'മണിപ്പൂരില്‍ പ്രത്യേക ഭരണം വേണം; ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സ്വയം ഭരണം നടപ്പാക്കും': സര്‍ക്കാരുകള്‍ക്ക് അന്ത്യശാസനവുമായി ഗോത്ര സംഘടന

'മണിപ്പൂരില്‍ പ്രത്യേക ഭരണം വേണം;  ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സ്വയം ഭരണം നടപ്പാക്കും': സര്‍ക്കാരുകള്‍ക്ക് അന്ത്യശാസനവുമായി ഗോത്ര സംഘടന

ഇംഫാല്‍: മണിപ്പൂരില്‍ പ്രത്യേക ഭരണം വേണമെന്ന അന്ത്യശാസനവുമായി കുക്കി-സോ ഗോത്രങ്ങളുടെ സംയുക്ത സംഘടനയായ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐടിഎല്‍എഫ്).

തങ്ങളുടെ ആവശ്യം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിരസിച്ചാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കുക്കി-സോ ജനവാസ മേഖലകളില്‍ 'പ്രത്യേക ഭരണം' സ്ഥാപിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി. ആറ് മാസത്തിലേറെയായി സംസ്ഥാനത്ത് വംശീയ സംഘര്‍ഷം ഉണ്ടായിട്ടും തങ്ങളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും ഫോറം ഭാരവാഹികള്‍ പറഞ്ഞു.

'ആദിവാസികളുടെ ശബ്ദം സര്‍ക്കാര്‍ കേള്‍ക്കുന്നില്ല. പ്രത്യേക ഭരണം വേണമെന്ന ഞങ്ങളുടെ ആവശ്യവുമായി ബന്ധപ്പെട്ട് ആറ് മാസത്തിലേറെയായി ഒന്നും ചെയ്തിട്ടില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ ഞങ്ങളുടെ ഈ ശബ്ദം കേട്ടില്ലെങ്കില്‍ ഞങ്ങള്‍ സ്വയം ഭരണം സ്ഥാപിക്കും. ഞങ്ങള്‍ മുന്നോട്ട് തന്നെ പോകും'- ഐടിഎല്‍എഫ് ജനറല്‍ സെക്രട്ടറി മൗണ്‍ ടോംബിങ് പറഞ്ഞു.

ഒരു സംസ്ഥാനത്തിലോ കേന്ദ്ര ഭരണ പ്രദേശത്തിലോ ഉള്ളതുപോലെ കുക്കി-സോ പ്രദേശങ്ങളിലെ എല്ലാ കാര്യങ്ങളും പരിശോധിക്കുന്ന ഒരു സ്വയം ഭരണം തങ്ങള്‍ സ്ഥാപിക്കുമെന്നും ടോംബിങ് കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ ഐടിഎല്‍എഫ് പ്രതിഷേധ റാലി നടത്തി. മണിപ്പൂര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയും ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധ റാലി.

ഈ വര്‍ഷം മെയ് മുതലാണ് സംസ്ഥാനത്ത് വംശീയ സംഘര്‍ഷം ആരംഭിച്ചത്. ഇതുവരെ 180 ലധികം പേര്‍ കൊല്ലപ്പെട്ടു. മെയ്തേയി വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കാനുള്ള നീക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.


സംരക്ഷിത വനമേഖലകളില്‍ താമസിക്കുന്ന ആദിവാസികളെ തുരത്താനുള്ള ശ്രമമാണിതെന്ന വാദമാണ് മറ്റ് വിഭാഗങ്ങള്‍ ഉന്നയിക്കുന്നത്. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനവും ഇംഫാല്‍ താഴ് വരയിലാണ് താമസിക്കുന്നത്. അതേസമയം നാഗകളും കുക്കികളും ഉള്‍പ്പെടുന്ന ഗോത്ര വര്‍ഗക്കാര്‍ 40 ശതമാനവും പ്രധാനമായും മലയോര ജില്ലകളിലാണ് അധിവസിക്കുന്നത്.

ഒമ്പത് മെയ്തേയി തീവ്രവാദ സംഘടനകളെ അഞ്ച് വര്‍ഷത്തേക്ക് ആഭ്യന്തര മന്ത്രാലയം വിലക്കിയിട്ടുണ്ട്. ഇവയെ യുഎപിഎയ്ക്ക് കീഴില്‍ 'നിയമ വിരുദ്ധ സംഘടനകള്‍' ആയി കണക്കാക്കിയായാണ് കേന്ദ്രത്തിന്റെ തീരുമാനം.

വിഘടനവാദ, അട്ടിമറി, തീവ്രവാദ, അക്രമ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാണ് നിരോധനം. ഈ സംഘടനകള്‍ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, അതിന്റെ രാഷ്ട്രീയ വിഭാഗമായ റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട്, യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്, അതിന്റെ സായുധ വിഭാഗമായ മണിപ്പൂര്‍ പീപ്പിള്‍സ് ആര്‍മി, പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി ഓഫ് കാംഗ്ലീപാക്, അതിന്റെ സായുധ വിഭാഗമായ 'റെഡ് ആര്‍മി', കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, കംഗ്ലേയ് യോള്‍ കന്‍ബ ലുപ് കോര്‍ഡിനേഷന്‍ കമ്മിറ്റി, അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ് യൂണിറ്റി കംഗ്ലീപാക്ക് എന്നീ സംഘടനകളെയാണ് നിരോധിച്ചത്.

'1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ടിന്റെ (1967 ലെ 37) സെക്ഷന്‍ 3 ന്റെ ഉപവകുപ്പ് (1) നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിച്ച് എട്ട് മെയ്തേയി തീവ്രവാദ സംഘടനകളെ നിരോധിച്ചതായി പ്രഖ്യാപിക്കുന്നു' എന്നാണ് ഇതുസംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.