'ഹമാസിന്റെ കൈവശം അഞ്ച് ലക്ഷം ലിറ്റര്‍ ഡീസല്‍; ആശുപത്രികള്‍ക്ക് നല്‍കാതെ പൂഴ്ത്തി വെക്കുന്നു': ആരോപണവുമായി ഇസ്രയേല്‍

'ഹമാസിന്റെ കൈവശം അഞ്ച് ലക്ഷം ലിറ്റര്‍ ഡീസല്‍; ആശുപത്രികള്‍ക്ക് നല്‍കാതെ പൂഴ്ത്തി വെക്കുന്നു': ആരോപണവുമായി ഇസ്രയേല്‍

ഐ.ഡി.എഫ് എക്സില്‍ പങ്കുവെച്ച ചിത്രം.

ടെല്‍ അവീവ്: ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനത്തിനടക്കം ഇന്ധന ക്ഷാമം നേരിടുന്നതായുള്ള വാര്‍ത്തകള്‍ക്കിടെ ഹമാസിനെതിരെ ആരോപണവുമായി ഇസ്രയേല്‍.

ഹമാസ് തീവ്രവാദികള്‍ വലിയ അളവില്‍ ഇന്ധനം ശേഖരിച്ച് ഉപയോഗിക്കാതെ വെച്ചിരിക്കുകയാണെന്നും ഗാസയില്‍ അഞ്ച് ലക്ഷത്തിലേറെ ലിറ്റര്‍ ഡീസല്‍ ഹമാസ് ഇത്തരത്തില്‍ കരുതിയിട്ടുണ്ടെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്) ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളും ഐ.ഡി.എഫ് എക്സില്‍ പങ്കുവെച്ചു.

തെക്കന്‍ ഗാസയില്‍ റാഫ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്ത് വലിയ ഇന്ധന ടാങ്കുകളില്‍ ഡീസല്‍ ശേഖരിച്ചു വെച്ചിട്ടുണ്ടെന്നാണ് ഇസ്രയേലിന്റെ ആരോപണം. സാധാരണക്കാരില്‍ നിന്ന് തട്ടിയെടുക്കുന്ന ഇന്ധനമാണ് ഹമാസ് ഇങ്ങനെ ശേഖരിക്കുന്നതെന്നും ഇസ്രയേല്‍ പറയുന്നു.

വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് വടക്കന്‍ ഗാസയിലെ ഇന്‍ന്തൊനീഷ്യന്‍ ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ച സാഹചര്യമുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് ഇവിടെ വൈദ്യുതി മുടങ്ങിയത്. 48 മണിക്കൂര്‍ കൂടി ആശുപത്രി പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനമേ ഇവിടെ ശേഷിച്ചിരുന്നുള്ളൂ. ഇതും നിലച്ചാല്‍ ഇന്‍ക്യുബേറ്ററും ശ്വസനോപകരണങ്ങളുമടക്കം പ്രവര്‍ത്തനം നിലച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആശുപത്രിക്ക് വൈദ്യുതി നിഷേധിച്ച നടപടി മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് ഹമാസ് പ്രതികരിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ അറബ് രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഐ.ഡി.എഫ്. ഹമാസിന്റെ വാദത്തെ പൊളിക്കുന്ന ചിത്രങ്ങളുമായി രംഗത്തെത്തിയത്.

ഹമാസിന്റെ കൈവശമുള്ള ഇന്ധന ശേഖരം ഉപയോഗിച്ച് ഗാസയിലെ മുഴുവന്‍ ആശുപത്രികളും കൂടുതല്‍ ദിവസത്തേക്ക് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് ഇസ്രയേല്‍ പറയുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.