നൈജീരിയയില്‍ വീണ്ടും കൂട്ടക്കുരുതി; ഭീകരാക്രമണങ്ങളില്‍ 37 പേര്‍ കൊല്ലപ്പെട്ടു

നൈജീരിയയില്‍ വീണ്ടും കൂട്ടക്കുരുതി; ഭീകരാക്രമണങ്ങളില്‍ 37 പേര്‍ കൊല്ലപ്പെട്ടു

മൈദുഗുരി: നൈജീരിയയിലുണ്ടായ രണ്ട് വ്യത്യസ്ത ഭീകരാക്രമണങ്ങളിലായി 37 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 14 വര്‍ഷങ്ങളിലായി നൈജീരിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകര സംഘടനായ ബോക്കോഹറാം തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

യോബെ സംസ്ഥാനത്തിലെ ഗെയ്ദാം ജില്ലയിലുള്ള ഗ്രാമവാസികള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 17 പേരെ ഭീകരര്‍ വെടിവച്ച് കൊല്ലുകയായിരുന്നു. ഇവരുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയ 20 പേര്‍ തുടര്‍ന്നുണ്ടായ സ്ഫോടനത്തിലും കൊല്ലപ്പെട്ടു.

ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക അംഗങ്ങളായ നിരവധി ഭീകരര്‍ ഗ്രാമത്തിലേക്ക് ഇരച്ചുകയറി സ്‌ഫോടകവസ്തുക്കള്‍ വലിച്ചെറിഞ്ഞും വെടിവച്ചും ആളുകളെ കൊല്ലുകയായിരുന്നു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

തീവ്രവാദികള്‍ ആവശ്യപ്പെട്ട ഗുണ്ടാപ്പണം കൊടുക്കാതിരുന്നതാണ് ആക്രമണത്തിനു കാരണം. ഗ്രാമങ്ങളെ വരുതിയില്‍ നിര്‍ത്താനും പണമുണ്ടാക്കാനും തീവ്രവാദികള്‍ ഗുണ്ടാപ്പിരിവു ശേഖരിക്കുന്നത് പതിവാണ്. കന്നുകാലികള്‍ക്കു തീവ്രവാദികള്‍ ചുമത്തിയ നികുതി നല്‍കാന്‍ വിസമ്മതിച്ചതും പ്രകോപനകാരണമായി. കൂട്ടക്കൊലയ്ക്കുശേഷം ഗ്രാമം നിശേഷം നശിപ്പിച്ചിട്ടാണ് തീവ്രവാദികള്‍ മടങ്ങിയത്.

മത നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സാധാരണക്കാര്‍ക്ക് നേരെ ബോക്കോഹറാം ഭീകരര്‍ നിരന്തരമായി ആക്രമണങ്ങള്‍ നടത്തി വരുന്നുണ്ട്. 35,000ത്തോളം പേരാണ് ഇതുവരെ ബോക്കാഹറാമിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരരെ ഭയന്ന് ഇരുപതു ലക്ഷത്തോളം പേര്‍ നാട്ടില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.

നൈജീരിയന്‍ പൗരന്മാരെ ബോക്കോഹറാം ഭീകരര്‍ തട്ടിക്കൊണ്ടു പോകുന്നതും പതിവ് വാര്‍ത്തകളാണ്. കഴിഞ്ഞ മെയ് മാസത്തില്‍ ബോലാ തിംബു നൈജീരിയയുടെ പ്രസിഡന്റായി അധികാരം ഏറ്റെടുത്തെങ്കിലും ഭീകരര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയരുന്നുണ്ട്.

ഇസ്ലാമിക തീവ്രവാദികളുടെ മുഖ്യകേന്ദ്രമായ ബോര്‍ണോ സംസ്ഥാനത്തോടു ചേര്‍ന്നു കിടക്കുന്ന യോബെയിലെ ഗ്രാമങ്ങളില്‍ കൂട്ടക്കൊലകളും സൈനിക ക്യാമ്പുകള്‍, സ്‌കൂളുകള്‍, ചന്തകള്‍ എന്നിവിടങ്ങളില്‍ ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും നടത്താറുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.