പീഡനങ്ങൾക്കിടയിലും ക്രിസ്തുമതം വളരുന്നു; പ്രതീക്ഷയുണർത്തി പുത്തൻ റിപ്പോർട്ട്

പീഡനങ്ങൾക്കിടയിലും ക്രിസ്തുമതം വളരുന്നു; പ്രതീക്ഷയുണർത്തി പുത്തൻ റിപ്പോർട്ട്

വത്തിക്കാൻ: ക്രൂരമായ അടിച്ചമർത്തലുകൾക്കും വിശ്വാസത്തെ ഇല്ലാതാക്കാനുള്ള വിവിധ രാജ്യങ്ങളിലെ സർക്കാരുകളുടെ ശ്രമങ്ങൾക്കിടയിലും ക്രിസ്തുമതം തഴച്ചുവളരുന്നതായി റിപ്പോർട്ട്. ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) എന്ന ഗ്രൂപ്പാണ് 2023 ലെ “പെർസിക്യൂട്ടേഴ്സ് ഓഫ് ദ ഇയർ” റിപ്പോർട്ട് പുറത്തിറക്കിയത്.

ക്രൈസ്തവർ ഏറ്റവും അധികം പീഡിപ്പിക്കുന്ന രാജ്യങ്ങളായ ഇറാൻ, ചൈന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ പോലും വിശ്വാസം വളരുന്നുണ്ടെന്ന് റിപ്പോർട്ട് അടിവരയിടുന്നു. ക്രൈസ്തവർ അനുഭവിക്കുന്ന ദുരിതങ്ങളിലേക്കും കഷ്ടപ്പാടുകളിലേക്കും വെളിച്ചം വീശുന്നതാണ് റിപ്പോർട്ട്.

ഇറാൻ

മുസ്ലിം അധികാരത്തിലിരിക്കുന്ന ഇറാൻ ക്രൈസ്തവ ന്യൂനപക്ഷ രാജ്യമാണ്. ഇവിടെ ശരിയത്ത് നിയമം കർശനമായി പാലിക്കുന്നുണ്ടെങ്കിലും ഐ.സി.സിയുടെ റിപ്പോർട്ടനുസരിച്ച്, അനേകംപേർ ക്രിസ്തുമതം സ്വീകരിക്കുന്നു. അറസ്റ്റും പീഡനവും വധശിക്ഷയും നേരിടേണ്ടിവരുമെന്ന ഉറപ്പിലും ഇസ്ളാമിൽ നിന്നുപോലും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു. പാഴ്സി ഭാഷയിലുള്ള ബൈബിളുകൾ നിരോധിച്ചുകൊണ്ടും സഭാ നേതാക്കളെ തടവിലാക്കിക്കൊണ്ടും ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്തവരെ 40 വർഷത്തിലേറെയായി ഭരണകൂടം പീഡിപ്പിക്കുന്നെന്ന് ഐസിസിയുടെ മിഡിൽ ഈസ്റ്റ് റീജിയണൽ മാനേജർ ജോസഫ് ഡാനിയൽ പറഞ്ഞു.


ചൈന

ചൈനയിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സി.സി.പി) പൗരന്മാർ ഭരണകൂടത്തെ ആരാധിക്കണമെന്ന്’ ആവശ്യപ്പെട്ടുകൊണ്ട് മതസ്വാന്ത്ര്യങ്ങൾക്ക് കർശനമായ വിലക്ക് ഏർപ്പെടുത്തുമ്പോഴും അവിടെയും ക്രിസ്തുമതം വളരുന്നതായാണ് റിപ്പോർട്ട്. എല്ലാ മതങ്ങളുടെയും ആരാധനയും നിയന്ത്രിക്കാൻ ഗവൺമെന്റ് ശ്രമിക്കുന്നുണ്ടെങ്കിലും ചൈനയിലെ ക്രിസ്തുമതം വേ​ഗത്തിൽ വളരുകയാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഭരണം ജനങ്ങൾക്ക് സമ്മാനിക്കുന്നത് ദുരിത ജീവിതമാണെന്ന് വിലയിരുത്തൽ.

ക്രിസ്ത്യാനിയായി ജീവിക്കുന്നവർക്ക് ചൈനയിൽ ശിക്ഷാവിധികൾ വർധിച്ചു വരികയാണ്. പീഡനങ്ങൾക്കിടയിലും 70 ദശലക്ഷം മുതൽ 100 ​​ദശലക്ഷം( പത്ത് കോടി) വരെ ക്രിസ്ത്യാനികൾ ഉണ്ടെന്ന് റിപ്പോർട്ട് പറഞ്ഞു. രാഷ്ട്രത്തെ ആരാധിക്കണം എന്ന സർക്കാർ ഉത്തരവ് പിന്തുടരാൻ വിസമ്മതിച്ച് ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ടിരിക്കുന്ന ഇവരുടെ ജീവൻ പോലും അപകടത്തിലാണ്.

നൈജീരിയ

ഒരു ക്രിസ്ത്യാനിയായി ജീവിക്കാൻ ഏറ്റവും കൂടുതൽ ഭയക്കേണ്ട ഇടമാണ് നൈജീരിയ. നൈജീരിയയിൽ ജനസംഖ്യയിൽ ഏകദേശം 50 ശതമാനം ക്രിസ്ത്യാനികളാണെങ്കിലും 100 ദശലക്ഷത്തോളം ക്രിസ്ത്യാനികൾ പീഡനത്തിന്റെയും തട്ടിക്കൊണ്ടുപോകലിന്റെയും വധശിക്ഷയുടെയും നിരന്തരമായ ഭീഷണിയിലാണ് ജീവിക്കുന്നത്. തീവ്രവാദ ​ഗ്രൂപ്പുകളുടെയും സർക്കാർ സംവിധാനങ്ങളുടെയും പീഡനങ്ങൾ നൈജീരിയയിലെ ക്രിസ്ത്യൻ വിഭാ​ഗത്തെ അടിച്ചമർത്തുന്നു.

രാജ്യത്ത് മതപരമായ വിവേചനമില്ലെന്ന് സർക്കാർ പറയുമ്പോഴും ബോക്കോ ഹറാം, ഐസിസ്, ഫുലാനി തുടങ്ങിയ തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ ക്രിസ്ത്യൻ ജനസംഖ്യയെ വേട്ടയാടുകയാണ്. ക്രിസ്ത്യൻ പീഡനങ്ങളോടുള്ള സർക്കാരിന്റെ നിഷ്‌ക്രിയത്വം രാജ്യത്തെ ക്രിസ്ത്യാനികളുടെ വംശഹത്യയെ സഹായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തുല്യമാണെന്ന് ഐസിസി പ്രസിഡന്റ് ജെഫ് കിംഗ് റിപ്പോർട്ടിൽ പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ഇടപെട്ടില്ലെങ്കിൽ അക്രമം കൂടുതൽ വഷളാകും. എന്നിരുന്നാലും നൈജീരിയയിലെ ക്രിസ്ത്യൻ സമൂഹം പ്രാദേശിക സ്ഥലങ്ങളിൽ വളരുന്നതായി റിപ്പോർട്ട് പറയുന്നു.

സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് ഇൻ അപ്പോസ്‌തോലേറ്റിന്റെ പഠനമനുസരിച്ച് നൈജീരിയയിലെ തൊണ്ണൂറ്റി നാല് ശതമാനം കത്തോലിക്കരും ആഴ്ചതോറും കുർബാനയിൽ പങ്കെടുക്കുമെന്ന് പറയുന്നു. രക്തസാക്ഷികളുടെ രക്തം ക്രിസ്തുമതത്തിന്റെ വിത്താണെന്ന് നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിലെ മകുർദി രൂപതയുടെ ബിഷപ്പ് വിൽഫ്രഡ് അനഗ്ബെ നേരത്തെ പറഞ്ഞിരുന്നു.

ഉത്തര കൊറിയ, ഇന്ത്യ, പാകിസ്ഥാൻ, എറിത്രിയ, അൾജീരിയ, ഇന്തോനേഷ്യ, അസർബൈജാൻ എന്നിവിടങ്ങളിലും പീഡനങ്ങൾ സഹിക്കുന്ന ക്രിസ്ത്യാനികളുടെ ദുരവസ്ഥയും ഐസിസി എടുത്തുപറഞ്ഞു.

കൂടുതൽ വായനയ്ക്ക്

ലോകത്തിൽ കത്തോലിക്കരുടെ എണ്ണത്തിൽ വൻ വർധനവ്; റിപ്പോർട്ട് പുറത്തുവിട്ട് വത്തിക്കാൻ ഏജൻസി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26