നേരിയ ആശ്വാസം: മൂന്ന് ദിവസത്തിന് ശേഷം ഡല്‍ഹിയിലെ വായു ഗുണ നിലവാരത്തില്‍ നേരിയ പുരോഗതി

നേരിയ ആശ്വാസം: മൂന്ന് ദിവസത്തിന് ശേഷം ഡല്‍ഹിയിലെ വായു ഗുണ നിലവാരത്തില്‍ നേരിയ പുരോഗതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുവിന്റെ ഗുണ നിലവാരത്തില്‍ നേരിയ പുരോഗതി. മൂന്ന് ദിവസത്തിന് ശേഷമാണ് ഗുണനിലവാരം ഗുരുതരാവസ്ഥയില്‍ നിന്ന് 'വളരെ മോശം' വിഭാഗത്തില്‍ താഴ്ന്നത്. സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് പ്രകാരം ശനിയാഴ്ച രാവിലെ ആറിന് രേഖപ്പെടുത്തിയ ശരാശരി AQI 398 ആണ്.

സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് (സിപിസിബി) രാവിലെ ആറിന് രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം ആര്‍കെ പുരത്ത് 396, ന്യൂ മോട്ടി ബാഗില്‍ 350, ഐജിഐ എയര്‍പോര്‍ട്ട് ഏരിയയില്‍ 465, നെഹ്റു നഗറില്‍ 416 എന്നിങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം രേഖപ്പെടുത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം നാലിന് രേഖപ്പെടുത്തിയ ഡല്‍ഹിയിലെ 24 മണിക്കൂര്‍ ശരാശരി AQI 405 ആയിരുന്നു. വ്യാഴാഴ്ച 419, ബുധനാഴ്ച 401, ചൊവ്വാഴ്ച 397, തിങ്കളാഴ്ച 358, ഞായറാഴ്ച 218 എന്നിങ്ങനെയാണ് കണക്കുകള്‍.

പൂജ്യത്തിനും 50 നും ഇടയിലുള്ള എക്യുഐ നല്ലത്, 51, 100 തൃപ്തികരം, 101-ഉം 200 മിതമായത്, 201-ഉം 300-ഉം 'കുഴപ്പമില്ലത്തത്, 301-ഉം 400-ഉം വളരെ മോശം, 401-ഉം 450-ഉം അതിനുമുകളിലും വരുന്നത് പ്ലസ് വിഭാഗം അഥവാ ഗുരുതര വിഭാഗം എന്നിങ്ങനെയാണ് എക്യുഐ.

അതേസമയം രാജ്യതലസ്ഥാനത്ത് താപനില കുറയാന്‍ തുടങ്ങിയിരിക്കുവാണ്. വെള്ളിയാഴ്ച 12 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഡല്‍ഹിയിലുണ്ടായ വായു മലിനീകരണത്തിന് കാരണം വാഹനത്തില്‍ നിന്നുള്ള പുറന്തള്ളല്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ഇത് മൊത്തം മലിനീകരണത്തിന്റെ 25 ശതമാനം വരുമെന്നും ഡല്‍ഹി സര്‍ക്കാരും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാണ്‍പൂരും നല്‍കിയ കണക്കുകള്‍ പറയുന്നു.

പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയുടെ നിര്‍ദേശ പ്രകാരം ഡല്‍ഹി സര്‍ക്കാര്‍ വ്യാഴാഴ്ച പ്രത്യേക ദൗത്യസേന രൂപീകരിച്ചു. നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക, നിരീക്ഷണ ശ്രമങ്ങള്‍ സുഗമമാക്കുക, വഷളായിക്കൊണ്ടിരിക്കുന്ന എക്യുഐയെ അഭിസംബോധന ചെയ്യുന്നതിനുള്ള റിപ്പോര്‍ട്ടുകള്‍ സമാഹരിക്കുക എന്നിവയാണ് ഈ ആറംഗ സംഘത്തിന്റെ ചുമതല.

ഡല്‍ഹിയില്‍ സ്ഥാപിച്ചിട്ടുള്ള പരീക്ഷണാത്മക സ്‌മോഗ് ടവറുകള്‍ക്ക് നഗരത്തിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി (ഡിപിസിസി) ദേശീയ ഹരിത ട്രൈബ്യൂണലിനെ (എന്‍ജിടി) അറിയിച്ചു. ഡല്‍ഹി സര്‍ക്കാര്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (ഗ്രാപ്പ്) സ്റ്റേജ് 4 നടപ്പിലാക്കിയെങ്കിലും ദീപാവലിക്ക് ശേഷം ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമായ അവസ്ഥയിലേക്ക് മാറിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ച തലസ്ഥാനത്ത് ഉണ്ടായ അന്തരീക്ഷ മലിനീകരണത്തിന്റെ 23 ശതമാനത്തിനും കാരണം വൈക്കോല്‍ കത്തിക്കലാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.