ഹമാസുമായി ചേര്‍ന്ന് അമേരിക്കന്‍ പൗരന്‍മാരെ ആക്രമിച്ചാല്‍ ഭവിഷ്യത്ത് ഗുരുതരം: ഇറാന് മുന്നറിയിപ്പുമായി അമേരിക്ക

ഹമാസുമായി ചേര്‍ന്ന് അമേരിക്കന്‍ പൗരന്‍മാരെ ആക്രമിച്ചാല്‍ ഭവിഷ്യത്ത് ഗുരുതരം: ഇറാന് മുന്നറിയിപ്പുമായി അമേരിക്ക

ന്യൂയോര്‍ക്ക്: ഇറാനുമായി സംഘര്‍ഷത്തിന് താല്‍പര്യമില്ലെന്നും എന്നാല്‍ അമേരിക്കന്‍ പൗരന്മാരെ ആക്രമിച്ചാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഇസ്രയേല്‍-ഹമാസ് യുദ്ധം സംബന്ധിച്ച് നടന്ന യുഎന്‍ രക്ഷാസമിതി യോഗത്തിലായിരുന്നു ബ്ലിങ്കന്റെ മുന്നറിയിപ്പ്.

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിനിടെ അമേരിക്കയ്ക്കെതിരെ പ്രവര്‍ത്തിക്കരുതെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കണമെന്നും ഇസ്രയേലിനെതിരെ മറ്റൊരു മുന്നണി തുറക്കുകയോ ഇസ്രയേല്‍ സഖ്യകക്ഷികളെ ആക്രമിക്കുകയോ ചെയ്യുന്നതില്‍ നിന്ന് ഇറാനെ വിലക്കണമെന്നും രക്ഷാസമിതി യോഗത്തില്‍ ബ്ലിങ്കന്‍ ആവശ്യപ്പെട്ടു.  ഇറാനോ അതിന്റെ പിന്തുണയുള്ളവരോ അമേരിക്കക്കാരെ ആക്രമിച്ചാല്‍ തിരികെ പ്രതികരിക്കുമെന്നും ആന്റണി ബ്ലിങ്കന്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം ഇസ്രായേലിനെതിരെ റോക്കറ്റ് ആക്രമണം നടത്തിയ ലെബനനിലെ ഹിസ്ബുള്ള ഭീകരര്‍ക്ക് ഇറാന്റെ പിന്തുണയുണ്ടെന്നും മേഖലയിലെ യു.എസ് സേനയ്‌ക്കെതിരായ അക്രമങ്ങളില്‍ ഇറാന് പങ്കാളിത്തമുണ്ടെന്നുമാണ് അമേരിക്ക പറയുന്നത്. യു.എസ് സേനയ്‌ക്കെതിരായ ഡ്രോണ്‍, റോക്കറ്റ് ആക്രമണങ്ങളില്‍ ഇറാനെ ഉത്തരവാദികളാക്കുമെന്ന് തിങ്കളാഴ്ച അമേരിക്ക വ്യക്തമാക്കിയിരുന്നു.

അതേസമയം പാലസ്തീന്‍ ജനതയ്ക്കും ഹമാസിനും പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍ രംഗത്തെത്തിയിരുന്നു. ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനാണ് ഹമാസ് നേതാക്കളായ ഇസ്മായില്‍ ഹനിയ്യയെയും സിയാദ് അല്‍ നഖാലയെയും ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചത്.

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും അമേരിക്കന്‍ പിന്തുണയോടെ ആക്രമണം ഇസ്രായേല്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.