വാഷിംങ്ടണ്‍: അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ ക്യാപ്പിറ്റോളില്‍ ചില റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ നടത്തിയ അതിക്രമത്തിന്റെ പേരില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം ഇന്ന് ജനപ്രതിനിധിസഭയില്‍ അവതരിപ്പിക്കും. വോട്ടെടുപ്പ് എന്നുണ്ടാകുമെന്ന് വ്യക്തമല്ല.
എന്നാല്‍ ജോ ബൈഡന്‍ അധികാരമേറ്റടുത്ത് നൂറ് ദിവസങ്ങള്‍ക്കു ശേഷം മാത്രമേ ഇംപീച്ച്‌മെന്റ് സെനറ്റിന്റെ പരിഗണനക്ക് സമര്‍പ്പിക്കുകയുള്ളൂ എന്നാണ് സൂചന. അധികാര ദുര്‍വിനിയോഗത്തിന്റെ പേരില്‍ 2019 ഡിസംബറില്‍ ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. പിന്നീട് 2020 ഫെബ്രുവരിയില്‍ സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ജനപ്രതിനിധി സഭയില്‍ ഡമോക്രാറ്റുകള്‍ക്കാണു ഭൂരിപക്ഷമെങ്കിലും 100 അംഗ സെനറ്റില്‍ ഇരുകക്ഷികളും തുല്യനിലയിലാണ്. മൂന്നില്‍ രണ്ടു ഭൂരിപക്ഷം (66) ലഭിച്ചാലേ കുറ്റവിചാരണ വിജയിക്കൂ.
ക്യാപ്പിറ്റോള്‍ അതിക്രമത്തില്‍ ക്ഷുഭിതരായ ഒട്ടേറെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഇത്തവണ ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുമെന്നാണു ഡമോക്രാറ്റുകളുടെ കണക്കുകൂട്ടല്‍. നീക്കം രാഷ്ട്രീയപ്രേരിതമെന്നും ഇതു രാജ്യത്തെ കൂടുതല്‍ വിഭജിക്കുന്നതിലേക്കു നയിക്കുമെന്നും വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി. യുഎസ് പാര്‍ലമെന്റിന്റെ ഇരുസഭകളും ചേര്‍ന്ന് പ്രസിഡന്റിനെ വിചാരണ ചെയ്യുന്ന നടപടിയാണ് ഇംപീച്ച്‌മെന്റ്. മുന്‍പ് ഒരു യുഎസ് പ്രസിഡന്റും രണ്ടു വട്ടം ഈ നടപടിക്കു വിധേയമായിട്ടില്ല.കുറ്റവിചാരണ വിജയിച്ചാല്‍ മുന്‍ പ്രസിഡന്റുമാര്‍ക്കു കിട്ടുന്ന ആനുകൂല്യങ്ങളെല്ലാം ട്രംപിനു നഷ്ടമാകും. കൂടാതെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കാനും സെനറ്റിനു കഴിയും.
അതിനിടെ ക്യാപ്പിറ്റോള്‍ കലാപത്തിന് ശേഷം ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സംസാരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ മൈക്ക് പെന്‍സ് പങ്കെടുക്കുമെന്നും വ്യക്തമായിട്ടുണ്ട്. ഇതിനെ ബൈഡന്‍ സ്വാഗതം ചെയ്തു. ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ വിട്ടുനില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.