മൂന്നു തവണ സ്ഫോടനം: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം; ഭീകരാക്രമണം ആണോ എന്നതുള്‍പ്പെടെ അന്വേഷിക്കും

മൂന്നു തവണ സ്ഫോടനം: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം; ഭീകരാക്രമണം ആണോ എന്നതുള്‍പ്പെടെ അന്വേഷിക്കും

കൊച്ചി: കളമശേരിയില്‍ യഹോവ കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്നു തവണ സ്ഫോടനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. രാവിലെ 9.40 നാണ് ആദ്യ സ്‌ഫോടനം നടന്നത്. ഇതിന് പിന്നാലെ രണ്ടു തവണ കൂടി സ്ഫോടനങ്ങളുണ്ടായി. പ്രാര്‍ത്ഥനയ്ക്കിടെ ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറി ഉണ്ടായതായി ദൃക്സാക്ഷികള്‍ പറയുന്നു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയാണ് സ്‌ഫോടനത്തില്‍ മരിച്ചത്.

അതേസമയം കളമശേരി സ്ഫോടനത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യകത്മാക്കി. സ്‌ഫോടനത്തെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. എറണാകുളത്ത് നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തെത്തിയിട്ടുണ്ട്. ഭീകരാക്രമണമാണോ എന്ന ചോദ്യത്തോട് വിവരങ്ങള്‍ കിട്ടട്ടെയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് എത്തും. ഡിജിപിയുമായി സംസാരിച്ചു, വിഷയം ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിനുശേഷം പിന്നീട് പ്രതികരിക്കുമെന്നും മുഖ്യമന്ത്രി.

സമ്മേളനം തുടങ്ങി അരമണിക്കൂറിനകം സ്ഫോടനം ഉണ്ടായതായാണ് ദൃക്സാക്ഷി വ്യക്തമാക്കുന്നത്. പരിക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്. സ്ഫോടനം നടന്ന ഹാളില്‍ 2300 ഓളം പേരുണ്ടായിരുന്നുവെന്നാണ് സൂചന. സ്ഫോടനം നടന്ന ഹാളും പരിസരവും പൊലീസ് സീല്‍ ചെയ്തു. സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.

ബോംബ് സ്‌ക്വാഡും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്ഥലത്തെത്തി. സ്ഫോടനത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് പൊലീസ് ആസ്ഥാനത്തു നിന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാന എഡിജിപി എം.ആര്‍ അജിത് കുമാറും ഇന്റലിജന്‍സ് എഡിജിപിയും കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്.

അതോടൊപ്പം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ബേണ്‍സ് ചികിത്സാ വിദഗ്ധ സംഘം കളമശേരി മെഡിക്കല്‍ കോളജിലെത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. കോട്ടയം മെഡിക്കല്‍ കോളജും സജ്ജമാണ്. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ ലഭ്യമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയ ആരോഗ്യ മന്ത്രി അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താനും ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.