അരുണ്‍ നെഹ്‌റുവിന്റെ ഭയം അസ്ഥാനത്തായി; സെയില്‍ സിങ് രാജീവിനോട് പറഞ്ഞു 'വരൂ സത്യപ്രതിജ്ഞ ചെയ്യാന്‍ പോകാം'

അരുണ്‍ നെഹ്‌റുവിന്റെ ഭയം അസ്ഥാനത്തായി; സെയില്‍ സിങ് രാജീവിനോട് പറഞ്ഞു 'വരൂ സത്യപ്രതിജ്ഞ ചെയ്യാന്‍ പോകാം'

ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു.

ന്ത്യയുടെ ഉരുക്കു വനിതയായിരുന്ന ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഇന്ന് 39 വര്‍ഷം. 1984 ഒക്ടോബര്‍ 31 നാണ് രാജ്യത്തെ നടുക്കിയ ആ ദുരന്തം രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലുണ്ടായത്. എഐസിസിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന രാജീവ് ഗാന്ധി അപ്പോള്‍ പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു.

അന്ന് നടന്ന സംഭവങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ വഴിത്തിരിവായി. ഇന്ത്യയിലെ ഏറ്റവും ശക്തയായ രാഷ്ട്രീയ നേതാവിന്റെ അപ്രതീക്ഷിത അന്ത്യം രാജ്യത്തിനുണ്ടാക്കിയ ആഘാതത്തെക്കാള്‍ അന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരെ ഭരിച്ചത് അധികാരം ഇനിയാര് കൈയാളും എന്ന ചിന്തകളായിരുന്നു.

അന്ന് നടന്ന സംഭവങ്ങളെക്കുറിച്ചാണ് പ്രശസ്ത മാധ്യമ പ്രവര്‍ത്തക നിര്‍ജാ ചൗധരി അവരുടെ 'ഹൗ പ്രൈമിനിസ്റ്റേഴ്സ് ഡിസൈഡ്' എന്ന ഏറെ ചര്‍ച്ചയായിട്ടുള്ള പുസ്തകത്തില്‍ പറയുന്നത്.

രാജീവ് ഗാന്ധിയെ മറികടന്ന് പ്രണബ് മുഖര്‍ജി താല്‍ക്കാലിക ഭരണ ചുമതല ഏറ്റെടുക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസിലെ ചിലര്‍ക്കുണ്ടായപ്പോള്‍, ഇന്ദിരാ ഗാന്ധിയോട് അവസാന കാലത്ത് അകന്നു കഴിഞ്ഞിരുന്ന അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയില്‍ സിങ് രാജീവിനെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നതിന് എന്തെങ്കിലും ഉടക്ക് വെയ്ക്കുമോ എന്ന ആശങ്കയും ചിലര്‍ക്കുണ്ടായിരുന്നതായും നിര്‍ജാ ചൗധരി എഴുതുന്നു.

പശ്ചിമ ബംഗാളിലെ കോണ്ടായി എന്ന സ്ഥലത്ത് പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടെ വേദിയില്‍ ഉണ്ടായിരുന്ന പ്രണബ് മുഖര്‍ജിയാണ് 'ഇന്ദിരാ ഗാന്ധി ആക്രമിക്കപ്പെട്ടു, ഉടന്‍ ഡല്‍ഹിയിലേക്ക് തിരിക്കുക' എന്ന സന്ദേശം രാജീവ് ഗാന്ധിയ്ക്ക് കൈമാറിയത്. അവിടെ നിന്ന് പ്രണബും അന്നത്തെ പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് നേതാവ് ഘനിഖാന്‍ ചൗധരിയും പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിച്ചു.


ഒരു ഇടക്കാല പ്രധാനമന്ത്രി, അതും പ്രണാബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഉണ്ടായാല്‍ പിന്നീട് അധികാരം ഗാന്ധി കുടുംബത്തിലേക്ക് തിരിച്ചെത്തില്ലെന്ന് ആശങ്കപ്പെട്ട അരുണ്‍ നെഹ്റു എങ്ങനെയെങ്കിലും രാജീവിനെ പ്രധാനമന്ത്രിയാക്കാന്‍ കരുനീക്കങ്ങള്‍ ആരംഭിച്ചു.

പൊതുയോഗ സ്ഥലത്തു നിന്ന് വേഗത്തില്‍ കൊല്‍ക്കത്തയില്‍ എത്താന്‍ ഘനിഖാന്‍ ചൗധരിയുടെ കാറ് ഉപയോഗിച്ചതും അത് ഡ്രൈവ് ചെയ്യാന്‍ രാജീവ് ഗാന്ധി ശ്രമിച്ചതും പ്രണാബ് മുഖര്‍ജി ഉള്‍പ്പെടെയുള്ളവര്‍ അതിനെ നിരുല്‍സാഹപ്പെടുത്തിയതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ പുസ്തകത്തിലുണ്ട്.

'വിഐപി സുരക്ഷാ സൈനികര്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ എത്രത്തോളം അപകടകരമാവാം' കാറില്‍ ട്രാന്‍സിസ്റ്റര്‍ റേഡിയോയില്‍ ബിബിസി കേട്ടുകൊണ്ടിരുന്ന രാജീവ് ഗാന്ധി തന്റെ സുരക്ഷാ ഉദ്യോഗസ്ഥനോട് ചോദിച്ചു. പിന്നെ ആരോടെന്നുമില്ലാതെ അവര്‍ ഇതിനു മാത്രം എന്ത് ചെയ്തുവെന്ന ആത്മഗതവും.

'വിമാനത്തില്‍ കയറിയ രാജീവ് ഗാന്ധി കോക്പിറ്റിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് തിരിച്ചു വന്ന് എല്ലാവരോടുമായി പറഞ്ഞു. അവര്‍ മരിച്ചു' അന്ന് കൂടെ സഞ്ചരിച്ചവരോട് സംസാരിച്ച് നിര്‍ജാ ചൗധരി എഴുതുന്നു.


വിമാനത്തില്‍ വെച്ച് തന്നെ രാജീവ് ഗാന്ധിയോട് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് പറഞ്ഞുവെന്നാണ് 'ദ ടര്‍ബുലന്റ് ഇയേഴ്സ്' എന്ന ആത്മകഥയില്‍ പ്രണബ് മുഖര്‍ജി പറയുന്നത്. എനിക്കതിന് കഴിയുമോയെന്ന് രാജീവ് ചോദിച്ചു. പറ്റും, സഹായിക്കാന്‍ ഞങ്ങളൊക്കെ ഉണ്ടല്ലോ എന്ന് മറുപടിയും പറഞ്ഞുവെന്നാണ് പ്രണബ് മുഖര്‍ജി എഴുതുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ മറ്റ് വിലയിരുത്തലുകളും ഉണ്ടായിരുന്നു. പ്രണബ് മുഖര്‍ജിയ്ക്ക് ഇടക്കാല പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്നും അതു കൊണ്ടാണ് ചില കീഴ് വഴക്കങ്ങളെക്കുറിച്ച് അദേഹം പറഞ്ഞതെന്നും അക്കലാത്തു തന്നെ വാദങ്ങളുണ്ടായിരുന്നു.

ഇതു സംബന്ധിച്ച് പിന്നീട് 1986 ല്‍ രാജീവ് ഗാന്ധി ഒരു അഭിമുഖത്തില്‍ അന്ന് വിമാനത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അധികാരമേറ്റെടുക്കുന്നതിനെക്കുറിച്ചൊന്നും അപ്പോള്‍ സംസാരിച്ചില്ലെന്നായിരുന്നു രാജീവ് ഗാന്ധി പറഞ്ഞത്. പ്രണബ് മുഖര്‍ജി മറ്റുള്ളവരോട് അതേക്കുറിച്ച് എഎന്തെങ്കിലും പറഞ്ഞിരുന്നോ എന്ന് അറിയില്ലെന്നും രാജീവ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഡല്‍ഹി വിമാനത്താവളത്തിലെത്തിയ രാജീവ് ഗാന്ധിയെ അദേഹത്തിന്റെ ബന്ധുവും സുഹൃത്തുമായിരുന്ന അരുണ്‍ നെഹ്റു സ്വന്തം കാറില്‍ ഇന്ദിരാ ഗാന്ധിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസിലേക്ക് കൊണ്ടു പോയി. അവിടെ കോണ്‍ഗ്രസ് നേതാക്കള്‍ തടിച്ചു കൂടിയിരുന്നു. അരുണ്‍ നെഹ്റുവാണ് പിന്നീടുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചതെന്ന് നിര്‍ജാ ചൗധരി വിശദീകരിക്കുന്നു.

രാഷ്ട്രപതി ഗ്യാനി സെയില്‍ സിങ് അപ്പോള്‍ വിദേശ യാത്രയില്‍ ആയിരുന്നു. അദേഹം തിരിച്ചുവരുന്നതിന് മുമ്പ് തന്നെ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യണമെന്നായിരുന്നു അരുണ്‍ നെഹ്റുവിന്റെ ആഗ്രഹം. ഉപരാഷ്ട്രപതി ആര്‍. വെങ്കിടരാമന്‍ രാജീവ് ഗാന്ധിയ്ക്ക് സത്യപ്രതിജ്ഞ ചെയ്തു കൊടുത്താല്‍ മതിയെന്ന് അരുണ്‍ നെഹ്റു കോണ്‍ഗ്രസ് നേതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്തു.