സര്‍ക്കാരിനെതിരെ യുഡിഎഫ് വിചാരണ സദസ്: ഡിസംബര്‍ രണ്ടിന് തുടക്കമാവും

സര്‍ക്കാരിനെതിരെ യുഡിഎഫ് വിചാരണ സദസ്: ഡിസംബര്‍ രണ്ടിന് തുടക്കമാവും

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ യുഡിഎഫ് സംഘടിപ്പിക്കുന്ന വിചാരണ സദസിന് ഡിസംബര്‍ രണ്ടിന് തുടക്കമാവും. ഡിസംബര്‍ രണ്ടിന് ഉച്ചയ്ക്ക് മൂന്ന് മുതല്‍ ആറ് വരെ വിചാരണ സദസ് മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടം മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസില്‍ അവര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെയും ക്ഷേമപ്രവര്‍ത്തനങ്ങളുടെയും പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് വിചാരണ സദസ് സംഘടിപ്പിക്കുന്നത്. കൂടാതെ തകരുന്ന കേരളത്തിന്റെ നേര്‍ചിത്രം ജനസമക്ഷം അവതരിപ്പിക്കാനുമായി യുഡിഎഫിന്റെ നേതൃത്വത്തില്‍ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും നടത്താന്‍ പോകുന്ന വിചാരണ സദസുകള്‍ ഡിസംബര്‍ 22 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

മന്ത്രിമാരായ പി.എ മുഹമദ് റിയാസിന്റെ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, വി.ശിവന്‍ കുട്ടിയുടെ മണ്ഡലത്തില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും വി.അബ്ദുള്‍ റഹ്മാന്റെ മണ്ഡലത്തില്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ഉദ്ഘാടനം നിര്‍വഹിക്കും.

എം.ബി രാജേഷിന്റെ മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയും വി.എന്‍ വാസവന്റെ മണ്ഡലത്തില്‍ പി.ജെ ജോസഫും കെ. രാജന്റെ മണ്ഡലത്തില്‍ സി.പി ജോണും പി. പ്രസാദിന്റെ മണ്ഡലത്തില്‍ എം.എം ഹസനും പി.രാജീവിന്റെ മണ്ഡലത്തില്‍ കെ.മുരളീധരനും വീണാ ജോര്‍ജിന്റെ മണ്ഡലത്തില്‍ ഷിബു ബേബി ജോണും റോഷി അഗസ്റ്റിന്റെ മണ്ഡലത്തില്‍ അനൂപ് ജേക്കബും കെ.എന്‍ ബാലഗോപാലിന്റെ മണ്ഡലത്തില്‍ ജി.ദേവരാജനും സദസ് ഉദ്ഘാടനം ചെയ്യും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് 128 മണ്ഡലങ്ങളിലെ വിചാരണ സദസുകള്‍ യുഡിഎഫ് എംപിമാരും എംഎല്‍എമാരും പ്രമുഖ യുഡിഎഫ് നേതാക്കളും ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.