ഗാസയിലെ സ്‌കൂളുകളും പള്ളികളും ഹമാസിന്റെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍; ശത്രുക്കളുടെ സൈനിക താവളം പിടിച്ചെടുത്ത് ഇസ്രായേല്‍ സേന

ഗാസയിലെ സ്‌കൂളുകളും പള്ളികളും ഹമാസിന്റെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍; ശത്രുക്കളുടെ സൈനിക താവളം പിടിച്ചെടുത്ത് ഇസ്രായേല്‍ സേന

ഹമാസിന്റെ പ്രത്യേക സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ തലവനായിരുന്ന ജമാല്‍ മൂസയെ ഇസ്രയേല്‍ സേന കൊലപ്പെടുത്തി.

ഗാസ സിറ്റി: ഗാസയിലെ സ്‌കൂളുകളും പള്ളികളും ഹമാസ് റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളായി ഉപയോഗിക്കുകയായിരുന്നു എന്ന് ഇസ്രയേല്‍ സൈന്യം.

ഈ ആരോപണം സാധൂകരിക്കുന്ന രണ്ട് വീഡിയോകള്‍ ഇസ്രായേല്‍ സേന പുറത്തുവിട്ടു. അതിലൊരു വീഡിയോ ദൃശ്യത്തില്‍ ഇസ്രയേല്‍ സൈനികന്‍ ഒരു സ്‌കൂള്‍ കെട്ടിടം കാണിക്കുന്നുണ്ട്. ഈ സ്‌കൂള്‍ കെട്ടിടത്തിന്റെ ചുവരുകളില്‍ കുട്ടികളുടെ ചിത്രങ്ങളും കാണാം. ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റ് വിക്ഷേപണം നടത്താന്‍ ഈ സ്‌കൂള്‍ കെട്ടിടം ഉപയോഗിച്ചിരുന്നു എന്നാണ് ഇസ്രയേല്‍ സൈനികന്‍ വ്യക്തമാക്കുന്നത്.

സൈന്യം പുറത്തു വിട്ട രണ്ടാമത്തെ വീഡിയോ തകര്‍ന്ന ഒരു കെട്ടിടത്തിന്റെതാണ്. ഒരു മുസ്ലിം പള്ളിയുടേതാണ് ഈ കെട്ടിടം എന്ന് സൈനിക വക്താവ് പറഞ്ഞു. ഇവിടെ റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നുവെന്നും മുസ്ലിം പള്ളി കേന്ദ്രമാക്കി തീവ്രവാദികള്‍ ഇസ്രായേലിന് നേരെ ആക്രമണം നടത്തുകയായിരുന്നവെന്നും ഇസ്രയേല്‍ സേന വ്യക്തമാക്കുന്നു.

അതേസമയം ഹമാസിന്റെ പ്രത്യേക സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ തലവനായിരുന്ന ജമാല്‍ മൂസയെ ഇസ്രയേല്‍ സേന കൊലപ്പെടുത്തി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യോമസേന നടത്തിയ ആകാ്രമണത്തിലാണ് ജമാല്‍ മൂസ കൊല്ലപ്പെട്ടത്.


ഹമാസിന്റെ ദേര്‍ അല്‍-ബലാഹ് ബറ്റാലിയന്റെ കമാന്‍ഡറായ വെയ്ല്‍ അസെഫയെയും ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തി എന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് അസഫെ.

ഇസ്രയേല്‍ പൗരന്മാരെ ആക്രമിക്കാനും അവരെ ബന്ദികളാക്കാനും കരുനീക്കം നടത്തിയവരില്‍ പ്രമുഖനായിരുന്നു അസഫയെന്നും ഇസ്രായേല്‍ സേന ചൂണ്ടിക്കാട്ടുന്നു.

അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹമാസിന്റെ 450 താവളങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. സൈനിക കേന്ദ്രങ്ങള്‍, സൈനിക പോസ്റ്റുകള്‍, ടാങ്ക് വേധ മിസൈല്‍ വിക്ഷേപണ പോസ്റ്റുകള്‍ എന്നിവ തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. ഗാസയിലെ ഹമാസിന്റെ പ്രധാന സൈനിക താവളം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് പിടിച്ചെടുത്തിട്ടുണ്ട്.

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന് ഇന്ന് ഒരു മാസം തികയുമ്പോള്‍ ഗാസയില്‍ ഇതുവരെ പതിനായിരത്തിലധികം ആളുകള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ 1400 ലധികം പേര്‍ കൊല്ലപ്പെടുകയും ഇരുനൂറിലധികം പേരെ ബന്ദികളാക്കുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.