ചന്ദ്രയാന്‍ 3: വിക്ഷേപണ റോക്കറ്റിന്റെ ഭാഗങ്ങള്‍ സുരക്ഷിതമായി ഭൂമിയില്‍ പതിച്ചതായി ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍ 3: വിക്ഷേപണ റോക്കറ്റിന്റെ ഭാഗങ്ങള്‍ സുരക്ഷിതമായി ഭൂമിയില്‍ പതിച്ചതായി ഐഎസ്ആര്‍ഒ

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണ വാഹനമായ എല്‍വിഎം3 എം4 ന്റെ ഭാഗങ്ങള്‍ സുരക്ഷിതമായി വടക്കന്‍ പസഫിക് സമുദ്രത്തില്‍ പതിച്ചതായി ഐഎസ്ആര്‍ഒ. വിക്ഷേപണം കഴിഞ്ഞ് 124 ദിവസങ്ങള്‍ക്ക് ശേഷമാണിത്.

ഇന്നലെ ഉച്ചയ്ക്ക് 2.42 നാണ് നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ റോക്കറ്റിന്റെ ഭാഗം അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്. ഇന്ത്യയ്ക്ക് മുകളിലൂടെ കടന്നു പോയിട്ടില്ലെന്നും ഐഎസ്ആര്‍ഒ പറയുന്നു.

ഇന്റര്‍-ഏജന്‍സി സ്പേസ് ഡെബ്രിസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദേശം അനുസരിച്ച്് ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ 25 വര്‍ഷം മാത്രമെ വിക്ഷേപണ വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ ഉണ്ടാവാന്‍ പാടുള്ളൂ. ഈ നിയമം എല്‍വിഎം3 എം4 ന്റെ ക്രയോജനിക് അപ്പര്‍ സ്റ്റേജ് തിരിച്ചിറങ്ങിയതിലൂടെ പാലിക്കപ്പെട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു.


ഐക്യരാഷ്ട്ര സഭയും ഐഎഡിസിയും നിര്‍ദേശിച്ച ബഹിരാകാശ അവശിഷ്ട ലഘൂകരണ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് അപ്രതീക്ഷിതമായ സ്‌ഫോടനങ്ങള്‍ മൂലമുള്ള അപകട സാധ്യതകള്‍ കുറയ്ക്കുന്നതിന് ചന്ദ്രയാന്‍ 3 വിന്യസിച്ചതിന് ശേഷം എല്‍വിഎം3 എം4 അപ്പര്‍ സ്റ്റേജിലെ പ്രൊപ്പല്ലന്റും ഊര്‍ജ സ്രോതസുകളും നീക്കം ചെയ്യുന്നതിനുള്ള 'പാസിവേഷന്‍' പ്രക്രിയ നടത്തിയിരുന്നുവെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

ജൂലൈ 14 നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും ചന്ദ്രയാന്‍ 3 കുതിച്ചുയര്‍ന്നത്. ഓഗസ്റ്റ് 23 ന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി.

ചന്ദ്രോപരിതലത്തില്‍ സുരക്ഷിതവും മൃദുലവുമായ ലാന്‍ഡിങ് കൈവരിക്കുക, ചന്ദ്രനില്‍ റോവറിന്റെ ചലനശേഷി പ്രകടിപ്പിക്കുക, സ്ഥലത്തിനകത്ത് ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുക എന്നിവയായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം ചന്ദ്രയാന്‍ 3 വിജയകരമായി ഇറങ്ങിയതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.