ലക്‌നൗ: ഹലാല്‍ ഉല്‍പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഉല്‍പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ അടിയന്തര പ്രാബല്യത്തോടെ നിരോധിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ ഹലാല്‍ സാക്ഷ്യപ്പെടുത്തിയ മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ ഉല്‍പാദനം, സംഭരണം, വിതരണം, വാങ്ങല്‍, വില്‍പന എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും എതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. അതേസമയം, കയറ്റുമതിക്കായി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ബാധകമാകില്ല.
ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഒരു സമാന്തര സംവിധാനമാണെന്നും ഇത് ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും ഉത്തരവില്‍ പറയുന്നു.
വ്യാജ ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വില്‍പ്പന വര്‍ധിപ്പിക്കാന്‍ ആളുകളുടെ മതവികാരം മുതലെടുത്തെന്നാരോപിച്ച് ഒരു കമ്പനിക്കും മറ്റ് ചില സംഘടനകള്‍ക്കുമെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ഹലാല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ, ജമിയത്ത് ഉലമ-ഇ-ഹിന്ദ് ഹലാല്‍ ട്രസ്റ്റ് ഡല്‍ഹി, ഹലാല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുംബൈ, ജമിയത്ത് ഉലമ മഹാരാഷ്ട്ര തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരെയാണ് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി വില്‍പ്പന വര്‍ധിപ്പിക്കാന്‍ മതവികാരം മുതലെടുത്തെന്നാരോപിച്ച് കേസെടുത്തത്.
ഈ കമ്പനികള്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കായി വിവിധ കമ്പനികള്‍ക്ക് വ്യാജ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി പരാതിയില്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് ഹലാല്‍ ട്രസ്റ്റ് പ്രസ്താവനയില്‍ പറഞ്ഞു. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.