന്ന വിദ്യാഭ്യാസം നല്‍കുക എന്നിവ മുന്‍നിര്‍ത്തി സൗദി വിദ്യാഭ്യാസ നയത്തിന്റെ ചട്ടക്കൂടില്‍നിന്ന് വിദേശ സര്‍വകലാശാലകള്‍ക്ക് ശാഖകള്‍ തുറക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ കൗണ്‍സില്‍ ഓഫ് യൂണിവേഴ്സിറ്റി അഫയേഴ്സ് വ്യക്തമാക്കി.

സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ അനുഭവിച്ചുവന്നിരുന്ന പ്രധാന പ്രശ്നങ്ങളിലൊന്നിന് ഇതോടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവാസികള്‍ക്ക് പ്രവേശനം ലഭിക്കുന്ന മികച്ച വിദേശ സ്ഥാപനങ്ങള്‍ സൗദിയില്‍ ഇല്ല. ഇതുകാരണം പ്ലസ് ടു പഠനശേഷം പ്രവാസി ഇന്ത്യക്കാരുടെ മക്കള്‍ ഇന്ത്യയിലേക്കോ മറ്റ് വിദേശ രാജ്യങ്ങളിലേക്കോ തുടര്‍പഠനത്തിന് പോകാന്‍ നിര്‍ബന്ധിതരായിരുന്നു.

ഒരു വിദേശ സര്‍വകലാശാല അതിന്റെ ബ്രാഞ്ച് സ്ഥാപിക്കാനുള്ള അപേക്ഷ വിദേശ സര്‍വകലാശാലയോ അതിന്റെ പ്രതിനിധിയോ ആണ് കൗണ്‍സിലിന് സമര്‍പ്പിക്കേണ്ടത്. സര്‍വകലാശാലയെക്കുറിച്ചുള്ള വിവരങ്ങളും അതിന്റെ പേരും സ്ഥലവും സ്ഥാപിച്ച തീയതിയും അത് വാഗ്ദാനം ചെയ്യുന്ന സ്പെഷ്യലൈസേഷനുകളും മറ്റു ശാഖകളുടെ വിവരങ്ങളും അതോടൊപ്പം നല്‍കണം.

സര്‍വകലാശാല ശാഖ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ വിശദീകരിക്കുന്ന പഠന റിപ്പോര്‍ട്ടും ഇതോടൊപ്പം സമര്‍പ്പിക്കണം. എന്നാണ് സൗദിയിലെ സര്‍വകലാശാല ശാഖയില്‍ പഠനം തുടങ്ങുകയെന്നും അറിയിക്കണം.

ശാഖ സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചാല്‍ ഉടമ പ്രത്യേക ലൈസന്‍സ് എടുക്കണം. ലൈസന്‍സ് എടുക്കാതെ സര്‍വകലാശാല തുടങ്ങാനാവില്ല. മന്ത്രിയാണ് അന്തിമാനുമതി നല്‍കേണ്ടത്.

മാതൃ യൂണിവേഴ്സിറ്റിയിലെ അധ്യയന ഭാഷയാണ് ഇവിടെ അധ്യയന മീഡിയമായി ഉപയോഗിക്കേണ്ടത്. ശാഖ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മാതൃസ്ഥാപനം സാക്ഷ്യപ്പെടുത്തണം. കൗണ്‍സിലിന്റെ അനുമതിയില്ലാതെ ശാഖയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനോ ഉടമസ്ഥാവകാശം മാറ്റാനോ പാടില്ല.

സര്‍വകലാശാല ബ്രാഞ്ച് അക്കാദമികമായോ ഭരണപരമായോ സാമ്പത്തികമായോ തകരുമ്പോള്‍ വിദ്യാര്‍ഥികള്‍ അവരുടെ പഠനം പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ തീരുമാനങ്ങളും നടപടികളും എടുക്കാന്‍ കൗണ്‍സിലിന് അവകാശമുണ്ട്. വിദേശ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ചാല്‍ മന്ത്രിക്കോ കൗണ്‍സിലിനോ നടപടിയെടുക്കാന്‍ സാധിക്കും. നിയമ ലംഘനങ്ങളുടെ ഗൗരവത്തിനനുസരിച്ച് നടപടികളില്‍ മാറ്റമുണ്ടാകും. നിയമ ലംഘനങ്ങളും പരാതികളും പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങളും പിഴകള്‍ ചുമത്താനുള്ള അധികാരവും എക്സിക്യൂട്ടീവില്‍ നിക്ഷിപ്തമാണ്.

യു.എ.ഇയിലെ അബുദാബിയില്‍ ഐഐടി ഡല്‍ഹിയുടെ കാമ്പസ് അടുത്ത ജനുവരിയില്‍ തുറക്കാനിരിക്കുകയാണ്. ഡല്‍ഹി ഐഐടിയുടെ ആദ്യത്തെ വിദേശ കാമ്പസാണിത്. ഇതിനായി ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രാലയവും അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പും ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎഇ സന്ദര്‍ശന വേളയിലാണ് കരാര്‍ ഒപ്പിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.