തന്റെ ലോകവീക്ഷണം രൂപപ്പെടുത്തിയത് ബൈബിള്‍; നിലപാടുകള്‍ തുറന്നു പറഞ്ഞ് അമേരിക്കന്‍ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍

തന്റെ ലോകവീക്ഷണം രൂപപ്പെടുത്തിയത് ബൈബിള്‍; നിലപാടുകള്‍ തുറന്നു പറഞ്ഞ് അമേരിക്കന്‍ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍

വാഷിങ്ടണ്‍: അമേരിക്കയിലെ ഉന്നത സ്ഥാനങ്ങളിലൊന്നായ ജനപ്രതിനിധി സഭാ സ്പീക്കര്‍ സ്ഥാനത്ത് പുതുതായി ചുമതയേറ്റ മൈക്ക് ജോണ്‍സണ്‍, തന്നോടുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി ചൂണ്ടിക്കാട്ടിയത് ബൈബിളായിരുന്നു.

സ്വവര്‍ഗാനുരാഗത്തെയും ഗര്‍ഭഛിദ്രത്തെയും ശക്തമായി എതിര്‍ക്കുന്ന മൈക്ക് ജോണ്‍സന്റെ തീവ്ര നിലപാടുകള്‍ വിമര്‍ശന വിധേയമാകുമ്പോഴും ബൈബിളാണ് തന്റെ ലോകവീക്ഷണം രൂപപ്പെടുത്തിയതെന്ന് അദ്ദേഹം അടിവരയിടുന്നു.

നിലപാടുകള്‍ ശക്തമാണെങ്കിലും എല്ലാവരെയും അവരുടെ ജീവിതശൈലീ തിരഞ്ഞെടുപ്പുകള്‍ പരിഗണിക്കാതെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കാന്‍ തനിക്കു കഴിയുന്നത് ബൈബിളിന്റെ സ്വാധീനത്തിലാണെന്ന് മൈക്ക് ജോണ്‍സണ്‍ പറയുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ മൈക്ക് ജോണ്‍സണ്‍ കഴിഞ്ഞ ദിവസമാണ് 220 വോട്ട് നേടി സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബര്‍ മൂന്നിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയെ വോട്ടെടുപ്പിലൂടെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

സ്ഥിരം സ്പീക്കറില്ലാത്തതിനാല്‍ ഉക്രെയിനും ഇസ്രയേലിനും സഹായം അനുവദിക്കുന്നതടക്കമുള്ള അടിയന്തര ബില്ലുകള്‍ പാസാക്കാനായിരുന്നില്ല. തുടര്‍ന്ന് തികച്ചും അപ്രതീക്ഷിതമായാണ് ലുയീസിയാനയില്‍ നിന്നുള്ള സഭാംഗമായ മൈക്ക് ജോണ്‍സണ്‍ (51) സ്ഥാനാര്‍ഥിയായതും വോട്ടു നേടി സ്പീക്കറായതും.

മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വിശ്വസ്തനായ ജോണ്‍സണ്‍ ഗര്‍ഭച്ഛിദ്രത്തെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. എല്‍.ജി.ബി.ടി.ക്യു നിയന്ത്രണങ്ങളെയും പിന്തുണയ്ക്കുന്നു. ഈ നിലപാടുകളുടെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴും അതില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം തയാറായിട്ടില്ല.

താന്‍ ബൈബിളില്‍ വിശ്വസിക്കുന്ന ഒരു ക്രിസ്ത്യാനിയാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഉള്‍പ്പെടെ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. 'ആളുകള്‍ക്ക് ജിജ്ഞാസയുണ്ട്. സൂര്യനു കീഴിലുള്ള ഏതെങ്കിലും പ്രശ്‌നത്തെക്കുറിച്ച് മൈക്ക് ജോണ്‍സണ്‍ എന്താണ് ചിന്തിക്കുന്നത്?' താന്‍ പറഞ്ഞത് ഇങ്ങനെയാണ്, നിങ്ങളുടെ ഷെല്‍ഫില്‍ നിന്ന് ബൈബിള്‍ എടുത്ത് വായിക്കുക. അതാണ് എന്റെ ലോകവീക്ഷണം. അതിലാണ് ഞാന്‍ വിശ്വസിക്കുന്നത്, അതിനാല്‍ എനിക്ക് പശ്ചാത്താപമില്ല - മൈക്ക് ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു. ഇത് തന്റെ വ്യക്തിപരമായ ലോകവീക്ഷണമാണെന്നും അദ്ദേഹം പറയുന്നു.

2016 ല്‍ യു.എസ് കോണ്‍ഗ്രസില്‍ പ്രവേശിക്കുന്നതിന് മുമ്പ്, വലതുപക്ഷ ക്രിസ്ത്യന്‍ ഗ്രൂപ്പുകളുടെ അഭിഭാഷകനും സംസ്ഥാന നിയമസഭാംഗവുമായിരുന്നു. ഈ രണ്ടു പദവികളിലും ഗര്‍ഭഛിദ്രത്തിനും എല്‍.ജി.ബി.ടി.ക്യു+ അവകാശങ്ങള്‍ക്കുമെതിരെ തീവ്രമായ വീക്ഷണങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചു.

സ്വവര്‍ഗാനുരാഗികള്‍ പീഡോഫീലിയയില്‍ ഏര്‍പ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് അദ്ദേഹം വാദിക്കുന്നു. സ്വവര്‍ഗാനുരാഗികളുടെ ഗൂഢമായ അജണ്ട ക്രിസ്തുമതത്തെയും സമൂഹത്തെയും നശിപ്പിക്കുക എന്നതാണ്.

സ്വവര്‍ഗരതി ബന്ധങ്ങള്‍ സ്വാഭാവികമായും പ്രകൃതിവിരുദ്ധമാണ്. പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്, ആത്യന്തികമായി അത് ലൈംഗിക അരാജകത്വത്തിലേക്കു നയിക്കുകയും മുഴുവന്‍ ജനാധിപത്യ സംവിധാനത്തെയും നശിപ്പിക്കുകയും ചെയ്യുന്നു - മുന്‍പ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മൈക്ക് ജോണ്‍സണ്‍ പറഞ്ഞത് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.