'കൂടത്തായി മോഡല്‍' ഓസ്‌ട്രേലിയയിലും; മുന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ വിഷബാധ മൂലം മരിച്ചതിന് പിന്നാലെ യുവതി അറസ്റ്റില്‍

'കൂടത്തായി മോഡല്‍' ഓസ്‌ട്രേലിയയിലും; മുന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ വിഷബാധ മൂലം മരിച്ചതിന് പിന്നാലെ യുവതി അറസ്റ്റില്‍

മെല്‍ബണ്‍: കേരളത്തെ ഞെട്ടിച്ച 'കൂടത്തായി മോഡല്‍' കൊലപാതകം ഓസ്‌ട്രേലിയയിലും. മുന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ വിഷബാധയേറ്റു മരിച്ചതിന് പിന്നാലെ 49കാരി അറസ്റ്റില്‍. എറിന്‍ പാറ്റേഴ്സണ്‍ എന്ന വനിതയെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ പാകം ചെയ്ത ഇറച്ചി വിഭവം കഴിച്ച് മൂന്നു പേര്‍ മരിച്ചതോടയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് സംഭവം. മാസങ്ങളായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും ഈ സംഭവം വലിയ തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു.

ജൂലൈ അവസാനമാണ് മൂന്ന് പേര്‍ വിഷബാധ മൂലം മരിച്ചത്. ഭക്ഷണം കഴിച്ച് അവശനിലയിലാണ് മൂന്ന് പേരെ മെല്‍ബണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളും ഭര്‍തൃമാതാവിന്റെ സഹോദരിയുമാണ് വിഷബാധയേറ്റ് മരിച്ചത്.

തെക്കന്‍ വിക്ടോറിയയിലെ വീട്ടില്‍ വച്ചാണ് എറിന്‍ വിരുന്നൊരുക്കിയത്. വിരുന്ന് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ 70കാരിയായ മുന്‍ ഭര്‍തൃമാതാവ് ഗെയില്‍, മുന്‍ ഭര്‍തൃപിതാവ് ഡോണ്‍ (70), ഇവരുടെ സഹോദരി ഹെതര്‍ (66) എന്നിവര്‍ ആശുപത്രിയിലായതും ചികിത്സയിലിരിക്കെ മരിച്ചതും. ഇവര്‍ക്കൊപ്പം ആഹാരം കഴിച്ചെങ്കിലും എറിനും മക്കളും രോഗ ബാധിതരാവാതിരുന്നതാണ് പൊലീസ് അന്വേഷണം മനപൂര്‍വ്വമുള്ള വിഷബാധയെന്ന നിലയിലേക്ക് നീങ്ങിയത്. ഡെത്ത് ക്യാപ് എന്നയിനം കൂണാണ് വിഷമായി ഉപയോഗിച്ചതെന്നാണ് പൊലീസ് നിരീക്ഷണം. മരണകാരണം വ്യക്തമായെങ്കിലും കൊലപാതകത്തിന് കാരണമെന്താണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസുള്ളത്.

മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് 49കാരി പിടിയിലായത്. ബീഫ് വിഭവത്തില്‍ ഉപയോഗിച്ച ചേരുവകളില്‍ നിന്നാണ് വിഷബാധയുണ്ടായതെന്ന് പൊലീസിന് സംശയിക്കുന്നു. തുടര്‍ന്ന് നടന്ന അന്വേഷണമാണ് ഓസ്ട്രേലിയയിലെ കൂടത്തായി മോഡല്‍ കൊലപാതകം പുറത്ത് കൊണ്ടുവന്നത്. എറിന്‍ പാറ്റേഴ്സണിനെ തെക്കന്‍ വിക്ടോറിയയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്നു രാവിലെ മോര്‍വെല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പാറ്റേഴ്സണെ ഹാജരാക്കി.

അന്വേഷണം അവിശ്വസനീയമാംവിധം സങ്കീര്‍ണ്ണമായിരുന്നുവെന്ന് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ഡീന്‍ തോമസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി, ഈ അന്വേഷണം പൊതുജനം ജിജ്ഞാസയോടെ പിന്തുടരുകയായിരുന്നു. വിക്ടോറിയയില്‍ മാത്രമല്ല ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ഈ അന്വേഷണം വലിയ ശ്രദ്ധ പിടിച്ചുപറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.