അമേരിക്കയില്‍ 'സൂപ്പര്‍ ഫോഗ്'; 150-ലേറെ വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; ഏഴ് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ 'സൂപ്പര്‍ ഫോഗ്'; 150-ലേറെ വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; ഏഴ് പേര്‍ കൊല്ലപ്പെട്ടു

ന്യൂ ഓര്‍ലിയന്‍സ്: ലൂസിയാനയില്‍ കനത്ത മൂടല്‍മഞ്ഞിനെതുടര്‍ന്ന് 150-ലേറെ വാഹനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം. അപകടത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്കു പരിക്കേറ്റു. വാഹനങ്ങള്‍ തീപിടിച്ചതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്നാണ് ലൂസിയാന സ്റ്റേറ്റ് പോലീസിന്റെ നിഗമനം.

ന്യൂ ഓര്‍ലിയാന്‍സിന് സമീപം ഇന്റര്‍‌സ്റ്റേറ്റ് 55-ല്‍ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവകയ്ക്കു സമീപമാണ് അപകടമുണ്ടായത്. 158 വാഹനങ്ങളാണ് കൂട്ടിയിടിച്ചതെന്ന് പോലീസിനെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. കൂട്ടിയിടിച്ചതിനെതുടര്‍ന്ന് നിരവധി വാഹനങ്ങള്‍ അഗ്നിഗോളമായി മാറി.

കാഴ്ച്ചയെ മറയ്ക്കുന്ന കട്ടിയുള്ള മൂടല്‍മഞ്ഞായ 'സൂപ്പര്‍ ഫോഗ്' എന്ന പ്രതിഭാസമാണ് ദുരന്തത്തിനു കാരണമായത്. നനഞ്ഞതും പുക നിറഞ്ഞതുമായ അന്തരീക്ഷത്തില്‍ വികസിക്കുന്ന കട്ടിയുള്ള മൂടല്‍മഞ്ഞാണ് സൂപ്പര്‍ ഫോഗ്.

കത്തിക്കരിഞ്ഞ വാഹനങ്ങള്‍ ഒന്നിനു മീതെ ഒന്നായി കിടക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുക്കാന്‍ കഴിഞ്ഞത്.

18 ചക്രങ്ങളുള്ള മൂന്നു ട്രക്കുകള്‍ അപകടത്തിനിരയായി. അതില്‍ രണ്ടെണ്ണം അഗ്‌നിക്കിരയായി. അപകടത്തെതുടര്‍ന്ന് റുഡോക്കിനും മഞ്ചാക്കിനും ഇടയിലുള്ള പാത അടച്ചുപൂട്ടുകയും ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തു.


അപകടങ്ങളില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി ലൂസിയാന ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വേര്‍ഡ് പറഞ്ഞു. പരിക്കേറ്റവര്‍ക്കായി രക്തം ദാനം ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.