മാലെ: മാലദ്വീപില്‍ നിന്നും ഇന്ത്യന്‍ സൈന്യം എത്രയും പെട്ടെന്ന് പിന്‍വാങ്ങണമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുയിസു. പൂര്‍ണമായ സ്വാതന്ത്ര്യമാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും മുഹമ്മദ് മുയിസു പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന് താവളം നല്‍കുന്നതിലൂടെ രാജ്യത്തിന്റെ പരമാധികാരത്തെ അടിയറ വയ്ക്കുകയാണ് മുന്‍ പ്രസിഡന്റ് ഇബ്രാഹിം സോലിഹ് ചെയ്യുന്നതെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുയിസു ആരോപിച്ചിരുന്നു.
സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ച ആരംഭിച്ചതായും വിജയകരമായി മുന്നോട്ടു പോകുന്നുവെന്നും മുയിസു പറഞ്ഞു. ഇരുകൂട്ടര്‍ക്കും നേട്ടമുള്ള ബന്ധമാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ പറയുന്നതിലൂടെ ചൈനയുടെ സൈന്യത്തെയോ മറ്റേതെങ്കിലും രാജ്യത്തിന്റെ സൈന്യത്തെയോ ഇവിടേക്ക് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് കരുതരുത്. ഞങ്ങള്‍ക്ക് എല്ലാ രാജ്യത്തിന്റെയും സഹായവും സഹകരണവും ആവശ്യമാണ്- ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ മുയിസു പറഞ്ഞു.
മേഖലയില്‍ സ്വാധീനത്തിനായി ഇന്ത്യയും ചൈനയും മത്സരിക്കുന്നതിനിടെയാണ് നിയുക്ത പ്രസിഡന്റിന്റെ നിലപാട്.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്, മാലദ്വീപില്‍ അനിയന്ത്രിതമായ ഇന്ത്യന്‍ സാന്നിധ്യം അനുവദിച്ചുവെന്ന് മുയിസുവില്‍നിന്ന് ആരോപണം നേരിട്ടിരുന്നു. എന്നാല്‍, മാലദ്വീപില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം ഇരു സര്‍ക്കാരുകളും തമ്മിലുള്ള കരാര്‍ പ്രകാരം കപ്പല്‍ നിര്‍മാണശാല നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണെന്ന് സോലിഹ് വ്യക്തമാക്കിയിരുന്നു. ചൈനീസ് അനുകൂലിയായി പരസ്യമായി അവകാശപ്പെട്ടിട്ടുള്ള മുയിസു, രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 54% വോട്ടു നേടിയാണു ഇബ്രാഹിം മുഹമ്മദ് സോലിഹിനെ പരാജയപ്പെടുത്തിയത്.
നിലവില്‍ എഴുപതോളം ഇന്ത്യന്‍ സൈനികര്‍ ഇന്ത്യന്‍ റഡാര്‍ സ്റ്റേഷനുകള്‍ക്കും നിരീക്ഷണ വിമാനങ്ങള്‍ക്കുമൊപ്പം മാലദ്വീപിലുണ്ട്. ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ മാലദ്വീപിന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പട്രോളിംഗ് നടത്താന്‍ സഹായിക്കുന്നുമുണ്ട്. കൂടാതെ ദ്വീപ് രാഷ്ട്രത്തിന്റെ വിവിധ മേഖലകളിലെ വികസനത്തിനും സുരക്ഷയ്ക്കും ഇന്ത്യ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ഇതിനിടെയാണ് പുതിയ ഭരണാധികാരിയുടെ നിലപാട് മാറ്റം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.