തമിഴ്‌നാട്ടില്‍ വീണ്ടും സര്‍ക്കാര്‍-ഗവര്‍ണര്‍ പോര്: പത്ത് ബില്ലുകള്‍ തിരിച്ചയച്ചു; പ്രത്യേക നിയമസഭ സമ്മേളനം മറ്റന്നാള്‍

 തമിഴ്‌നാട്ടില്‍ വീണ്ടും സര്‍ക്കാര്‍-ഗവര്‍ണര്‍ പോര്: പത്ത് ബില്ലുകള്‍ തിരിച്ചയച്ചു; പ്രത്യേക നിയമസഭ സമ്മേളനം മറ്റന്നാള്‍

ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് വീണ്ടും രൂക്ഷം. തമിഴ്നാട് നിയമസഭ പാസാക്കിയ പത്ത് ബില്ലുകള്‍ ഗവര്‍ണര്‍ ആര്‍.എന്‍ രവി ഒപ്പിടാതെ തിരിച്ചയച്ചു. ഇതേത്തുടര്‍ന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം മറ്റന്നാള്‍ കൂടും.

അതേസമയം തിരിച്ചയച്ച ബില്ലുകള്‍ പാസാക്കി വീണ്ടും ഗവര്‍ണര്‍ക്ക് അയക്കാനാണ് ഡിഎംകെ സര്‍ക്കാരിന്റെ തീരുമാനം. ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജി നവംബര്‍ 20 ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിവെച്ചിരിക്കുകയാണ്. അന്നേ ദിവസം അറ്റോര്‍ണി ജനറലോ, സോളിസിറ്റര്‍ ജനറലോ കോടതിയില്‍ ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കോടതി ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു. ഗവര്‍ണറുടെ നടപടി ഗൗരവകരമാണെന്ന് അഭിപ്രായപ്പെട്ട കോടതി, ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കാനും ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകാരത്തിനായി എത്തുമ്പോള്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ഭരണഘടന നിര്‍ദേശിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.