തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
മുഖ്യമന്ത്രി നേരിട്ട് വന്ന് വിശദീകരിക്കുന്നത് വരെ ബില്ലുകളില്‍ പുനര്‍ചിന്തനമില്ലെന്നും സര്‍ക്കാരിന്റെ ഹര്‍ജിക്ക് സുപ്രീം കോടതിയില്‍ മറുപടി നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ബില്ലുകള്‍ സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്യുന്നു.
വ്യക്തതക്ക് വേണ്ടിയാകും സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടനാപരമായി സംശയമുണ്ടെങ്കില്‍ ആര്‍ക്കും സുപ്രീം കോടതിയെ സമീപിക്കാമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
എട്ട് ബില്ലുകളില്‍ ഒപ്പിടാത്തത് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗവര്‍ണരുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സര്‍ക്കാര്‍ ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഭരണഘടനാപരമായിട്ടാണോ കാര്യങ്ങള്‍ ചെയ്തതെന്ന് ചോദിച്ച ഗവര്‍ണര്‍ സര്‍ക്കാര്‍ പറയുന്നതാണ് ശരിയെങ്കില്‍ മാധ്യമങ്ങള്‍ അത് വിശ്വസിച്ചോളുവെന്നും പ്രതികരിച്ചു.
സര്‍ക്കാര്‍ ആരോപണങ്ങള്‍ക്ക് മാധ്യമങ്ങളില്‍ മറുപടി നല്‍കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാല ബില്‍ മണി ബില്ലാണ്. അത് അവതരിപ്പിക്കും മുന്‍പ് ഗവര്‍ണറുടെ അനുമതി തേടിയിട്ടില്ല. ഗവര്‍ണര്‍ നിയമസഭയുടെ ഭാഗമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
ഖജനാവിന് അധികച്ചെലവ് വരുത്തുന്നതാണ് സര്‍വകലാശാല ബില്‍. മണി ബില്ല് അവതരിപ്പിക്കുന്നതിന് മുമ്പ് അനുമതി വാങ്ങിയില്ല. അതില്‍ പാലിക്കേണ്ട ഉത്തരവാദിത്തങ്ങളും സര്‍ക്കാര്‍ ചെയ്തില്ല. എല്ലാ ഭരണഘടനാ സീമകളും സര്‍ക്കാര്‍ ലംഘിക്കുകയാണ്.
സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. സംസ്ഥാന ധനസ്ഥിതി മോശമാണെന്ന് സര്‍ക്കാര്‍ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നിട്ടും ധൂര്‍ത്തിന് കുറവില്ല. പെന്‍ഷന്‍ വരെ മുടങ്ങിയ സാഹചര്യത്തിലും വ്യക്തിപരമായ ആവശ്യത്തിന് ജനത്തിന്റെ പണമെടുത്ത് സ്വിമ്മിങ് പൂള്‍ പണിയുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഭരണഘടനയുടെ 32ാം അനുച്ഛേദം പ്രകാരമാണ് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ റിട്ട് ഹര്‍ജി നല്‍കിയത്. ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നതിനാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടുവെന്നും ഹര്‍ജിയില്‍ പറയുന്നു. ബില്ലുകളില്‍ സമയബന്ധിതമായി തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.