'ഒന്ന് നടക്കാനിറങ്ങിയതാ'; ബഹിരാകാശ നടത്തത്തിനിടെ കൈവിട്ടുപോയ 'ടൂള്‍ ബോക്‌സ്' ഭൂമിയെ ചുറ്റുന്നു

'ഒന്ന് നടക്കാനിറങ്ങിയതാ'; ബഹിരാകാശ നടത്തത്തിനിടെ കൈവിട്ടുപോയ 'ടൂള്‍ ബോക്‌സ്' ഭൂമിയെ ചുറ്റുന്നു

കാലിഫോര്‍ണിയ: ബഹിരാകാശത്ത് ഒന്ന് നടക്കാനിറങ്ങിയതായിരുന്നു ജാസ്മിന്‍ മോഗ്‌ബെലിയും ലാറല്‍ ഓഹാരയും. അതിനിടെയാണ് കയ്യിലുണ്ടായിരുന്ന ടൂള്‍ ബോക്‌സ് അബദ്ധത്തില്‍ പിടിവിട്ടു പോകുന്നത്. ഇപ്പോഴിതാ കൃത്രിമ ഉപഗ്രഹങ്ങള്‍ക്കും ബഹിരാകാശ മാലിന്യങ്ങള്‍ക്കും ഒപ്പം ഈ 'ടൂള്‍ ബോക്സും' ഭൂമിയെ ഭ്രമണം ചെയ്തുകോണ്ടിരിക്കുകയാണ്.

നാസയുടെ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലുള്ള ജാസ്മിന്‍ മോഗ്‌ബെലി, ലോറല്‍ ഓഹാര എന്നീ വനിതാ ബഹിരാകാശ യാത്രികരുടെ കൈയില്‍ നിന്നാണ് ടൂള്‍ ബോക്‌സ് പിടിവിട്ടു പോയത്. ഒരു ലക്ഷം ഡോളര്‍ വിലയുള്ള ബോക്‌സാണിത്.

വനിതകള്‍ മാത്രമുള്ള ഒരു ബഹിരാകാശ നടത്തത്തിനിറങ്ങിയതായിരുന്നു അവര്‍ എന്ന് നാസ പറയുന്നു. ഇക്കഴിഞ്ഞ നവംബര്‍ രണ്ടിനായിരുന്നു സംഭവം. ആദ്യമായിട്ടായിരുന്നു ഇരുവരും ബഹിരാകാശ നടത്തത്തിനിറങ്ങിയത്. ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപ്പണിക്കായിട്ടാണ് ജാസ്മിനും ലോറലും പുറത്തിറങ്ങിയത്.

അന്ന് കൈവിട്ടുപോയ ഈ ടൂള്‍ ബോക്‌സ് ഇപ്പോള്‍ ബഹിരാകാശ നിലയത്തിന് കുറച്ച് മുകളിലായി ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. വെളുത്ത നിറത്തിലുള്ള, സഞ്ചി പോലെയുള്ള ടൂള്‍ ബോക്‌സ് നല്ല രീതിയില്‍ തിളങ്ങുന്നതിനാല്‍ ഭൂമിയില്‍ നിന്ന് ബൈനോക്കുലറുകളുടേയും ദൂരദര്‍ശിനികളുടെയും സഹായത്തോടെ കാണാനാവുമെന്ന് എര്‍ത്ത് സ്‌കൈ.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ബഹിരാകാശ നിലയത്തിനു പുറത്തുള്ള ക്യാമറകള്‍ ഉപയോഗിച്ചാണ് ടൂള്‍ ബോക്സ് കണ്ടെത്തിയത്. ബഹിരാകാശ നടത്തം തുടരാന്‍ ടൂള്‍ ബോക്‌സ് ഇല്ലെങ്കിലും കുഴപ്പമില്ല. അത് ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കാനുള്ള സാധ്യത കുറവാണെന്നും നിലയത്തിലുള്ളവര്‍ സുരക്ഷിതരാണെന്നും നാസ പറയുന്നു. ആര്‍ട്ടിമിസ് ദൗത്യത്തിലെ ചാന്ദ്ര ദൗത്യം ഉള്‍പ്പെടെ ഭാവിയിലെ മനുഷ്യ-റോബോട്ടിക് പര്യവേക്ഷണ ദൗത്യങ്ങളുടെ ഭാഗമായാണ് മോഗ്‌ബെലിയും ഓഹാരയും നിലയത്തിലെത്തിയത്.


ജാസ്മിന്‍ മോഗ്‌ബെലിയും ലാറല്‍ ഓഹാരയും

ഈ ബോക്‌സ് ഏതാനും മാസങ്ങള്‍ കൂടി ബഹിരാകാശത്ത് തുടരും, അതിനു ശേഷം ഇത് താഴേക്ക് പതിക്കാന്‍ ആരംഭിക്കും. 2024 മാര്‍ച്ച് ആകുമ്പോഴേക്കും ഇത് ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തും എന്നാണ് കരുതുന്നതെന്ന് എര്‍ത്ത്‌സ്‌കൈ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.