'ഗാസയെ കാല്‍ച്ചുവട്ടിലാക്കും': നെതന്യാഹുവിന്റെ ആഗ്രഹം നടക്കാത്ത സ്വപ്‌നമെന്ന് ഇറാന്‍; വീണ്ടും കണ്ണുരുട്ടി അമേരിക്ക

'ഗാസയെ കാല്‍ച്ചുവട്ടിലാക്കും': നെതന്യാഹുവിന്റെ ആഗ്രഹം നടക്കാത്ത സ്വപ്‌നമെന്ന് ഇറാന്‍; വീണ്ടും കണ്ണുരുട്ടി അമേരിക്ക

സലാ അല്‍ദിന്‍ ഹൈവേ ഇന്നലെ രണ്ട് മണിക്കൂര്‍ തുറന്നു.

ടെല്‍ അവീവ്: ഹമാസിനെ ഉന്മൂലനം ചെയ്ത് ഗാസയുടെ സുരക്ഷ ഇസ്രയേലിന്റെ കര്‍ശന നിയന്ത്രണത്തിലാക്കുമെന്ന പ്രധാനമന്ത്രി നെതന്യാഹവിന്റെ പ്രഖ്യാപനത്തോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷം മറ്റൊരു തലത്തിലേക്ക്.

പാലസ്തീന്‍ അധിനിവേശമാണ് ഇസ്രയേലിന്റെ മനസിലിരുപ്പെന്നും അത് നടപ്പുള്ള കാര്യമല്ലെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. നെതന്യാഹുവിന്റെ പ്രഖ്യാപനത്തെ അറബ് രാഷ്ട്രങ്ങളും അപലപിച്ചു.

ഇറാന്റെ പ്രതികരണത്തിനെതിരെ അമേരിക്ക വീണ്ടും മുന്നറിയിപ്പുമായി രംഗത്തെത്തി. ഇസ്രയേലിനെ തൊട്ടാല്‍ തങ്ങളുടെ നേരിട്ടുള്ള ആക്രമണമുണ്ടാകുമെന്ന് പെന്റഗണ്‍ ഇന്നലെ ഇറാന് ശക്തമായ താക്കീത് നല്‍കിയിരുന്നു.

'ഹമാസിനെ തകര്‍ക്കുക മാത്രമല്ല ഞങ്ങളുടെ ലക്ഷ്യം. യുദ്ധം കഴിഞ്ഞ് ഞങ്ങള്‍ പിന്‍മാറിയാല്‍ വീണ്ടുമവര്‍ ഭീഷണിയാകും. ഒക്ടോബര്‍ ഏഴ് ആവര്‍ത്തിക്കാന്‍ ഇനി അനുവദിക്കില്ല. ഗാസയിലെ ഓരോ ചലനവും ഞങ്ങള്‍ നിയന്ത്രിക്കും. അത് എത്രകാലമെന്ന് പറയാനാവില്ല'- ഇതായിരുന്നു എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞത്.

ഹമാസിന്റെ ശക്തി കേന്ദ്രമായ വടക്കന്‍ ഗാസ നിയന്ത്രണത്തിലാക്കാനാവും ഇസ്രയേല്‍ നീക്കമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഗാസ സിറ്റി വളഞ്ഞ ഇസ്രയേല്‍ സൈന്യം വടക്ക്, തെക്ക് എന്ന രീതിയില്‍ മുനമ്പിനെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. വടക്കന്‍ ഗാസയില്‍ പൂര്‍ണ കരയുദ്ധം ഏത് നിമിഷവുമുണ്ടാകാം.

ശേഷിക്കുന്ന ജനങ്ങള്‍ക്ക് തെക്കന്‍ ഗാസയിലേക്ക് കടക്കാന്‍ അവസാന അവസരമെന്ന നിലയില്‍ സലാ അല്‍ദിന്‍ ഹൈവേ ഇന്നലെ രണ്ട് മണിക്കൂര്‍ തുറന്നു കൊടുത്തു. പരിക്കേറ്റ കുട്ടികളെയുമെടുത്ത് ജീവനും കൊണ്ടോടുന്നവരുടെ കാഴ്ചയായിരുന്നു ഈ രണ്ട് മണിക്കൂറും.

വടക്കന്‍ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ഇന്നലെയും കനത്ത വ്യോമാക്രമണം നടത്തി 23 പേരെ വധിച്ചു. ഗാസ സിറ്റിയില്‍ മാധ്യമ പ്രവര്‍ത്തകനുള്‍പ്പെടെ 42 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 11,000 കടന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.