മലയാളം എഴുതാനറിയില്ല  എങ്കിലും യേശുവിനായ് പാട്ടെഴുതി ഡോളി

മലയാളം എഴുതാനറിയില്ല  എങ്കിലും യേശുവിനായ് പാട്ടെഴുതി ഡോളി

മലയാളം എഴുതാനറിയില്ല  എങ്കിലും യേശുവിനായ് പാട്ടെഴുതി ഡോളി എന്ന അമേരിക്കൻ മലയാളി ശ്രദ്ധിക്കപ്പെട്ടു.  മലയാളം എഴുതാനറിയാത്ത ഡോളിക്ക് ദൈവം കൊടുത്ത പ്രത്യേക അനുഗ്രഹമായിട്ടാണ് കുടുംബാംഗങ്ങൾ ഈ പാട്ടിനെ കരുതുന്നത്.   ഡോളി സിന്യൂസ് ലൈവ്നോട് തന്റെ സന്തോഷം പങ്ക് വയ്ക്കുന്നു.

"2020 ഒക്ടോബർ 13നാണ് 'എന്നെ സ്നേഹിച്ച യേശുവിനായ്'എന്ന ഗാനം ഞാൻ എഴുതിയത്. എന്റെ  ജീവിതത്തിലെ ഒരു പ്രത്യേക പരീക്ഷണ ഘട്ടത്തിലാണ് ഈ ഗാനം ജന്മമെടുത്തത്. ഒരിക്കൽ എന്റെ പിയാനോയുമായി ഞാൻ  പ്രാർത്ഥനയിൽ ആയിരുന്ന സമയം. അണമുറിയാതെ വാക്കുകളും സംഗീതവും ഒഴുകാൻ തുടങ്ങി. 8  മിനിറ്റിനുള്ളിൽ ആ ഗാനം പൂർത്തിയായി. ഇതിലെ വിചിത്രമായ കാര്യം, ഞാൻ  മലയാളം നന്നായി സംസാരിക്കുമെങ്കിലും  എഴുതാനും വായിക്കാനും എനിക്ക് അറിയില്ല എന്നുള്ളതാണ്. മലയാളി മാതാപിതാക്കൾക്ക് കുവൈറ്റിൽ ജനിച്ച് വളർന്ന ഞാൻ 13 വയസ്സായപ്പോൾ പിയാനോ 'കേട്ട്' പഠിക്കാൻ തുടങ്ങി. 'മ്യൂസിക്കൽ  നോട്ട്സ്' വായിക്കാൻ എനിക്ക് അറിയുമായിരുന്നില്ല. പതിയെ ഒരുകാര്യം ഞാൻ മനസ്സിലാക്കി; പാട്ടുകൾ എഴുതാനും ഈണം പകരാനും എനിക്ക് ആവും എന്ന്. എന്റെ പാട്ടുകൾ ഞാൻ പ്രാർത്ഥന ഗ്രൂപ്പിൽ പങ്കുവച്ചു തുടങ്ങി. അങ്ങനെ എന്റെ സംഗീത സവാരി ആരംഭിച്ചു. എന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും, ഈ പാട്ട് ഒരു പൂർണ്ണ ഗാനരൂപത്തിൽ നിർമ്മിച്ച് പുറത്തിറക്കാൻ പ്രോത്സാഹിപ്പിച്ചു."

ഈ ഗാനത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ഡോളിക്ക് പറയാനുള്ളത് ഇതാണ്.  ഭർത്താവും രണ്ടു ആൺ മക്കളുമുള്ള ഡോളി അമേരിക്കയിലെ ടെക്സസിലുള്ള ഹ്യൂസ്റ്റണിൽ ഒരു ബാങ്ക് ഉദ്യോഗസ്ഥയാണ്. ഇതിലെ പ്രധാനപ്പെട്ട രണ്ടു പാട്ടുകാരായ ഇമ്മാനുവേലും ശ്രുതിയും ഡോളിയുടെ അടുത്ത സുഹൃത്തുക്കളാണ്. ഈ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് : ബ്ലെമിൻ ബാബു (ബി ബി മ്യൂസിക് കൊച്ചി) വിഡിയോഗ്രഫി: ഡോൺ വലിയ വെളിച്ചം (ഡി മൂവീസ്, കൊച്ചി) ചിത്ര സംയോജനം : ഇമ്മാനുവേൽ ഹെൻട്രി, കൊച്ചി രചന, സംഗീതം , നിർമ്മാണം : ഡോളി  ജോർജ് ( ഡി ജി മ്യുസിക് ആൻഡ് മീഡിയ).

"നമ്മുടെ ഈ ക്രിസ്തീയ യാത്രയിൽ, ജീവിതത്തിൽ എത്ര ശക്തമായ കൊടുങ്കാറ്റുകൾ ഉണ്ടായാലും ക്രിസ്തു നമ്മുടെ ഒപ്പം ഉണ്ടെന്ന് അറിയുക. പരാജയപ്പെടാൻ വിളിക്കപ്പെട്ടവരല്ല നാം, കാരണം കാറ്റും കടലും സൃഷ്ടിച്ചവൻ നമ്മുടെ തന്നെ വള്ളത്തിൽ ഉറങ്ങുന്നുണ്ട്! ഈ ഉറപ്പിൽ നിന്നുമുള്ള പ്രചോദനമായിരുന്നു ഈ ഗാനം ഉടലെടുക്കാൻ കാരണമായത്. ദൈവം തിരുമനസ്സായാൽ ഇനിയും പാട്ടുകൾ ജന്മമെടുക്കും" ഡോളി പറഞ്ഞു. ഡോളിയുടെ ഈ ഗാനം ആസ്വദിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.