'നാടുവാഴിത്വത്തെ വാഴ്ത്തുന്നു': വിമര്‍ശനം ഉയര്‍ന്നതോടെ ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷിക പരിപാടിയുടെ നോട്ടീസ് പിന്‍വലിച്ചു

'നാടുവാഴിത്വത്തെ വാഴ്ത്തുന്നു': വിമര്‍ശനം ഉയര്‍ന്നതോടെ ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷിക പരിപാടിയുടെ നോട്ടീസ് പിന്‍വലിച്ചു

തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തയ്യാറാക്കിയ നോട്ടീസ് പിന്‍വലിച്ചു. നോട്ടീസിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്നാണ് പിന്‍വലിക്കാന്‍ ദേവസ്വം പ്രസിഡന്റ് നിര്‍ദേശം നല്‍കിയത്.

ഉള്ളടക്കത്തിലുണ്ടായ പിഴവ് ദേവസ്വം സെക്രട്ടറി അന്വേഷിക്കും. നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്ര പ്രവേശന വിളംബരത്തിനായി നടന്ന പോരാട്ടത്തെ വിസ്മരിക്കുന്നുവെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. മനസില്‍ അടിഞ്ഞ ജാതി ചിന്ത പെട്ടെന്ന് പോവില്ലെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ വിമര്‍ശിച്ചു.

ദേവസ്വം ബോര്‍ഡ് തിങ്കളാഴ്ച സംഘടിപ്പിക്കുന്ന ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാം വാര്‍ഷിക പരിപാടിയുടെ നോട്ടീസിനെ ചൊല്ലിയാണ് വിവാദം. അടിമുടി രാജഭക്തി വെളിവാക്കുന്ന ബോര്‍ഡിന്റെ നോട്ടീസില്‍ പരിപാടിയിലെ അതിഥികളായ രാജകുടുംബാംഗങ്ങളെ വിശേഷിപ്പിക്കുന്നത് രാജ്ഞിമാര്‍ എന്നും തമ്പുരാട്ടിമാര്‍ എന്നുമാണ്.

ക്ഷേത്ര പ്രവേശനത്തിന് കാരണം രാജാവിന്റെ കരുണയാണെന്ന് വരെ തോന്നിപ്പിക്കുന്ന വിധമാണ് നോട്ടീസെന്നാണ് വിമര്‍ശനം. ഇടത് നേതാവുകൂടി പ്രസിഡണ്ടായ ബോര്‍ഡ് ഇത്തരമൊരു നോട്ടീസ് ഇറക്കരുതായിരുന്നുവെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനമുയര്‍ന്നു. ഒടുവില്‍ പരിപാടിയിലെ ഉദ്ഘാടകന്‍ കൂടിയായ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് നോട്ടീസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

പ്രയോഗങ്ങളില്‍ ചില പിഴവുണ്ടായെന്ന് നോട്ടീസ് തയ്യാറാക്കിയ ദേവസ്വം ബോര്‍ഡിന് കീഴിലെ സാംസ്‌ക്കാരിക പുരാവസ്തു ഡയറക്ടര്‍ ബി. മധുസൂദനന്‍ നായര്‍ സമ്മതിച്ചിരുന്നു. പക്ഷെ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ മാത്രം ഇറക്കിയതാണെന്നും ഡയറക്ടര്‍ വിശദീകരിച്ചിരുന്നു. നോട്ടീസിനെക്കുറിച്ച് പരിശോധിക്കാനാണ് ബോര്‍ഡ് തീരുമാനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.