കോഴിക്കോട്: കോണ്‍ഗ്രസിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയതിന് പിന്നാലെ പ്രശ്‌ന പരിഹാരം. റാലിയും പൊതുസമ്മേളനവും നടത്തുന്നതിന് കോഴിക്കോട് കടപ്പുറത്തു തന്നെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പുതിയ സ്ഥലം കണ്ടെത്തി.
ബീച്ച് ആശുപത്രിക്ക് എതിര്‍വശത്തുള്ള സ്ഥലത്ത് വേദിയൊരുക്കുമെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അറിയിച്ചു. ഇതിനായി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കും. അനുമതി തന്നാലും ഇല്ലെങ്കിലും പുതിയ സ്ഥലത്ത് നിശ്ചയിച്ച ദിവസം പരിപാടി നടത്തുമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് നവംബര്‍ 23 ന് കോണ്‍ഗ്രസ് നടത്താനിരുന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കാണ് ജില്ലാ ഭരണകൂടം നേരത്തെ അനുമതി നിഷേധിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിന്റെ പേരിലാണ് അനുമതി നല്‍കാത്തത് എന്നാണ് വിശദീകരണം. മുഖ്യമന്ത്രി ഉള്‍പ്പടെ മന്ത്രിമാര്‍ വരാനിരിക്കുന്ന ചടങ്ങ് ബീച്ചില്‍ നടക്കേണ്ടതാണെന്നും ഇത് സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്നും കാണിച്ചാണ് അനുമതി നിഷേധിച്ചത്.
റാലിക്ക് വേദി അനുവദിക്കാത്തതില്‍ വിശദീകരണവുമായി കോഴിക്കോട് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് രംഗത്തെത്തിയിരുന്നു. നവ കേരള സദസ് നിശ്ചയിച്ച വേദിയില്‍ റാലി നടത്തരുതെന്നാണ് പറഞ്ഞതെന്ന് അദേഹം പറഞ്ഞു.
പാലസ്തീന്‍ റാലിക്ക് പറഞ്ഞ സ്ഥലത്ത് അനുമതി നിഷേധിച്ചത് നവ കേരള സദസിന്റെ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ്. സ്റ്റേജ് ഒരുക്കാനും മറ്റും ആവശ്യമായ സ്ഥലത്ത് പരിപാടി നടത്തരുതെന്ന് മാത്രമാണ് പറഞ്ഞത്. ബീച്ചില്‍ മറ്റൊരിടത്ത് നടത്താന്‍ തടസമില്ലെന്നും കളക്ടര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.