സ്‌കൂളിലെ വെടിവെപ്പ്: പ്രതി തോക്ക് വാങ്ങിയത് സെപ്റ്റംബര്‍ 28ന്; അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്

സ്‌കൂളിലെ വെടിവെപ്പ്: പ്രതി തോക്ക് വാങ്ങിയത് സെപ്റ്റംബര്‍ 28ന്; അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്

തൃശൂര്‍: തൃശൂരില്‍ വിവേകോദയം സ്‌കൂളില്‍ വെടിവയ്പ് നടത്തിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന് മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

രണ്ട് ദിവസത്തിനകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് ശേഷം സര്‍ക്കാര്‍ തുടര്‍ നടപടകള്‍ സ്വീകരിക്കും. ഇന്ന് രാവിലെയാണ് പൂര്‍വ്വ വിദ്യാര്‍ഥിയായ മുളയം സ്വദേശി ജഗന്‍ തോക്കുമായെത്തി ക്ലാസ് റൂമില്‍ കയറി മൂന്ന് തവണ വെടിയുതിര്‍ത്തത്.

അതേസമയം തോക്ക് വാങ്ങിയ കട പൊലീസ് തിരിച്ചറിഞ്ഞു. സെപ്റ്റംബര്‍ 28നാണ് പ്രതി വെള്ളേപ്പങ്ങാടിയിലെ കടയില്‍ നിന്ന് തോക്ക് വാങ്ങിയത്. പലപ്പോഴായി പിതാവില്‍ നിന്ന് മറ്റാവശ്യങ്ങള്‍ പറഞ്ഞു കൈപ്പറ്റിയ പണമാണ് എയര്‍ഗണ്‍ വാങ്ങാനായി ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

1500 രൂപയാണ് തോക്കിന്റെ വില. 177 കാലിബറുള്ള എയര്‍ പിസ്റ്റളാണ് യുവാവ് കടയില്‍ നിന്ന് വാങ്ങിയത്. നിയമാനുസൃതമായി എല്ലാ നടപടിക്രമങ്ങളും പാലിച്ചായിരുന്നു യുവാവ് തോക്ക് വാങ്ങിയതെന്ന് കടയുടമ വ്യക്തമാക്കി. ഏഴ് മുതല്‍ എട്ട് മീറ്റര്‍ വരെ റേഞ്ച് ഉള്ള താരതമ്യേന ചെറിയ എയര്‍ഗണ്‍ ആണിത്. പെല്ലറ്റ് ഉപയോഗിക്കാതെയാണ് യുവാവ് സ്‌കൂളില്‍ വെടിയുതിര്‍ത്തതെന്നാണ് പൊലീസ് നിഗമനം.

അപ്രതീക്ഷിത സംഭവങ്ങളുടെ ഞെട്ടലിലാണ് ഇപ്പോഴും അധ്യാപകരും വിദ്യാര്‍ത്ഥികളും. യുവാവ് തോക്കുമായി ആദ്യം ഓടിക്കയറിയത് ഒരു ക്ലാസ് മുറിയിലേക്കായിരുന്നു. ഇവിടെ എത്തിയ ഇയാള്‍ ഉള്ളില്‍ നിന്നും വാതില്‍ പൂട്ടിയ ശേഷം ക്ലാസ് എടുക്കുകയായിരുന്ന അധ്യാപകയോട് ഒരു അധ്യാപകന്റെ വിവരങ്ങള്‍ ആരാഞ്ഞിരുന്നു.

നിനച്ചിരിക്കാതെ നടന്ന സംഭവങ്ങള്‍ ഞെട്ടലോടെയാണ് ഓര്‍ക്കുന്നതെന്ന് ദൃക്സാക്ഷിയായ അധ്യാപക പറയുന്നു. കുട്ടികളില്‍ പലരും ഇത് പ്രാങ്ക് ആണെന്നാണ് ആദ്യം കരുതിയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് മുകളിലേക്ക് യുവാവ് വെടിയുതിര്‍ത്തതെന്നും അധികം ശബ്ദം ഉണ്ടായിരുന്നില്ലെന്നും അധ്യാപിക വ്യക്തമാക്കി.

ഇന്ന് ഉച്ചയോടെയാണ് തൃശൂരിലെ വിവേകോദയം സ്‌കൂളില്‍ അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. പൂര്‍വ വിദ്യാര്‍ത്ഥിയായ യുവാവ് സ്‌കൂളില്‍ തോക്കുമായെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ക്ലാസ് റൂമില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ മൂന്ന് തവണ മുകളിലേക്ക് വെടിയുതിര്‍ത്തു. സംഭവത്തില്‍ പൂര്‍വ്വ വിദ്യാര്‍ഥിയായ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

തോക്കുമായെത്തിയ ഇയാള്‍ സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു യുവാവ്. പിന്നാലെ സ്ഥലത്തെത്തിയ തൃശൂര്‍ ഈസ്റ്റ് പൊലീസാണ് മുളയം സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.