ടെല്‍ അവീവ്: വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച ഇസ്രായേല്‍ മുതിര്‍ന്ന ഹമാസ് കമാന്‍ഡറിനെ വധിച്ചെന്നും ഹമാസിന്റെ ഭൂഗര്‍ഭ തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ത്തെന്നും അറിയിച്ചു.
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അമ്പതിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിവരം. എഴുപത് വര്‍ഷത്തിലേറെയായി ഒന്നേകാല്‍ ലക്ഷം പാലസ്തീനികള്‍ ജീവിക്കുന്ന അഭയാര്‍ത്ഥി ക്യാമ്പാണ് ജബലിയ. ഒരു കിലോമീറ്റര്‍ പ്രദേശത്ത് നൂറുകണക്കിന് ചെറു കൂരകളിലായി ജനങ്ങള്‍ ഇവിടെ തിങ്ങിപ്പാര്‍ക്കുന്നു.
ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ സംവിധാനമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഇബ്രാഹിം ബയാരിയെന്ന മുതിര്‍ന്ന ഹമാസ് നേതാവിനെ വധിക്കാനായെന്നും അഭയാര്‍ത്ഥി ക്യാമ്പിന് അടിയിലുണ്ടായിരുന്ന ഹമാസിന്റെ ഭൂഗര്‍ഭ ടണലില്‍ ഒളിച്ചിരുന്ന പോരാളികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും ഇസ്രയേല്‍ സേനാ വൃത്തങ്ങള്‍ അറിയിച്ചു.
ഇസ്രയേലി യുദ്ധ ടാങ്കുകള്‍ ഗാസയുടെ ഉള്‍ മേഖലകളിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ ഏഴ് മുതല്‍ ഇത് വരെ 8,500 ലധികം സാധാരണക്കാര്‍ ഗാസയില്‍ കൊല്ലപ്പെട്ടുവെന്നാണ് അനുമാനം. ഇതിനിടെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വെള്ളിയാഴ്ച വീണ്ടും ഇസ്രയേല്‍ സന്ദര്‍ശിക്കും.
യുദ്ധം ആരംഭിച്ചതിന് ശേഷം ബ്ലിങ്കന്റെ രണ്ടാമത്തെ ഇസ്രയേല്‍ സന്ദര്‍ശനമാണിത്. ഇസ്രയേല്‍ ഗാസയില്‍ കര-വ്യോമ ആക്രമണം ശക്തമാക്കിയ ശേഷം ഇന്നലെയും യു.എസ് ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശനം അതീവ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. മേഖലയില്‍ മറ്റു ചിലയിടങ്ങളും ബ്ലിങ്കന്‍ സന്ദര്‍ശിക്കുമെന്നാണ് അറിയിപ്പ്. എന്നാല്‍ അതെവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.