ഹമാസ്, ഇസ്ലാമിക് ജിഹാദ് നേതാക്കളുമായി ഹിസ്ബുള്ള തലവന്‍ കൂടിക്കാഴ്ച നടത്തി; പശ്ചിമേഷ്യയില്‍ സൈന്യത്തെ വിന്യസിച്ച് ഓസ്‌ട്രേലിയയും

ഹമാസ്, ഇസ്ലാമിക് ജിഹാദ് നേതാക്കളുമായി ഹിസ്ബുള്ള തലവന്‍ കൂടിക്കാഴ്ച നടത്തി; പശ്ചിമേഷ്യയില്‍ സൈന്യത്തെ വിന്യസിച്ച് ഓസ്‌ട്രേലിയയും

ഗാസ: ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റുള്ള ഹമാസ്, ഇസ്ലാമിക് ജിഹാദ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഹമാസ് ഉപനേതാവ് സാലിഹ് അല്‍-അറൂരി, ഇസ്ലാമിക് ജിഹാദ് മേധാവി സിയാദ് അല്‍-നഖല എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

അന്താരാഷ്ട്ര തലത്തില്‍ സ്വീകരിച്ച നിലപാടുകളും പ്രതിരോധ സഖ്യം ചെയ്യേണ്ട കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഗാസയില്‍ പ്രതിരോധം ശക്തമാക്കാനുള്ള നീക്കം ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്ന് ഇറാന്‍, സിറിയ, ഫലസ്തീന്‍ സായുധ ഗ്രൂപ്പുകളെയും ഹിസ്ബുള്ളയെയും ഉദ്ധരിച്ച് ഹിസ്ബുള്ള ചാനല്‍ അല്‍-മനാല്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ രണ്ട് യുദ്ധ വിമാനങ്ങളും നിരവധി സൈനികരെയും ഓസ്‌ട്രേലിയ പശ്ചിമേഷ്യയില്‍ വിന്യസിച്ചു. യുദ്ധം കനക്കുമ്പോള്‍ തങ്ങളുടെ പൗരന്‍മാരുടെ സംരക്ഷണത്തിനാണ് സൈന്യത്തെ വിന്യസിച്ചതെന്നാണ് ഓസ്‌ട്രേലിയ വ്യക്തമാക്കുന്നത്.

അവസാനത്തെ ഹമാസ് തീവ്രവാദിയെ വരെ ഇല്ലായ്മ ചെയ്യുമെന്ന് പ്രഖ്യാപിച്ച ഇസ്രയേല്‍ ആക്രമണം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ കരയാക്രമണത്തിന് കോപ്പു കൂട്ടുകയാണ്. അതിനായി മൂന്നര ലക്ഷം വരുന്ന റിസര്‍വ് സേനയെ കൂടി ഇസ്രയേല്‍ യുദ്ധമുഖത്ത് സജ്ജമാക്കി കഴിഞ്ഞു. നാവിക-വ്യോമ-കര സേനകളുടെ സംയുക്ത ആക്രമണത്തിനാണ് ഇസ്രായേല്‍ തയ്യാറെടുക്കുന്നത്.

യുദ്ധ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനായി പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിനും ലഫ്. ജനറല്‍ ജെയിംസ് ഗ്ലിന്നും ഇസ്രയേലിലെത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ പത്താം ദിവസമായ ഒക്ടോബര്‍ 17 ന് കരയാക്രമണം ആരംഭിക്കാനായിരുന്നു ഇസ്രയേലിന്റെ പദ്ധതി. എന്നാല്‍ ഇരുനൂറിലേറെ ബന്ദികള്‍ ഹമാസിന്റെ കസ്റ്റഡിയിലുള്ളതും അന്താരാഷ്ട്ര സമ്മര്‍ദങ്ങളും അതിന് തടസമായി.

ഗാസയില്‍ കരയാക്രമണം തുടങ്ങിയാല്‍ ലബനനില്‍ നിന്ന് ഹിസ്ബുള്ളയുടെ ആക്രമണവും ഇസ്രയേല്‍ പ്രതീക്ഷിക്കുന്നുണ്ട്. വടക്കന്‍ ഇസ്രയേലില്‍ ഏതു സമയത്തും ആക്രമണം പ്രതീക്ഷിക്കാമെന്ന് ഹിസ്ബുള്ള മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്. ഹിസ്ബുള്ളയ്ക്കും ഹമാസിനും ഇറാന്റെ പിന്തുണയുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.