നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപെട്ടു: വി.ഡി സതീശന്‍

നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപെട്ടു: വി.ഡി സതീശന്‍

തിരുവനന്തപുരം: നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദേഹം ഉയര്‍ത്തിയത്. കര്‍ഷകരോട് സര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരമായ അവഗണനയെന്ന് പറഞ്ഞ അദേഹം സംസ്ഥാനം ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കുറ്റപ്പെടുത്തി.

ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് അംഗീകരിക്കുമ്പോഴും മുഖ്യമന്ത്രി അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് പണം കിട്ടിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോഴും മുന്‍പ് വാറ്റ് സമ്പദ്രായം നടപ്പാക്കിയപ്പോഴും സംസ്ഥാനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്കാണ് നഷ്ടപരിഹാരം കേന്ദ്രം നല്‍കിയത്.

ജി.എസ്.ടി നഷ്ടപരിഹാരം ഏറ്റവും കൂടുതല്‍ കിട്ടിയ സംസ്ഥാനമാണ് കേരളമെന്നിരിക്കെ ജനങ്ങളെ സര്‍ക്കാര്‍ വിഡ്ഢികളാക്കരുതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. നികുതി പിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ലെന്ന് അദേഹം കുറ്റപ്പെടുത്തി.ജി.എസ്.ടി നികുതി പിരിക്കേണ്ട ഉദ്യോഗസ്ഥരെ കൊണ്ട് പണപ്പിരിവ് നടത്തി തിരെഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന ആദ്യ സര്‍ക്കാരാണ് ഇതെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

എന്നാല്‍ തെറ്റായ നയത്തിന്റെ രക്തസാക്ഷിയാണ് ആത്മഹത്യ ചെയ്ത കര്‍ഷകനെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ പിഴിയുകയാണ്. അതിന്റെ ദുരന്തമാണ് ഇന്ന് എല്ലാ മേഖലയിലും ഉണ്ടാവുന്ന അഴിമതിയും ധൂര്‍ത്തും. കൂടാതെ സര്‍ക്കാര്‍ കര്‍ഷകര്‍ ഉള്‍പ്പെടെ ഉള്ളവരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്. തൊഴിലുറപ്പ് തൊഴിലാളികളെയും സര്‍ക്കാര്‍ ജീവനക്കാരെയും നിര്‍ബന്ധിച്ച് നവകേരള സദസില്‍ എത്തിക്കാന്‍ ശ്രമിക്കുന്നു. കേന്ദ്രം ഒന്നും തന്നില്ലെന്ന് വിലപിക്കുന്ന സംസ്ഥാന മുഖ്യമന്ത്രി കഴിഞ്ഞ ഏഴ് വര്‍ഷമായി കേന്ദ്രത്തിനെതിരെ ഒരക്ഷരം പോലും മിണ്ടിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ കര്‍ഷക ദ്രോഹ സര്‍ക്കാരാണെന്നായിരുന്നു കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.