ഹമാസ് വ്യോമ സേനാ തലവനെയും നാവിക കമാന്‍ഡറെയും വധിച്ചു; വാര്‍ത്താ വിനിമയ ബന്ധം തകര്‍ന്നതോടെ ഗാസ ഒറ്റപ്പെട്ടു

ഹമാസ് വ്യോമ സേനാ തലവനെയും നാവിക  കമാന്‍ഡറെയും വധിച്ചു; വാര്‍ത്താ വിനിമയ ബന്ധം തകര്‍ന്നതോടെ ഗാസ ഒറ്റപ്പെട്ടു

ടെല്‍ അവീവ്: ഹമാസ് വ്യോമ സേനയുടെ തലവന്‍ അസീം അബു റകാബയെയും നാവിക സേനാ കമാന്‍ഡര്‍ റാതെബ് അബു സാഹിബനെയും ഇസ്രയേല്‍ വ്യോമാക്രമണത്തിലൂടെ വധിച്ചു.

അസീം അബുവിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ പാരാഗ്ലൈഡര്‍മാര്‍ ഇസ്രയേലിലേക്ക് പറന്നിറങ്ങിയത്. കടല്‍ മാര്‍ഗം ഇസ്രയേലിലേക്ക് കടന്നു കയറാന്‍ ശ്രമിച്ചത് റാതെബിന്റെ നേതൃത്വത്തിലായിരുന്നു.

വ്യോമാക്രമണങ്ങളിലൂടെ 150 ലേറെ ഭൂഗര്‍ഭ കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. മിസൈല്‍ ആക്രമണത്തില്‍ വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ഗാസയിലുള്ളവര്‍ക്ക് പോലും പരസ്പരം ബന്ധപ്പെടാന്‍ കഴിയുന്നില്ല.

യു.എന്‍ ഏജന്‍സികള്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ കഴിയാതായതോടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. സാറ്റലൈറ്റ് ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമാണ് പുറം ലോകത്തേക്ക് വരുന്നതെന്ന് പാലസ്തീനിലെ ടെലികോം പ്രൊവൈഡര്‍ പാല്‍ടെല്‍ അറിയിച്ചു.

ഭൂഗര്‍ഭ അറകളില്‍ തമ്പടിച്ചിരിക്കുന്ന ഹമാസ് സംഘങ്ങളെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വാര്‍ത്ത വിനിമയബന്ധങ്ങള്‍ പൂര്‍ണമായും തകര്‍ത്തത്.

അതിനിടെ വടക്കന്‍ മേഖലയിലെ മിക്ക പ്രദേശങ്ങളിലേക്കും കരസേനയുടെ ആക്രമണം നടന്നു. ഇതിനൊപ്പം കനത്ത വ്യോമക്രമണവും കൂടിയായപ്പോള്‍ ഗാസ സിറ്റിയിലടക്കം പല ഭാഗങ്ങളും തകര്‍ന്നടിഞ്ഞു.

ഹമാസിന്റെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട് നീങ്ങുന്ന കരസേനയ്‌ക്കൊപ്പം അവരുടെ എന്‍ജിനീയറിങ് വിഭാഗവുമുണ്ട്. ഹമാസിന്റെ കെണി ബോംബുകളില്‍ കുടുങ്ങാതിരിക്കാന്‍ വളരെ പതുക്കെയാണ് മുന്നേറ്റം.

ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 7600 കടന്നു. വെസ്റ്റ് ബാങ്കിലെ ആക്രമണത്തില്‍ 110 പാലസ്തീനികള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ തങ്ങളുടെ 14 ജീവനക്കാര്‍ കൊല്ലപ്പെട്ടതായി യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.