ജോസ്‌വിൻ കാട്ടൂർ
വത്തിക്കാൻ സിറ്റി: ദൈവത്തെ കണ്ടുമുട്ടുന്നതിലൂടെയും അവിടുത്തെ സ്നേഹത്തിനുമുമ്പിൽ സ്വയം സമർപ്പിക്കുന്നതിലൂടെയും മാത്രമേ, നമുക്ക് യഥാർത്ഥത്തിൽ സ്നേഹിക്കാൻ കഴിയൂ എന്ന് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ചത്തെ ത്രികാലജപ പ്രാർത്ഥനയോടനുബന്ധിച്ചുള്ള തൻ്റെ പ്രതിവാര സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.
ഏറ്റവും വലിയ കൽപന ഏതാണെന്നുള്ള ചോദ്യവും അതിന് യേശു നൽകുന്ന മറുപടിയും (മത്തായി 22: 34-40) കേന്ദ്രീകരിച്ചുള്ള സുവിശേഷ ഭാഗമാണ് പാപ്പാ വ്യാഖ്യാനിച്ചത്. നിയമത്തിലെ അതിപ്രധാനമായ കല്‍പന ഏതാണെന്നുള്ള ഫരിസേയരുടെ ചോദ്യത്തിന് യേശു മറുപടി നൽകിയത് ഇപ്രകാരമായിരുന്നു: 'നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കണം' (...) 'നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും' (...)
പ്രധാനമായും രണ്ടു ഘടകങ്ങളിലാണ് പാപ്പാ തന്റെ സന്ദേശത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒന്നാമതായി, ദൈവത്തോടുള്ള സ്നേഹമാണ് ആദ്യം പരാമർശിക്കപ്പെട്ടിരിക്കുന്നത് എന്നുള്ള വസ്തുതയും രണ്ടാമത്, അയൽക്കാരനോടുള്ള സ്നേഹം, ദൈവത്തോടുള്ള നമ്മുടെ സ്നേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതും.
സ്നേഹിക്കാൻ പഠിക്കാം
കർത്താവിനോടുള്ള സ്‌നേഹത്തിന് പ്രഥമസ്ഥാനം കൊടുത്തിരിക്കുന്നുവെന്ന വസ്തുത, ദൈവം എല്ലായ്‌പ്പോഴും നമുക്കു മുമ്പേയുണ്ടെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. നാം അവിടുത്തെ പിൻചെല്ലുമെന്ന് തന്റെ അനന്തമായ ആർദ്രതയാൽ അവിടുന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. മാതാപിതാക്കൾക്ക് മക്കളോടുള്ള സ്നേഹത്തിൽ നിന്നാണ് മക്കൾ സ്നേഹം എന്താണെന്ന് അറിയുകയും പഠിക്കുകയും ചെയ്യുന്നത്. അതുപോലെതന്നെ, ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിൽനിന്ന് നാമും സ്നേഹിക്കാൻ പഠിക്കണം.
'ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു' എന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഇതു തന്നെയാണ് അർത്ഥമാക്കുന്നതെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിലൂടെയും അവൻ്റെ സ്നേഹത്തിനു മുമ്പിൽ പൂർണമായി സമർപ്പിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ യഥാർത്ഥമായി സ്നേഹിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. അതിനാൽ, ഓരോ ദിവസവും നമുക്ക് കർത്താവിന്റെ മുമ്പിൽ തുറവിയുള്ളവരായിരിക്കാം - പാപ്പാ ആഹ്വാനം ചെയ്തു.
ദൈവസ്നേഹം കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിക്കണം
ഈ സുപ്രധാന കൽപനയുടെ രണ്ടാം ഭാഗമായ ദൈവസ്നേഹവും പരസ്നേഹവും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് മാർപാപ്പ തുടർന്നു വിചിന്തനം ചെയ്തത്. നാം നമ്മുടെ സഹോദരീസഹോദരന്മാരെ സ്നേഹിക്കുമ്പോൾ, പിതാവായ ദൈവത്തിൻെറ സ്നേഹം ഒരു കണ്ണാടിയിലെപോലെ നാം പ്രതിഫലിപ്പിക്കുന്നു. കാണപ്പെടുന്ന നമ്മുടെ സഹോദരങ്ങളെ സ്നേഹിക്കുന്നതിലൂടെയാണ് കാണപ്പെടാത്ത ദൈവത്തെ നാം സ്നേഹിക്കേണ്ടത് - പാപ്പാ ചൂണ്ടിക്കാട്ടി.
'ദൈവത്തെപ്പോലെ സ്നേഹിക്കാൻ നാം എന്താണ് ചെയ്യേണ്ടത്?' പരിശുദ്ധ പിതാവ് ചോദിച്ചു. 'എല്ലാം മറന്ന് സ്നേഹിക്കാനുള്ള ആദ്യ ചുവടുവയ്പ്പ് നാം തന്നെ എടുക്കണം. ഒരുപക്ഷേ, ഇത് പ്രയാസമുള്ള കാര്യമായിരിക്കാം, എങ്കിലും, നമുക്ക് അങ്ങനെ ചെയ്യാം' - പാപ്പ അഭിപ്രായപ്പെട്ടു.
വിചിന്തനത്തിനുള്ള ചോദ്യങ്ങൾ
വ്യക്തിപരമായ വിചിന്തനത്തിനായി കുറേ ചോദ്യങ്ങളും മാർപാപ്പ മുന്നോട്ടുവച്ചു. 'എന്നെ ആദ്യം സ്നേഹിച്ചതിന് കർത്താവിനോട് ഞാൻ നന്ദി പറയാറുണ്ടോ? എനിക്ക് ദൈവസ്നേഹം അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ടോ, അതേക്കുറിച്ച് ഞാൻ അവിടുത്തോട് നന്ദിയുള്ളവനാണോ? എന്റെ സഹോദരി സഹോദരന്മാരെ സ്നേഹിക്കാനും, അങ്ങനെ ദൈവത്തിന് എന്നോടുള്ള സ്നേഹം പ്രതിഫലിപ്പിക്കാനും ഞാൻ ശ്രമിക്കാറുണ്ടോ?'
സ്നേഹിക്കാനും ദൈവസ്നേഹം അനുഭവിച്ചറിയാനും പരിശുദ്ധ കന്യകാമറിയം നമ്മെ ഓരോരുത്തരെയും അനുദിനം സഹായിക്കട്ടെ പ്രാർത്ഥിച്ചുകൊണ്ട് പാപ്പാ സന്ദേശം ഉപസംഹരിച്ചു.
മാർപ്പാപ്പയുടെ ഞായറാഴ്ച്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.