ഹാലോവീന്‍ ദിനാഘോഷത്തില്‍ നിന്ന് ക്രൈസ്തവ സ്ഥാപനങ്ങള്‍ അകന്നു നില്‍ക്കണം: കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍

ഹാലോവീന്‍ ദിനാഘോഷത്തില്‍ നിന്ന് ക്രൈസ്തവ സ്ഥാപനങ്ങള്‍ അകന്നു നില്‍ക്കണം: കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍

കൊച്ചി: ഹാലോവീന്‍ ദിനാഘോഷത്തില്‍ നിന്ന് അകന്നു നില്‍ക്കണമെന്ന് കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍. പുതുതലമുറ ആഘോഷങ്ങളുടെ പട്ടികയില്‍ സമീപകാലത്ത് ഇടം പിടിച്ച ഹാലോവീന്‍ ദിനമായി നാളെ കേരളത്തിലെ വിദ്യാലയങ്ങളില്‍ ആഘോഷിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് കെ.സി.ബി.സി നല്‍കുന്നത്.

സ്‌നേഹത്തിലും നന്മയിലും സത്യത്തിലും അടിയുറച്ച് സുവിശേഷം പകര്‍ന്ന് കൊടുക്കുകയാണ് ക്രൈസ്തവ സ്ഥാപനങ്ങളുടെ അടിസ്ഥാന ലക്ഷ്യം. കഴിഞ്ഞ വര്‍ഷം കലാലയങ്ങളില്‍ പൈശാചിക വേഷവിധാനങ്ങളും, ക്രൈസ്തവ ബിംബങ്ങളെ അവഹേളനപരമായ രീതിയില്‍ അവതരിപ്പിക്കുന്ന രൂപഭാവങ്ങളും അണിഞ്ഞുകൊണ്ടുള്ള പ്രച്ഛന്ന വേഷങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തിയിരുന്നു.

പങ്കെടുക്കുന്നവരിലും കാഴ്ചക്കാരിലും തെറ്റായ സന്ദേശങ്ങള്‍ ജനിപ്പിക്കാനിടയുള്ള ഹാലോവീന്‍ ആഘോഷങ്ങളില്‍ നിന്ന് യുവജനങ്ങളും കുട്ടികളും അകന്ന് നില്‍ക്കണം. ലോകത്തിന് ഉപ്പും ഭൂമിക്ക് പ്രകാശവുമാകാനുള്ള ക്രൈസ്തവന്റെ വിളിയുടെ തുടര്‍ച്ചയാണ് സഭയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളുമെന്നിരിക്കെയാണ് ഇത്തരത്തിലുള്ള ആഘോഷങ്ങളിലൂടെ തെറ്റായ സന്ദേശം പകരുന്നത്.

വിശ്വാസ ജീവിതത്തിന്റെ ഭാഗമായ ആരാധനക്രമം, പൗരോഹിത്യം, സന്യാസം, കൂദാശകള്‍, സഭയുടെ പ്രബോധനങ്ങള്‍ തുടങ്ങിയവ അവഹേളിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യപ്പെടുന്ന സാഹചര്യങ്ങള്‍ സഭാ സ്ഥാപനങ്ങളില്‍ പൂര്‍ണമായി ഒഴിവാക്കപ്പെടേണ്ടതാണ്. ക്രിസ്തീയ വിശ്വാസ ജീവിതത്തിനും ധാര്‍മ്മിക കാഴ്ചപാടുകള്‍ക്കും വിരുദ്ധമായ ആഘോഷങ്ങളും ആശയങ്ങളും പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലാത്തതാണ്.

സ്‌കൂള്‍, കോളജ് മാനേജ്മെന്റുകള്‍ ഇത്തരം കാര്യങ്ങള്‍ ഗൗരവമായി പരിഗണിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യണം. ഞായറാഴ്ച ആചരണം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മതബോധനം തുടങ്ങിയ വിഷയങ്ങളിലെ സഭയുടെ നിലപാടുകള്‍ കാത്തുസൂക്ഷിക്കുകയും ഈ കാലഘട്ടത്തിലെ മൂല്യച്യുതികള്‍ക്കും ധാര്‍മ്മിക അപചയത്തിനുമെതിരായി പ്രതിരോധ വലയം തീര്‍ക്കുകയും ചെയ്യാന്‍ സഭാസ്ഥാപനങ്ങള്‍ സവിശേഷ ഉത്തരവാദിത്വവും പുലര്‍ത്തണം.

സുവിശേഷ മൂല്യങ്ങളുടെ പ്രഘോഷണത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തന ശൈലിയിലൂടെ കത്തോലിക്കാ സ്ഥാപനങ്ങളുടെ അനന്യത കാത്തുസൂക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ വിട്ടുവീഴ്ച കൂടാതെ പ്രതിജ്ഞാബദ്ധരാകണമെന്നും കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.